ജൂൺ 14 ഞായർ
ഒന്നാം വായന
നിയമാവർത്തന പുസ്തകത്തിൽൽനിന്ന്
(ദൈവം നിങ്ങളെ സ്നേഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു)
മോശ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്ന് തന്റെ സ്വന്തം ജനമാകേണ്ടതിന് അവിടന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കർത്താവു നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാൾ നിങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങൾ മറ്റെല്ലാ ജനതകളെയുംകാൾ ചെറുതായിരുന്നു. കർത്താവു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കൻമാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്റെ ശക്തമായ കരത്താൽ നിങ്ങളെ പുറത്തുകൊണ്ടുവന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കൈയിൽനിന്ന് – അടിമത്തത്തിന്റെ ഭവനത്തിൽ നിന്ന് – നിങ്ങളെ രക്ഷിച്ചതും. അതിനാൽ, നിങ്ങൾ അറിഞ്ഞു കൊള്ളുക, നിങ്ങളുടെ ദൈവമായ കർത്താവാണു ദൈവം. തന്നെ സ്നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവനോട് ആയിരം തലമുറകൾവരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം. തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട് അവിടന്ന് പ്രതികാരം ചെയ്യും; അവരോടു നേരിട്ടു പ്രതികാരം ചെയ്യാൻ അവിടന്ന് വൈകുകയില്ല. ആകയാൽ, ഞാനിന്നു കല്പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവിൻ്റെ കാരുണ്യം അവിടത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും.
എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
കർത്താവിൻ്റെ കാരുണ്യം അവിടത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും
അവിടന്നു നിന്റെ അകൃത്യങ്ങൾ ക്ഷമിക്കുന്നു; നിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്നു. അവിടന്നു നിന്റെ ജീവൻ പാതാളത്തിൽനിന്നു രക്ഷിക്കുന്നു; അവിടന്നു സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു.
കർത്താവിൻ്റെ കാരുണ്യം അവിടത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും
കർത്താവ് പീഡിതരായ എല്ലാവർക്കും നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു. അവിടന്ന് തന്റെ വഴികൾ മോശയ്ക്കും പ്രവൃത്തികൾ ഇസ്രായേൽജനത്തിനും വെളിപ്പെടുത്തി.
കർത്താവിൻ്റെ കാരുണ്യം അവിടത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും
കർത്താവ് ആർദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയുമാണ്. നമ്മുടെ പാപങ്ങൾക്കൊത്ത് അവിടന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കൊത്ത് നമ്മോടു പകരംചെയ്യുന്നില്ല.
കർത്താവിൻ്റെ കാരുണ്യം അവിടത്തെ ഭക്തരുടെമേൽ എന്നേക്കുമുണ്ടായിരിക്കും
രണ്ടാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ദൈവം നമ്മെ ആദ്യം സ്നേഹിച്ചു)
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ആരും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്ത അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തൻ്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനും ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ, നാം പരസ്പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറി യുന്നു. പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു; ഞങ്ങൾ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു; അവൻ ദൈവത്തിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Mt. 11: 29ab) കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ ശാന്തശീലനും വിനീതഹ്യദയനുമത്രേ)
അക്കാലത്ത്, യേശു ഉദ്ഘോഷിച്ചു: സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാൻമാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. സർവവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ, അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല. അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരംകുറഞ്ഞതുമാണ്.




