Word of God

പെസഹകാലം നാലാം വാരം : വ്യാഴം വചനവായന

ഏപ്രിൽ 30 വ്യാഴം

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ദാവീദിന്റെ വംശത്തിൽനിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു)

അക്കാലത്ത്, പൗലോസും കൂടെയുള്ളവരും പാഫോസിൽ നിന്ന് കപ്പൽയാത്ര ചെയ്‌ത്‌ പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെവിട്ട് ജറുസലേമിലേക്കു മടങ്ങിപ്പോയി. എന്നാൽ, അവർ പെർഗാകടന്ന് പിസീദിയായിലെ അന്ത്യോക്യായിൽ വന്നെത്തി. സാബത്തുദിവസം അവർ സിനഗോഗിൽ പ്രവേശിച്ച് അവിടെ ഉപവിഷ്‌ടരായി. നിയമവും പ്രവചനങ്ങളും വായിച്ചുകഴിഞ്ഞപ്പോൾ സിനഗോഗിലെ അധികാരികൾ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നല്‌കാനുണ്ടെങ്കിൽ പറയാം.

അപ്പോൾ പൗലോസ് എഴുന്നേറ്റുനിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു: ഇസ്രായേൽ ജനമേ, ദൈവത്തെ ഭയപ്പെടുന്നവരേ, ശ്രദ്‌ധിക്കുവിൻ. ഈ ഇസ്രായേൽ ജനതയുടെ ദൈവം നമ്മുടെ പിതാക്കൻമാരെ തിരഞ്ഞെടുത്തു. ഈജിപ്തിൽ വസിച്ചിരുന്ന കാലത്ത് അവരെ അവിടന്ന് ഒരു വലിയ ജനമാക്കി. തന്റെ ശക്തമായ ഭുജംകൊണ്ട് അവിടെ നിന്ന് അവരെ കൊണ്ടുപോരുകയും ചെയ്‌തു. അവിടന്ന് നാല്‌പതു വർഷത്തോളം മരുഭൂമിയിൽ അവരോടു ക്ഷമാപൂർവം പെരുമാറി. കാനാൻ ദേശത്തുവച്ച് ഏഴു ജാതികളെ നശിപ്പിച്ചതിനുശേഷം അവരുടെ ഭൂമി നാനൂറ്റമ്പതു വർഷത്തോളം ഇസ്രായേല്ക്കാർക്ക് അവകാശമായിക്കൊടുത്തു. അതിനുശേഷം അവിടന്ന് പ്രവാചകനായ സാമുവലിന്റെ കാലംവരെ അവർക്ക് ന്യായാധിപൻമാരെ നല്‌കി. പിന്നീട് അവർ ഒരു രാജാവിനുവേണ്ടി അപേക്ഷിച്ചു. ബെഞ്ചമിൻ ഗോത്രത്തിൽപ്പെട്ട കിഷിന്റെ പുത്രൻ സാവൂളിനെ നാല്‌പതു വർഷത്തേക്ക് ദൈവം അവർക്കു നല്‌കി. അനന്തരം അവനെ നീക്കം ചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടന്ന് ഉയർത്തി. അവനെക്കുറിച്ച് അവിടന്ന് ഇപ്രകാരം സാക്‌ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്സെയുടെ പുത്രനായ ദാവീദിൽ എൻ്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു. അവൻ എന്റെ ഹിതം നിറവേറ്റും. വാഗ്ദാനം ചെയ്തിരുന്നതുപോലെ, ഇവൻെറ വംശത്തിൽ നിന്ന് ഇസ്രായേലിനു രക്‌ഷകനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാൻ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാന സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ഞാൻ ആരെന്നാണ് നിങ്ങളുടെ സങ്കൽപം? ഞാൻ അവനല്ല; എന്നാൽ ഇതാ, എനിക്കുശേഷം ഒരുവൻ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാൻ ഞാൻ യോഗ്യനല്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും. (അല്ലെങ്കിൽ അല്ലേലൂയാ!)

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും, എന്റെ അധരങ്ങൾ തലമുറകളോട് അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു. അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും

ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; വിശുദ്‌ധ തൈലംകൊണ്ട് ഞാൻ അവനെ അഭിഷേകം ചെയ്തു. എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‌കും.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും

എന്റെ വിശ്വസ്‌തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും; എന്റെ നാമത്തിൽ അവൻ ശിരസ്‌സുയർത്തിനില്ക്കും. അവൻ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും

അല്ലേലുയാ !

അല്ലേലൂയാ! (cf. വെളി 1:5be, 6a). യേശുവേ, അങ്ങ് വിശ്വ സ്തസാക്ഷിയും മൃതരിൽനിന്നുള്ള ആദ്യജാതനുമാണ്; അങ്ങു ഞങ്ങളെ സ്നേഹിക്കുകയം സ്വന്തം രക്തത്താൽ ഞങ്ങളുടെ പാപങ്ങളിൽനിന്ന് മോചിക്കുകയും ചെയ്തു‌. – അല്ലേലൂയാ
സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയാണു സ്വീകരിക്കുന്നത്)

അക്കാലത്ത്, യേശു ശിഷ്യന്മാരുടെ കാലുകഴുകിയശേഷം അവരോട് അരുൾചെയ്‌തു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഭ്യത്യൻ യജമാനനെക്കാൾ വലിയവനല്ല; അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാളും വലിയവനല്ല. ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗ്യഹീതർ. നിങ്ങൾ എല്ലാവരെയും കുറിച്ചല്ല ഞാനിതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്റെ അപ്പം ഭക്ഷിക്കുന്നവൻ എനിക്കെതിരേ കുതികാലുയർത്തി എന്ന തിരുവെഴുത്തു പൂർത്തിയാകേണ്ടിയിരിക്കുന്നു. അതു സംഭവിക്കുമ്പോൾ, ഞാൻ ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ് സംഭവിക്കുന്നതിനു മുമ്പുതന്നെ ഞാൻ നിങ്ങളോടു പറയുന്നത്. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.