Word of God

പെസഹകാലം ഏഴാം വാരം : വ്യാഴം വചനവായന

മെയ് 21 വ്യാഴം

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ജറുസലേമിൽ എന്നെക്കുറിച്ചു നി സാക്ഷ്യംനല്‌കിയതുപോലെതന്നെ റോമായിലും സാക്ഷ്യം നല്‌കേണ്ടിയിരിക്കുന്നു)

അക്കാലത്ത്, യഹൂദൻമാർ പൗലോസിൻ്റെമേൽ കുറ്റാരോപണം നടത്തുന്നതിന്റെ യഥാർഥകാരണം കണ്ടുപിടിക്കാൻ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപൻ അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിതപ്രമുഖൻമാരും ആലോചന സംഘം മുഴുവനും സമ്മേളിക്കാൻ അവൻ കല്‌പിച്ചു. പിന്നീട് പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പിൽ നിർത്തി.

സംഘത്തിൽ ഒരു വിഭാഗം സദുക്കായരും മറ്റുള്ളവർ ഫരിസേയരുമാണെന്നു മനസ്‌സിലാക്കിയ പൗലോസ്, ഇങ്ങനെ വിളിച്ചുപറഞ്ഞു: സഹോദരൻമാരേ, ഞാൻ ഒരു ഫരിസേയനും, ഫരിസേയപുത്രനുമാണ്. മരിച്ചവരുടെ ഉത്ഥാനത്തിലുള്ള പ്രത്യാശ സംബന്‌ധിച്ചാണ് ഞാൻ വിചാരണചെയ്യപ്പെടുന്നത്. അവൻ ഇതുപറഞ്ഞപ്പോൾ, ഫരിസേയരും സദുക്കായരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുകയും അവിടെ കൂടിയിരുന്നവർ രണ്ടുപക്ഷമായി തിരിയുകയും ചെയ്തു‌. കാരണം, ഉത്ഥാനമോ ദൈവദൂതനോ ആത്‌മാവോ ഇല്ല എന്നാണു സദുക്കായർ പറയുന്നത്. ഫരിസേയരാകട്ടെ, ഇവയെല്ലാം ഉണ്ടെന്നും പറയുന്നു.അവിടെ വലിയ ബഹളമുണ്ടായി. ഫരിസേയരിൽപ്പെട്ട ചില നിയമജ്‌ഞർ എഴുന്നേറ്റ് ഇങ്ങനെ വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ദൂതനോ, ഒരുപക്ഷേ, ഇവനോട് സംസാരിച്ചിരിക്കാം. തർക്കം മൂർച്ഛിച്ചപ്പോൾ പൗലോസിനെ അവർ വലിച്ചുകീറുമോ എന്നുപോലും സഹസ്രാധിപൻ ഭയപ്പെട്ടു. അതിനാൽ, അവരുടെ മുമ്പിൽ നിന്നു പൗലോസിനെ ബലമായി പിടിച്ച് പാളയത്തിലേക്കു കൊണ്ടു പോകാൻ അവൻ ഭടൻമാരോടു കല്‌പിച്ചു. അടുത്ത രാത്രി കർത്താവ് അവനു പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: ധൈര്യത്തോടെയിരിക്കുക. ജറുസലേമിൽ എന്നെക്കുറിച്ചു നീ സാക്ഷ്യം നല്കിയതുപോലെതന്നെ, റോമായിലും സാക്‌ഷ്യംനല്‌കേണ്ടിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു (അല്ലെങ്കിൽ: അല്ലേലൂയാ!)

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു. അവിടന്നാണ് എൻറെ കർത്താവ്; കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എൻറ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു

എനിക്ക് ഉപദേശം നല്‌കുന്ന കർത്താവിനെ ഞാൻ വാഴ് ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു. കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അവിടന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.

അതിനാൽ, എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു. എൻെറ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു. അവിടന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു

അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 17 : 21). കർത്താവ് അരുൾചെയ്യുന്നു: പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ, അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവർ പൂർണമായും ഒന്നാകേണ്ടതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു)

അക്കാലത്ത്, യേശു സ്വർഗത്തിലേക്ക് കണ്ണുകളുയർത്തിക്കൊണ്ട് പ്രാർഥിച്ചു: പിതാവേ, അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണു ഞാൻ പ്രാർഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ, അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു. നാം ഒന്നായിരിക്കുന്നതു പോലെ, അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്ത്വം അവർക്കു ഞാൻ നല്‌കിയിരിക്കുന്നു. അവർ പൂർണമായും ഒന്നാകേണ്ടതിന് ഞാൻ അവരിലും അവിടന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചു വെന്നും ലോകം അറിയട്ടെ.

പിതാവേ, ലോകസംസ്‌ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്കു മഹത്ത്വം നല്കി. അങ്ങ് എനിക്കു നല്കിയവരും അതു കാണാൻ ഞാൻ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്ന് ഞാൻആഗ്രഹിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ, ഞാൻ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങയുടെ നാമം അവരെ ഞാൻ അറിയിച്ചു. അവിടന്ന് എനിക്കു നല്‌കിയ സ്നേഹം അവരിൽ ഉണ്ടാകേണ്ടതിനും ഞാൻ അവരിൽ ആയിരിക്കേണ്ടതിനുമായി ഞാൻ ഇനിയും അത് അറിയിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.