മെയ് 22 വെള്ളി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്ന് പൗലോസ് സമർഥിക്കുന്ന ഒരു യേശുവിനെക്കുറിച്ചു മാത്രമേ അവർക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളൂ)
അക്കാലത്ത്, അഗ്രിപ്പാരാജാവും ബർനിക്കെയും ഫേസ സിനെ അഭിവാദനം ചെയ്യാൻ കേസറിയായിൽ എത്തി. അവർ അവിടെ ഏറെ ദിവസങ്ങൾ താമസിച്ചു. ഫേസ്തൂസ് പൗലോസിന്റെ കാര്യം രാജാവിനെ ധരിപ്പിച്ചുകൊണ്ടു പറഞ്ഞു: ഫെലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്. ഞാൻ ജറുസലേമിലായിരുന്നപ്പോൾ പുരോഹിതപ്രമുഖൻമാരും യഹൂദപ്രമാണികളും അവനെതിരായി വിധി പ്രസ്താവിക്കാൻ അപേക്ഷിച്ചുകൊണ്ട് അവനെക്കുറിച്ചുള്ള വിവരങ്ങൾ എന്നെ ധരിപ്പിച്ചു. വാദിയെ മുഖാഭിമുഖം കണ്ട്, തന്റെമേൽ ആരോപിതമായ കുറ്റങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ പ്രതിക്ക് അവസരം നല്കാതെ, അവനെ ഏല്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ പതിവല്ല എന്നു ഞാൻ മറുപടി പറഞ്ഞു. അവർ ഇവിടെ ഒരുമിച്ചുകൂടിയപ്പോൾ, ഒട്ടും താമസംവരുത്താതെ അടുത്തദിവസം തന്നെ ഞാൻ ന്യായാസനത്തിലിരുന്ന് ആ മനുഷ്യനെ കൊണ്ടുവരാൻ കല്പിച്ചു. വാദികൾ കുറ്റാരോപണം ആരംഭിച്ചപ്പോൾ, സങ്കല്പിച്ചതരത്തിലുള്ള ഒരു തിന്മയും അവന്റെ മേൽ ചുമത്തിക്കണ്ടില്ല. എന്നാൽ, തങ്ങളുടെതന്നെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ചും മരിച്ചുപോയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നു പൗലോസ് സമർഥിക്കുന്ന ഒരു യേശുവിനെ ക്കുറിച്ചും മാത്രമേ അവർക്ക് അവനുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നുള്ളൂ. എന്തു തീരുമാനമെടുക്കണമെന്നു നിശ്ചയമില്ലാതെ വന്നപ്പോൾ, ജറുസലേമിലേക്കു പോകാനും അവിടെ വച്ച് ഇവയെപ്പറ്റി വിചാരണചെയ്യപ്പെടാനും സമ്മതമാണോ എന്നു ഞാൻ അവനോടു ചോദിച്ചു. എന്നാൽ, ചക്രവർത്തിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്കു സംരക്ഷണം നല്കണമെന്ന് പൗലോസ് അപേക്ഷിച്ചതിനാൽ, സീസറിന്റെ അടുത്തേക്ക് അയയ്ക്കുന്നതുവരെ അവനെ തടവിൽവയ്ക്കാൻ ഞാൻ ആജ്ഞാപിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവ് തൻ്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു. (അല്ലെങ്കിൽ: അല്ലേലൂയാ!)
എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക. എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.
കർത്താവ് തൻ്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു.
ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടന്നു കാണിക്കുന്ന കാരുണ്യം. കിഴക്കും പടിഞ്ഞാറും തമ്മിൽ ഉള്ളത്ര അകലത്തിൽ നമ്മുടെ പാപങ്ങൾ അവിടന്ന് നമ്മിൽനിന്ന് അകറ്റിനിർത്തി
കർത്താവു തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു.
കർത്താവ് തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടത്തെ രാജകീയ അധികാരത്തിൻ കീഴിലാണ്. കർത്താവിന്റെ വചനം ശ്രവിക്കുകയും അവിടത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ, അവിടത്തെ വാഴ്ത്തുവിൻ.
കർത്താവ് തൻ്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു.
അല്ലേലുയാ !
അല്ലേലൂയാ! (യോഹ 14 : 26). പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്റെ ആടുകളെ മേയിക്കുക; എൻ്റെ കുഞ്ഞാടുകളെ മേയിക്കുക)
അക്കാലത്ത്, പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമയോൻ പത്രോസിനോടു ചോദിച്ചു: യോഹന്നാൻെറ പുത്രനായ ശിമയോനേ, നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേശു അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക. രണ്ടാം പ്രാവശ്യവും അവൻ ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? അവൻ പറഞ്ഞു: ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. അവൻ പറഞ്ഞു: എൻ്റെ കുഞ്ഞാടുകളെ മേയിക്കുക. അവൻ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാൻ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും, നീ എന്നെ സ്നേഹിക്കുന്നുവോ എന്ന് അവൻ ചോദിച്ചതുകൊണ്ട് പത്രോസ് ദുഃഖിതനായി. അവൻ പറഞ്ഞു: കർത്താവേ, നീ എല്ലാം അറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എൻ്റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിൻ്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും. ഇത് അവൻ പറഞ്ഞത്, ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിക്കാനാണ്. അതിനുശേഷം യേശു അവനോട്, എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.




