മെയ് 20 ബുധൻ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(നിങ്ങളെ ഞാൻ കർത്താവിനും അവിടത്തെ കൃപയുടെ വചനത്തിനും ഭരമേല്പിക്കുന്നു)
അക്കാലത്ത്, പൗലോസ് എഫേസോസുസഭയിലെ പ്രമാണികളോടു പറഞ്ഞു: നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കർത്താവ് സ്വന്തം രക്തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്‌ധാത്‌മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങൾ. എന്റെ വേർപാടിനുശേഷം ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകർഷിച്ച് തങ്ങളുടെ പിന്നാലേ കൊണ്ടുപോകാൻവേണ്ടി സത്യം വളച്ചൊടിച്ചു പ്രസംഗിക്കുന്നവർ നിങ്ങളുടെയിടയിൽത്തന്നെ ഉണ്ടാകും. അതിനാൽ, നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുവിൻ. മൂന്നു വർഷം രാപകൽ കണ്ണുനീരോടുകൂടെ നിങ്ങളോരോരുത്തരെയും ഉപദേശിക്കുന്നതിൽനിന്നു ഞാൻ വിരമിച്ചിട്ടില്ല എന്ന് അനുസ്മരിക്കുവിൻ. നിങ്ങളെ ഞാൻ കർത്താവിനും അവിടത്തെ കൃപയുടെ വചനത്തിനും ഭരമേല്പിച്ചിരിക്കുന്നു . നിങ്ങൾക്ക് ഉത്കർഷം വരുത്തുന്നതിനും സകല വിശുദ്‌ധരുടെയുമിടയിൽ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും.ഞാൻ ആരുടെയും വെള്ളിയോ സ്വർണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. എന്റെയും എന്നോടുകൂടെയുണ്ടായിരുന്നവരുടെയും ആവശ്യങ്ങൾ നിർവഹിക്കാൻ എന്റെ ഈ കൈകൾ തന്നെയാണ് അദ്ധ്വാനിച്ചിട്ടുള്ളതെന്ന് നിങ്ങൾക്കറിയാം. ഇങ്ങനെ അധ്വാനിച്ചുകൊണ്ട് ബലഹീനരെ സഹായിക്കണമെന്നു കാണിക്കാൻ എല്ലാക്കാര്യങ്ങളിലും നിങ്ങൾക്കു ഞാൻ മാതൃക നല്കിയിട്ടുണ്ട്. സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണു ശ്രേയസ്‌കരം എന്നു പറഞ്ഞ കർത്താവായ യേശുവിന്റെ വാക്കു കൾ നിങ്ങളെ ഞാൻ അനുസ്‌മരിപ്പിക്കുന്നു.
ഇതു പറഞ്ഞതിനുശേഷം അവൻ മുട്ടുകുത്തി മറ്റെല്ലാവരോടുംകൂടെ പ്രാർഥിച്ചു. അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനം ചെയ്‌ത് ഗാഢമായി ചുംബിച്ചു. ഇനിമേൽ അവർ അവന്റെ മുഖം ദർശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതൽ ദുഃഖിച്ചത്. അനന്തരം, അവർ കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്‌തുതികളാലപിക്കുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)
ദൈവമേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ! ഞങ്ങൾക്കു വേണ്ടി അദ്ഭുതങ്ങൾ ചെയ്‌ത ദൈവമേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ! ജറുസലേമിലെ അങ്ങയുടെ ആലയത്തി ലേക്ക് രാജാക്കൻമാർ അങ്ങേക്കുള്ള കാഴ്‌ചകൾ കൊണ്ടു വരുന്നു.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്‌തുതികളാലപിക്കുവിൻ
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്‌തുതികളാലപിക്കുവിൻ, കർത്താവിനു കീർത്തനം പാടുവിൻ. ആകാശങ്ങളിൽ, അനാദിയായ സ്വർഗങ്ങളിൽ സഞ്ചരിക്കുന്നവനു തന്നെ. അതാ, അവിടന്ന് തന്റെ ശബ്ദം, ശക്തമായ ശബ്ദം മുഴക്കുന്നു. ദൈവത്തിന്റെ ശക്‌തി ഏറ്റുപറയുവിൻ.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്‌തുതികളാലപിക്കുവിൻ
അവിടത്തെ മഹിമ ഇസ്രായേലിൻ്റെ മേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്. ഇസ്രായേലിൻെറ ദൈവമായ അവിടന്ന് തന്റെ വിശുദ്‌ധമന്ദിരത്തിൽ ഭീതിദനാണ്; അവിടന്ന് തൻറെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്‌തുതികളാലപിക്കുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! (cf. യോഹ 17 : 17). കർത്താവേ, അങ്ങയുടെ വചനമാണ് സത്യം; ഞങ്ങളെ അങ്ങ് സത്യത്താൽ വിശുദ്ധീകരി ക്കണമേ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നമ്മെപ്പോലെ അവരും ഒന്നായിരിക്കണമേ)
അക്കാലത്ത്, യേശു സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പ്രാർഥിച്ചു: പരിശുദ്‌ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടന്ന് എനിക്കു നല്കിയ അവിടത്തെ നാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ! ഞാൻ അവരോടുകൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്കു നല്കിയ അവിടത്തെ നാമത്തിൽ ഞാൻ അവരെ സംരക്‌ഷിച്ചു; ഞാൻ അവരെ കാത്തുസൂക്‌ഷിച്ചു. വിശുദ്‌ധലിഖിതം പൂർത്തിയാകാൻ വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, ഇപ്പോൾ ഇതാ, ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തിൽവച്ചു ഞാൻ സംസാരിക്കുന്നത് എന്റെ സന്തോഷം അതിന്റെ പൂർണതയിൽ അവർക്കുണ്ടാകേണ്ടതിനാണ്. അവിടത്തെ വചനം അവർക്കു ഞാൻ നല്കിയിരിക്കുന്നു. എന്നാൽ, ലോകം അവരെ ദ്വേഷിച്ചു. എന്തെന്നാൽ, ഞാൻ ലോകത്തിന്റെതല്ലാത്തതുപോലെ, അവരും ലോകത്തിന്റേതല്ല.ലോകത്തിൽനിന്ന് അവരെ അവിടന്ന് എടുക്കണം എന്നല്ല, ദുഷ്ടനിൽനിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാൻ പ്രാർഥിക്കുന്നത്. ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ, അവരും ലോകത്തിന്റേതല്ല. അവരെ അങ്ങ് അസത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടത്തെ വചനമാണ് സത്യം. അങ്ങ് എന്നെ ലോകത്തിലേക്കയച്ചതുപോലെ, ഞാനും അവരെ ലോകത്തിലേക്കയച്ചിരിക്കുന്നു. അവരും സത്യത്താൽ വിശുദ്‌ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നത്തന്നെ വിശുദ്ധീകരിക്കുന്നു.




