Kerala

കെ.ആർ.എൽ.സി.സി. രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കേരള റീജ്യണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ (കെ.ആർ.എൽ.സി.സി.) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. മെയ് 17 ഞായർ രാവിലെ 9.30-ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റും വൈസ്പ്രസിഡന്റും ചേർന്ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. രജതജൂബിലി ആഘോഷങ്ങൾ ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്‌തു.

ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം രൂപത ബിഷപ് ഡോ. പോൾ ആന്റെണി മുല്ലശ്ശേരി ആമുഖ സന്ദേശം നൽകി. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു. നെയ്യാറ്റിൻകര രൂപത ബിഷപ് സെൽവരാജ് ഡി “ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം” എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ചു.

തുടർന്ന്, ‘കെആർഎൽസിസിയുടെ 25 മഹിതവർഷങ്ങൾ: ഏകോപനം, പങ്കാളിത്തം, ശക്തീകരണം’ എന്ന വിഷയത്തിൽ കെആർഎൽസിസി മുൻ ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് അതിരൂപതാ പ്രതിനിധി ജോയി ടി.എഫ്. മോഡറേറ്ററായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. മാർട്ടിൻ പാട്രിക് ‘ലത്തിൻ കത്തോലിക്കർ: യാഥാർഥ്യങ്ങൾ, വെല്ലുവിളികൾ, ഭാവി പദ്ധതികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബിജു ജോസി മോഡറേറ്ററായിരുന്നു.

രാവിലെ 11 മണിക്ക് കോഴിക്കോട് അതിരൂപത മെത്രാപ്പോലിത്തയും കെആർഎൽസിസി പ്രസിഡന്റുമായ ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലിത്ത ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. വിവിധ രൂപതകളിൽ നിന്നുള്ള അഭിവന്ദ്യ പിതാക്കന്മാർ സഹകാർമികരായി.

ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന സമാപന പൊതുസമ്മേളനം ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണവും ആലപ്പുഴ രൂപത മെത്രാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രകാശന കർമ്മങ്ങളും നടന്നു. നവീകരിച്ച വിശ്വാസപരിശീലന പുസ്‌തകം, കെഎൽസിഎ (KLCA) ജൂബിലി പതിപ്പ്, ബിസിസി (BCC) പ്രതിമാസ ബുള്ളറ്റിൻ എന്നിവ സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്‌തു. കൂടാതെ, കെആർഎൽസിസി മീഡിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗും, കെസിവൈഎം (KCYM) നേതൃത്വം നൽകുന്ന രക്തദാതാക്കളുടെ ശൃംഖലയായ “BLESS” പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു.

രജതജൂബിലി ഉദ്‌ഘാടനത്തിന് 12 രൂപതകളിൽ നിന്നുമുള്ള പ്രതിനിധികളും വൈദീകരും സന്യസ്തരും പങ്കെടുത്തു. കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ശാക്തീകരണത്തിനും സഭാസമൂഹത്തിന്റെ നവീകരണത്തിനുമായി പ്രവർത്തിക്കുന്ന കെആർഎൽസിസിയുടെ ഈ രജതജൂബിലി ആഘോഷങ്ങൾ 2027 മെയ് 23 വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.