Word of God

പീഡാനുഭവ ഞായർ: കുരുത്തോലത്തിരുനാൾ വചനവായന

മാർച്ച് 29 ഞായർ

കുരുത്തോല പ്രദക്ഷിണം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ)

അക്കാലത്ത്, യേശുവും ശിഷ്യന്മാരും ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികേയുള്ള ബഥ്‌ഫഗെയിലെത്തി. അപ്പോൾ യേശു തന്റെ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദേശിച്ചയച്ചു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനേ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവൻ ഉടൻതന്നെ അവയെ വിട്ടുതരും. പ്രവാചകൻ വഴി പറയപ്പെട്ട വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്. സീയോൻ പുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു. ശിഷ്യൻമാർ പോയി യേശു കല്പിച്ചതുപോലെ ചെയ്തു. അവർ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവയുടെമേൽ വസ്ത്രങ്ങൾ വിരിച്ചു. അവൻ കയറി ഇരുന്നു. ജനക്കൂട്ടത്തിൽ വളരെപ്പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു; മറ്റു ചിലരാകട്ടെ, വൃക്ഷങ്ങളിൽനിന്നു ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി. യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളി ച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കർത്താവിന്റെ നാമ ത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന! അവൻ ജറുസലെമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകിവശായി, ആരാണിവൻ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.

കർത്താവിന്റെ സുവിശേഷം.

ദിവ്യബലി

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(എന്നെ തല്ലുന്നവരിൽനിന്ന് എൻ്റെ മുഖം ഞാൻ മറച്ചില്ല ഞാൻ ലജ്ജിതനാകില്ലെന്ന് എനിക്കറിയാം – കർത്തൃദാസൻ്റെ മൂന്നാം പാട്ട്)

പരിക്ഷീണന് ആശ്വാസം നല്‌കുന്ന വാക്ക് ദൈവമായ കർത്താവ് എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടന്ന് എന്റെ കാതുകൾ ശിഷ്യനെയെന്ന പോലെ ഉണർത്തുന്നു. ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ ഏതിർക്കുകയോ പിൻമാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശപറിച്ചവർക്കു കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. ദൈവമായ കർത്താവ് എന്നെ സഹായി ക്കുന്നതിനാൽ ഞാൻ പതറുകയില്ല. ഞാൻ എന്റെ മുഖം ശിലാ തുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എന്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു; അവർ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു തലയാട്ടുകയുംചെയ്യുന്നു:
അവൻ കർത്താവിൽ ആശ്രയിച്ചല്ലോ; അവിടന്ന് അവനെ രക്ഷിക്കട്ടെ;അവിടന്ന് അവനെ സ്വതന്ത്രനാക്കട്ടെ;

എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

നായ്ക്കൾ എൻ്റെ ചുറ്റുംകൂടിയിരിക്കുന്നു: അധർമികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു; അവർ എൻ്റെ കൈകാലുകൾ കുത്തിത്തുളച്ചു; എൻെറ അസ്‌ഥികൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി: അവർ എന്നെ തുറിച്ചുനോക്കുന്നു.

എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു. കർത്താവേ, അങ്ങ് അകന്നിരിക്കരുതേ! എനിക്കു തുണയായവനേ, എന്റെ സഹായത്തിനു വേഗം വരണമേ!

എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

ഞാൻ അവിടത്തെ നാമം എന്റെ സഹോദരരോടു പ്രഘോഷിക്കും, സഭാമധ്യത്തിൽ ഞാൻ അങ്ങയെ പുകഴ്ത്തും. കർത്താവിന്റെ ഭക്ത‌രേ, അവിടത്തെ സ്തുതിക്കുവിൻ; യാക്കോബിന്റെ സന്തതികളേ, അവിടത്തെ മഹത്ത്വപ്പെടുത്തുവിൻ.

എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(തന്നെത്തന്നെ ശൂന്യനാക്കി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി)

ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും കർത്താവായ യേശു ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദ്യശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതെ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്‌കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്‌തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ വചനം.

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി ക്രിസ്തു മരണംവരെ കുരിശുമരണം വരെ അതെ അനുസരണമുള്ളവനായി തന്നത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്‌കുകയും ചെയ്തു. കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി.

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നമ്മുടെ കർത്താവായ യേശുക്രിസ്തു‌വിന്റെ പീഡാനുഭവം)

അക്കാലത്ത്, പന്ത്രണ്ടുപേരിൽ ഒരുവനായ യുദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതൻമാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാൻ അവനെ നിങ്ങൾക്ക് ഏല്‌പിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും? അവർ അവന് മുപ്പതുവെള്ളിനാണയങ്ങൾ വാഗ്ദാനംചെയ്‌തു. അപ്പോൾമുതൽ അവൻ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാംദിവസം ശിഷ്യൻമാർ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: നിങ്ങൾ പട്ടണത്തിൽ പോയി ഇന്നയാളുടെ അടുത്തു ചെന്ന് പറയുക: ഗുരു പറയുന്നു, എന്റെ സമയം സമാഗതമായി; ഞാൻ എന്റെ ശിഷ്യൻമാരോടുകൂടെ നിന്റെ വീട്ടിൽ പെസഹാ ആചരിക്കും. യേശു നിർദേശിച്ചതുപോലെ ശിഷ്യൻമാർ പെസഹാ ഒരുക്കി. വൈകുന്നേരമായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യൻമാരോടൊത്ത് ഭക്ഷണത്തിനിരുന്നു. ഭക്ഷിച്ചുകൊണ്ടിരിക്കേ, അവൻ പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവർ അതീവ ദുഃഖിതരായി; ‘കർത്താവേ, അതു ഞാനല്ലല്ലോ’ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാൻ തുടങ്ങി, അവൻ പ്രതി വചിച്ചു: എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ എന്നെ ഒറ്റിക്കൊടുക്കും. മനുഷ്യപുത്രൻ, എഴുതപ്പെട്ടിരിക്കുന്നതുപോലെ പോകുന്നു. എന്നാൽ, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ, അവനു ദുരിതം! ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു! അവനെ ഒറ്റിക്കൊടുക്കാനിരുന്ന യുദാസ് അവനോടു ചോദിച്ചു: ഗുരോ, അതു ഞാനോ? അവൻ പറഞ്ഞു: നീ പറഞ്ഞുകഴിഞ്ഞു.

അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യൻമാർക്കു കൊടുത്തുകൊണ്ട് അരുൾ ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത്‌ എൻ്റെ ശരീരമാണ്. അനന്തരം, പാനപാത്രമെടുത്ത് കൃതജ്‌ഞതാസ്തോത്രം ചെയ്‌ത് അവർക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽ നിന്നു പാനം ചെയ്യുവിൻ. ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എൻ്റെ രക്തമാണ്. ഞാൻ നിങ്ങളോടു പറയുന്നു. എൻ്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് നവമായി ഇതു പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഈ ഫലത്തിൽനിന്നു ഞാൻ വീണ്ടും കൂടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി.

യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങളെല്ലാവരും എന്നിൽ ഇടറും. ‘ഞാൻ ഇടയനെ അടിക്കും; ആടുകൾ ചിതറിപ്പോകും’ എന്നെഴുതപ്പെട്ടിരിക്കുന്നു. എന്നാൽ, ഞാൻ ഉയിർപ്പിക്കപ്പെട്ടശേഷം നിങ്ങൾക്കുമുമ്പേ ഗലീലിയിലേക്കുപോകും. അപ്പോൾ പത്രോസ് അവനോടു പറഞ്ഞു: എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറുകയില്ല. യേശു പറഞ്ഞു: സത്യമായി ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുന്നതിനു മുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും. പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാൽപ്പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാശിഷ്യൻമാരും പറഞ്ഞു.

അനന്തരം യേശു അവരോടൊത്ത് ഗെത് സെമനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യൻമാരോടു പറഞ്ഞു : ഞാൻ പോയ് പ്രാർഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക. അവൻ പത്രോസിനെയും സെബദിയുടെ ഇരുപുത്രൻമാരെയും കൂടെക്കൊണ്ടു പോയി, ദുഃഖിക്കാനും അസ്വസ്ഥ‌നാകാനും തുടങ്ങി. അവൻ അവരോടു പറഞ്ഞു: തീവ്രദുഃഖത്താൽ ഞാൻ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങൾ എന്നോടൊത്ത് ഉണർന്നിരിക്കുക. അവൻ അല്പദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നുവീണു പ്രാർഥിച്ചു: എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നുപോകട്ടെ. എങ്കിലും എൻ്റെ ഹിതംപോലെയല്ല, അവിടത്തെ ഹിതംപോലെയാകട്ടെ. അനന്തരം, അവൻ ശിഷ്യൻമാരുടെ അടുത്തേക്കുവന്നു. അപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ; ആത്മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്. രണ്ടാം പ്രാവശ്യവും അവൻ പോയി പ്രാർഥിച്ചു: എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ! അവൻ വീണ്ടും വന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകൾ നിദ്രാഭാരമുള്ളവയായിരുന്നു. അവൻ അവരെവിട്ട് മുന്നാം പ്രാവശ്യവും പോയി അതേ പ്രാർഥന ആവർത്തിച്ചു. പിന്നെ അവൻ ശിഷ്യൻമാരുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുന്നുവോ? ഇതാ, സമയം അടുത്തിരിക്കുന്നു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്ക്പ്പെടുന്നു. എഴുന്നേല്ക്കുവിൻ, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു.

അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു പേരിൽ ഒരുവനായ യുദാസ് അവിടെയെത്തി. അവനോടുകൂടെ പ്രധാനപുരോഹിതൻമാരുടെയും ജനപ്രമാണികളുടെയും അടുക്കൽനിന്ന് വാളും വടികളുമായി ഒരു ജനക്കൂട്ടവും വന്നിരുന്നു.ഒറ്റുകാരൻ അവർക്ക് ഈ അടയാളം നല്‌കിയിരുന്നു. ഞാൻ ആരെ ചുംബിക്കുന്നുവോ അവൻ തന്നെ, അവനെ പിടിച്ചുകൊള്ളുക, അവൻ പെട്ടെന്ന് യേശുവിന്റെ അടുത്തുചെന്ന്, ‘ഗുരോ , സ്വസ്‌തി’ എന്നു പറഞ്ഞ് അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു! സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോൾ അവർ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. യേശുവിനോടുകൂടെ ഉണ്ടായിരുന്നവരിൽ ഒരുവൻ കൈനീട്ടി, വാൾ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവൻ്റെ ചെവി ഛേദിച്ചു കളഞ്ഞു, യേശു അവനോടു പറഞ്ഞു. വാൾ ഉറയിലിടുക, വാളെടൂക്കുന്നവൻ വാളാൽ നശിക്കും. എനിക്ക് എൻ്റെ പിതാവിനോട് അപേക്ഷിക്കാൻ കഴിയുകയില്ലെന്നും ഉടൻതന്നെ അവിടന്ന് എനിക്കു തന്റെ ദൂതൻമാരുടെ പന്ത്രണ്ടിലേറെ വ്യൂഹങ്ങളെ അയച്ചുതരുകയില്ലെന്നും നീ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ, ഇപ്രകാരം സംഭവിക്കണമെന്ന വിശുദ്ധലിഖിതം എങ്ങനെ നിറവേറും! യേശു ജനക്കൂട്ടത്തോടു പറഞ്ഞു: കവർച്ചക്കാരനെതിരേ എന്നപോലെ വാളുകളും വടികളുമായി നിങ്ങൾ എന്നെ ബന്‌ധിക്കാൻ വന്നിരിക്കുന്നുവോ? ഞാൻ ദിവസവും ദേവാലയത്തിലിരുന്ന് നിങ്ങളെ പഠിപ്പിച്ചിരുന്നു. നിങ്ങൾ എന്നെ പിടിച്ചില്ല. പ്രവാചകൻമാരുടെ ലിഖിതങ്ങൾ പൂർത്തിയാകാൻ വേണ്ടിയാണ് ഇതൊക്കെയും സംഭവിച്ചത്. അപ്പോൾ ശിഷ്യൻമാരെല്ലാവരും അവനെവിട്ട് ഓടിപ്പോയി.

യേശുവിനെ പിടിച്ചു ബന്‌ധിച്ചവർ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അടുത്തേക്ക് അവനെ കൊണ്ടുപോയി. അവിടെ നിയമജ്‌ഞരും ശ്രേഷ്‌ഠൻമാരും സമ്മേളിച്ചിരുന്നു. പ്രധാനപുരോഹിതന്റെ മുറ്റംവരെ പത്രോസ് അവനെ അല്പം ദൂരെയായി അനുഗമിച്ചു. അനന്തരം, അവൻ അകത്തുകടന്ന് അവസാനം എന്തെന്നുകാണാൻ പരിചാരകൻമാരോടുകൂടെ ഇരുന്നു. പ്രധാനപുരോഹിതൻമാരും ന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേല്‌പിച്ചുകൊടുക്കേണ്ടതിന്അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു. പല കള്ളസാക്‌ഷികളും വന്നെങ്കിലും അവർക്കു സാക്‌ഷ്യമൊന്നും കിട്ടിയില്ല. അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്, ഇപ്രകാരം പറഞ്ഞു: ഈ ദേവാലയം നശിപ്പിക്കാനും മൂന്നുദിവസംകൊണ്ടു നിർമിക്കാനും എനിക്കു സാധിക്കും എന്ന് ഇവൻ പറഞ്ഞിട്ടുണ്ട്. പ്രധാന പുരോഹിതൻ എഴുന്നേറ്റുനിന്ന് അവനോടു ചോദിച്ചു: നിനക്കു മറുപടിയില്ലേ? ഇവർ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നതെന്ത്? യേശുവാകട്ടെ, നിശ്‌ശബ്‌ദനായിരുന്നു. അപ്പോൾ പ്രധാനപുരോഹിതൻ അവനോടു പറഞ്ഞു: ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ആണയിട്ടു ഞാൻ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്നു ഞങ്ങളോടു പറയുക. യേശു അവനോടു പറഞ്ഞു: നീ പറഞ്ഞുവല്ലോ; എന്നാൽ, ഞാൻ നിന്നോടു പറയുന്നു, ഇപ്പോൾ മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും വാനമേഘ ങ്ങളിൽ വരുന്നതും നിങ്ങൾ കാണും. അപ്പോൾ പ്രധാനപുരോഹിതൻ മേലങ്കി കീറിക്കൊണ്ടു പറഞ്ഞു: ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്‌ഷികളെക്കൊണ്ടു നമുക്കെന്താവശ്യം? ഇതാ, ദൈവദൂഷണം നിങ്ങൾ ഇപ്പോൾ കേട്ടുവല്ലോ! നിങ്ങൾക്കെന്തുതോന്നുന്നു? അവർ പ്രതിവചിച്ചു: അവൻ മരണത്തിനർഹനാണ്. അനന്തരം, അവർ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു‌. ‘ക്രിസ്‌തുവേ, നിന്നെ അടിച്ചതാരെന്നു ഞങ്ങളോടു പ്രവചിക്കുക’ എന്നു പറഞ്ഞു കൊണ്ട് മറ്റു ചിലർ അവന്റെ കരണത്തടിച്ചു.

പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, ‘നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ’ എന്നു പറഞ്ഞു. “നീ പറയുന്നതെന്താണെന്നു ഞാൻ അറിയുന്നില്ല’ എന്ന് അവരുടെയെല്ലാം മുമ്പാകെ അവൻ നിഷേധിച്ചു പറഞ്ഞു. അവൻ കവാടത്തിലേക്കു പോയപ്പോൾ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവൾ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു. ‘ഞാൻ അവനെ അറിയുകയില്ല എന്ന് അവൻ വീണ്ടും ആണയിട്ടു നിഷേധിച്ചു. കുറെ കഴിഞ്ഞപ്പോൾ, അടുത്തുനിന്നിരുന്നവർ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരിൽ ഒരുവനാണ്; തീർച്ച; നിന്റെ സംസാരരീതിതന്നെ ഇതു തെളിയിക്കുന്നു. പത്രോസാകട്ടെ, ‘ഞാൻ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനേ കോഴി കൂകി. ‘കോഴി കൂകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും’ എന്ന് യേശു പറഞ്ഞവാക്കുകൾ അപ്പോൾ പത്രോസ് ഓർമിച്ചു. അവൻ പുറത്തുപോയി ഹ്യദയംനൊന്തു കരഞ്ഞു.

പ്രഭാതമായപ്പോൾ പ്രധാന പുരോഹിതൻമാരും ജനപ്രമാണികളും യേശുവിനെ വധിക്കേണ്ടതിന് അവനെതിരേ ആലോചന നടത്തി. അവർ അവനെ ബന്‌ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തോസിനെ ഏല്‌പിച്ചു.

അവനെ ഒറ്റിക്കൊടുത്ത യൂദാസ്, അവൻ ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ പശ്ചാത്തപിച്ച് ആ മുപ്പതു വെള്ളിനാണയങ്ങൾ പ്രധാനപുരോഹിതൻമാരെയും പ്രമാണിമാരെയും ഏല്പിച്ചു കൊണ്ടു പറഞ്ഞു: നിഷ്‌കളങ്കരക്തത്തെ ഒറ്റിക്കൊടുത്ത് ഞാൻ പാപം ചെയ്തിരിക്കുന്നു. അവർ അവനോടു പറഞ്ഞു: അതിനു ഞങ്ങൾക്കെന്ത്? അതു നിന്റെ കാര്യമാണ്. വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവൻ പോയി കെട്ടിഞാന്നു ചത്തു. പ്രധാനപുരോഹിതൻമാർ ആ വെള്ളിനാണയങ്ങൾ എടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാൽ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് അനുവദനീയമല്ല. അതുകൊണ്ട്, അവർ കൂടിയാലോചിച്ച്, ആ പണം കൊടുത്ത്, വിദേശീയരെ സംസ്‌കരിക്കാൻ വേണ്ടി കുശവൻ്റെ പറമ്പു വാങ്ങി. അത് ഇന്നും ‘രക്ത‌ത്തിന്റെ പറമ്പ്’ എന്ന് അറിയപ്പെടുന്നു. പ്രവാചകനായ ജറെമിയാവഴി അരുൾചെയ്യപ്പെട്ടത് അപ്പോൾ പൂർത്തിയായി: അവന്റെ വിലയായി ഇസ്രായേൽമക്കൾ നിശ്ചചയിച്ച മുപ്പതുവെള്ളിനാണയങ്ങളെടുത്ത്, കർത്താവ് എന്നോടു കല്‌പിച്ചതുപോലെ അവർ കുശവൻ പറമ്പിനായി കൊടുത്തു.

(യേശു ദേശാധിപതിയുടെ മുമ്പിൽ നിന്നു. ദേശാധിപതി ചോദിച്ചു: നീ യഹൂദൻമാരുടെ രാജാവാണോ? യേശു പറഞ്ഞു: നീ തന്നെ പറയുന്നുവല്ലോ. പ്രധാനപുരോഹിതൻമാരും പ്രമാണികളും അവൻെറമേൽ കുറ്റംആരോപിച്ചപ്പോൾ അവൻ ഒരു മറുപടിയും പറഞ്ഞില്ല. പീലാത്തോസ് വീണ്ടും ചോദിച്ചു: അവർ എന്തെല്ലാം കാര്യങ്ങൾ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തുന്നു എന്നു നീ കേൾക്കുന്നില്ലേ? എന്നാൽ, അവൻ ഒരു ആരോപണത്തിനുപോലും മറുപടി പറഞ്ഞില്ല. തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.

ജനക്കൂട്ടം ആഗ്രഹിക്കുന്ന ഒരു തടവുകാരനെ ദേശാധിപതി തിരുനാളിൽ അവർക്കു വിട്ടുകൊടുക്കുക പതിവായിരുന്നു. അന്ന് അവർക്ക് ബറാബ്ബാസ് എന്നുപേരുള്ള കുപ്രസിദ്ധനായ ഒരു തടവുപുള്ളിയുണ്ടായിരുന്നു. അതുകൊണ്ട്, അവർ ഒരുമിച്ചു കൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു: ഞാൻ ആരെ വിട്ടുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്, ബറാബ്ബാസിനെയോ ക്രിസ്തു‌ എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ? അസൂയ നിമിത്തമാണ് അവർ അവനെ ഏല്‌പിച്ചുകൊടുത്തതെന്ന് അവൻ അറിഞ്ഞിരുന്നു. മാത്രമല്ല, അവൻ ന്യായാസനത്തിൽ ഉപവിഷ്ടനായിരിക്കുമ്പോൾ, അവന്റെ ഭാര്യ അവന്റെ അടുത്തേക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ളേശിച്ചു. പ്രധാനപുരോഹിതൻമാരും പ്രമാണികളും ബറാബ്ബാസിനെ വിട്ടുതരാനും യേശുവിനെ നശിപ്പിക്കാനും ആവശ്യപ്പെടാൻജനങ്ങളെ പ്രേരിപ്പിച്ചു. ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു. ഇവരിൽ ആരെ വിട്ടുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോൾ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക. അവൻ അവരോടു ചോദിച്ചു: അവൻ എന്തു തിൻമ യാണ് ചെയ്തത്? അപ്പോൾ അവർ കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക! ബഹളം വർധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പിൽവച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാൻ്റെ രക്ത‌ത്തിൽ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. അപ്പോൾ ജനം മുഴുവൻ മറുപടി പറഞ്ഞു: അവന്റെ രക്ത്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ! അപ്പോൾ അവൻ ബറാബ്ബാസിനെ അവർക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാൻ ഏല്‌പിച്ചുകൊടുക്കുകയും ചെയ്‌തു.

അനന്തരം, ദേശാധിപതിയുടെ പടയാളികൾ യേശുവിനെ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി, സൈന്യവിഭാഗത്തെ മുഴുവൻ അവനെതിരേ അണിനിരത്തി, അവർ അവൻ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ഒരു മുൾക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്‌സിൽ വച്ചു. വലത്തു കൈയിൽ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, ‘യഹൂദരുടെ രാജാവേ, സ്വസ്തി!’ എന്നു പറഞ്ഞ് അവർ അവനെ പരിഹസിച്ചു. അവർ അവന്റെ മേൽ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സിൽ അടിക്കുകയും ചെയ്തു. അവനെ പരിഹസിച്ചതിനുശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശിൽ തറയ്ക്കാൻകൊണ്ടു പോയി.അവർ പോകുന്നവഴി ശിമയോൻ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിൻെറ കുരിശുചുമക്കാൻ അവർ അവനെ നിർബന്‌ധിച്ചു. തലയോടിടം എന്നർഥമുള്ള ഗോൽഗോഥായിലെത്തിയപ്പോൾ അവർ അവനു കയ്‌പുകലർത്തിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു. അവൻ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാൻ ഇഷ്‌ടപ്പെട്ടില്ല. അവനെ കുരിശിൽ തറച്ചതിനുശേഷം അവർ അവൻെറ വസ്ത്രങ്ങൾ കുറിയിട്ടു ഭാഗിച്ചെടുത്തു. അനന്തരം, അവർ അവിടെ അവനു കാവലിരുന്നു. ‘ഇവൻ യഹൂദരുടെ രാജാവായ യേശുവാണ്’ എന്ന ആരോപണം അവർ അവന്റെ ശിരസ്‌സിനു മുകളിൽ എഴുതിവച്ചു. അവനോടു കൂടെ രണ്ടു കവർച്ചക്കാരെയും അവർ കുരിശിൽ തറച്ചു- ഒരുവനെ വലത്തും അപരനെ ഇടത്തും. അതിലേ കടന്നുപോയവർ തല കുലുക്കിക്കൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച് മൂന്നുദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നത്ത എന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരുക. അപ്രകാരംതന്നെ പ്രധാനപുരോഹിതൻമാർ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല! ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശിൽനിന്നിറങ്ങിവരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിലാശ്രയിച്ചു. വേണമെങ്കിൽ ദൈവം ഇവനെ രക്‌ഷിക്കട്ടെ. ‘ഞാൻ ദൈവപുത്രനാണ്’ എന്നാണല്ലോ ഇവൻ പറഞ്ഞിരുന്നത്. അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവർച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.

ആറാംമണിക്കൂർ മുതൽ ഒമ്പതാംമണിക്കൂർവരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: ഏലി, ഏലി, മാസബക്‌ഥാനി. അതായത്, ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്‌ഷിച്ചു?’ അടുത്തുനിന്നിരുന്നവരിൽ ചിലർ ഇതുകേട്ടു പറഞ്ഞു: അവൻ ഏലിയായെ വിളിക്കുന്നു. ഉടനേ അവരിൽ ഒരാൾ ഓടിച്ചെന്ന് നീർപ്പഞ്ഞിയെടുത്തു വിനാഗിരിയിൽ മുക്കി, ഒരു ഞാങ്ങണമേൽ ചുറ്റി അവനു കുടിക്കാൻ കൊടുത്തു. അപ്പോൾ മറ്റുള്ളവർ പറഞ്ഞു: നില്ക്കു. ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ. യേശു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു ജീവൻ വെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശ്‌ശീല മുകൾമുതൽ താഴേവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു; ശവകുടീരങ്ങൾ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്‌ധൻമാരുടെയും ശരീരങ്ങൾ ഉയിർപ്പിക്കപ്പെട്ടു. അവന്റെ ഉത്‌ഥാനത്തിനുശേഷം, അവർ ശവകുടീരങ്ങളിൽനിന്നു പുറത്തുവന്ന് വിശുദ്‌ധനഗരത്തിൽ പ്രവേശിച്ച് പലർക്കും പ്രത്യക്‌ഷപ്പെട്ടു. യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു). ഗലീലിയിൽനിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂ ഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകൾ അകലേ ഇക്കാര്യ ങ്ങൾ നോക്കിക്കൊണ്ടു നിന്നിരുന്നു. അക്കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിൻെറയും ജോസഫിന്റെ യും അമ്മയായ മറിയവും സെബദീപുത്രൻമാരുടെ അമ്മയും ഉണ്ടായിരുന്നു.

വൈകുന്നേരമായപ്പോൾ, അരിമത്തെയാക്കാരൻ ജോസഫ് എന്ന ധനികൻ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു. അവൻ പീലാത്തോസിന്റെ അടുത്തുചെന്ന് യേശുവിൻെറ ശരീരം ചോദിച്ചു. അത് അവനു വിട്ടുകൊടുക്കാൻ പീലാത്തോസ് കല്പ്‌പിച്ചു. ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞ്, പാറയിൽവെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്‌കരിച്ചു. കല്ലറയുടെ വാതില്ക്കൽ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവൻ പോയി. മഗ്ദ‌ലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.പിറ്റേദിവസം, അതായത് ഒരുക്കദിനത്തിന്റെ പിറ്റേന്ന്, പ്രധാന പുരോഹിതൻമാരും ഫരിസേയരും പീലാത്തോസിന്റെ അടുക്കൽ ഒരുമിച്ചുകൂടി. അവർ പറഞ്ഞു: യജമാനനേ, മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞങ്ങൾ ഇപ്പോൾ ഓർമിക്കുന്നു. അതിനാൽ, മൂന്നാംദിവസംവരെ ശവകുടീരത്തിനു കാവലേർപ്പെടുത്താൻ ആജ്‌ഞാപിക്കുക. അല്ലെങ്കിൽ അവന്റെ ശിഷ്യൻമാർ വന്ന് അവനെ മോഷ്‌ടിക്കുകയും അവൻ മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്‌തു എന്ന് ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും. അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ ഗുരുതരമായിത്തീരുകയും ചെയ്യും. പീലാത്തോസ് അവരോടു പറഞ്ഞു: നിങ്ങൾക്ക് ഒരു കാവൽസേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിൻ. അവർപോയി കല്ലിനു മുദ്രവച്ച്, കാവല്ക്കാരെ നിർത്തി കല്ലറ ഭദ്രമാക്കി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.