Word of God

പരിശുദ്ധ കന്യക മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ വചനവായന

ജൂൺ 13 ശനി

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും)

കർത്താവ് അരുൾചെയ്യുന്നു: അവരുടെ പിൻതലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങൾക്കിടയിലും അറിയപ്പെടും; കർത്താവിനാൽ അനുഗൃഹീതമായ ജനമെന്ന് അവരെ കാണുന്നവർ ഏറ്റുപറയും. ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും; എന്റെ ആത്‌മാവ് എൻെറ ദൈവത്തിൽ ആനന്ദംകൊള്ളും; വരൻ പുഷ്പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടന്ന് എന്നെ രക്ഷയുടെ ഉടയാടകൾ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. മണ്ണിൽ മുള പൊട്ടിവരുന്നതുപോലെയും തോട്ടത്തിൽ വിത്തുമുളയ്ക്കുന്നതുപോലെയും ജനതകളുടെ മുൻപിൽ നീതിയും സ്തുതിയും ഉയർന്നുവരാൻ കർത്താവ് ഇടയാക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എന്റെ ഹൃദയം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

എന്റെ ഹൃദയം കർത്താവിൽ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കർത്താവിൽ ഉയർന്നിരിക്കുന്നു. എൻെറ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തെന്നാൽ, അവിടത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു.

എന്റെ ഹൃദയം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

വീരൻമാരുടെ വില്ലുകൾ തകരുന്നു ബലഹീനരാകട്ടെ, ശക്തി പ്രാപിക്കുന്നു. സുഭിക്‌ഷം അനുഭവിച്ചിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു. വിശപ്പ് അനുഭവിച്ചിരുന്നവർ സംതൃപ്തി അടയുന്നു, വന്‌ധ്യ ഏഴു പ്രസവിക്കുന്നു. സന്താനസമ്പത്തുള്ളവൾ നിരാലംബയാകുന്നു.

എന്റെ ഹൃദയം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

കർത്താവ് ജീവൻ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദരിദ്രനും ധനികനും ആക്കുന്നത് കർത്താവാണ്. താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നു തന്നെ.

എന്റെ ഹൃദയം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

ദരിദ്രനെ അവിടന്ന് ധൂളിയിൽനിന്ന് ഉയർത്തുന്നു. അഗതിയെ കുപ്പയിൽനിന്നു സമുദ്ധരിക്കുന്നു. അങ്ങനെ അവരെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തി, ഉന്നതസ്‌ഥാനങ്ങൾക്ക് അവകാശികളാക്കുന്നു.

എന്റെ ഹൃദയം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

അല്ലേലുയാ !

അല്ലേലൂയാ! (cf. ലൂക്കാ 2:19), കർത്താവിൻ്റെ വചനം ഹൃദയ ത്തിൽ സംഗ്രഹിച്ച് ഗാഢമായി ധ്യാനിച്ച കന്യകമറിയം അനുഗ്യഹിതയാണ്. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൾ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു)

യേശുവിന്റെ മാതാപിതാക്കൻമാർ ആണ്ടുതോറും പെസഹാതിരുനാളിന് ജറുസലേമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്‌സായപ്പോൾ പതിവനുസരിച്ച് അവർ തിരുനാളിനു പോയി. തിരുനാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലേമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെ കുടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെവഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലേമിലേക്കു തിരിച്ചു പോയി. മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായൻമാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവൻെറ ബുദ്‌ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോൾ മാതാപിതാക്കന്മാർ വിസ്‌മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്‌തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻ്റെ പിതാവിന്റെ കാര്യ ങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല. പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.