Word of God

പരിശുദ്ധ കന്യകമറിയം തിരുനാൾ വചന വായന

മെയ് 25 തിങ്കൾ

ഒന്നാം വായന

ഉത്പത്തിപ്പുസ്‌തകത്തിൽനിന്ന്

(നിൻ്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും)

അക്കാലത്ത്, ദൈവം ആദത്തെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു. ഞാൻ നഗ്നനായതുകൊണ്ട് ഭയന്ന് ഒളിച്ചതാണ്. അവിടന്നു ചോദിച്ചു: നീ നഗ്‌നനാണെന്നു നിന്നോടാരു പറഞ്ഞു? തിന്നരുതെന്ന് ഞാൻ കല്‌പിച്ച വ്യക്‌ഷത്തിന്റെ പഴം നീ തിന്നോ? അവൻ പറഞ്ഞു: അങ്ങ് എനിക്കു കൂട്ടിനു തന്ന സ്ത്രീ ആമരത്തിൻെറ പഴം എനിക്കുതന്നു; ഞാൻ അതു തിന്നു. ദൈവമായ കർത്താവ് സ്ത്രീയോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? അവൾ പറഞ്ഞു: സർപ്പം എന്നെ വഞ്ചിച്ചു; ഞാൻ പഴം തിന്നു.

ദൈവമായ കർത്താവ് സർപ്പത്തോടു പറഞ്ഞു: ഇതു ചെയ്‌തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമ്യഗങ്ങളുടെയുമിടയിൽ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണിൽ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവൻ നീ പൊടിതിന്നും. നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിൻെറ തലതകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും. ആദം ഭാര്യയെ ഹവ്വാ എന്നുവിളിച്ചു. കാരണം, അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.

കർത്താവിന്റെ വചനം.

or

അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അപ്പസ്തോലൻമാരെല്ലാം യേശുവിന്റെ അമ്മയായ മറിയത്തോടുകൂടെ പ്രാർഥനയിൽ മുഴുകിയിരുന്നു)

അക്കാലത്ത്, (യേശു സ്വർഗത്തിലേക്ക് ആരോഹണം ചെയ്തതിനുശേഷം) അപ്പസ്തോലൻമാർ ഒലിവുമലയിൽ നിന്ന് ജറുസലേമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തു ദിവസത്തെ യാത്രാദൂരമാണുള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിൻ്റെ നാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ!

കർത്താവിന്റെ ദാസരേ, അവിടത്തെ സ്‌തുതിക്കുവിൻ കർത്താവിൻെറ നാമം സ്‌തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കർത്താവിൻ്റെ നാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ!

ഉദയം മുതൽ അസ്ത‌മയംവരെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

കർത്താവിൻ്റെ നാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ!

നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.

കർത്താവിൻ്റെ നാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ!

അവിടന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്‌ധരിക്കുന്നു. അവരെ പ്രഭുക്കൻമാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തുന്നു.

കർത്താവിൻ്റെ നാമം ഇന്നും എന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാ, നിൻ്റെ മകൻ; ഇതാ, നിൻ്റെ അമ്മ)

അക്കാലത്ത്, യേശുവിന്റെ കുരിശിനരികേ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതു കണ്ട്
അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം, അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.

കർത്താവിന്റെ സുവിശേഷം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.