Word of God

പെന്തക്കൊസ്താതിരുനാൾ (അമ്പതാം തിരുനാൾ) വചനവായന

മെയ് 24 ഞായർ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു.അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി)

പന്തക്കൊസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്ജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നില്ക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.

ആകാശത്തിൻ കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്ത‌രായ യഹൂദർ ജറുസലേമിൽ ഉണ്ടായിരുന്നു. ആരവമുണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. അവർ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ? പാർത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയൻ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാ പ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായിൽ നിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രെത്യരും അറേബ്യരുമായ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുത പ്രവൃത്തികൾ അവർ വിവരിക്കുന്നത് നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം നവീകരിക്കണമേ (അല്ലെങ്കിൽ : അല്ലേലൂയാ)

എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കർത്താവേ, അങ്ങ് അത്യുന്നതനാണ്; കർത്താവേ, അങ്ങയുടെ സൃഷ്‌ടികൾ എത്ര വൈവിധ്യപൂർണങ്ങളാണ്! ഭൂമി അങ്ങയുടെ സൃഷ്‌ടികളാൽ നിറഞ്ഞിരിക്കുന്നു.

കർത്താവേ, അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം നവീകരിക്കണമേ

അങ്ങ് അവയുടെ ശ്വാസം പിൻവലിക്കുമ്പോൾ അവ മരിച്ച് പൂഴിയിലേക്കു മടങ്ങുന്നു അങ്ങ് ജീവശ്വാസമയയ്ക്കുമ്പോൾ അവ സൃഷ്‌ടിക്കപ്പെടുന്നു; അങ്ങ് ഭൂമുഖം നവീകരിക്കുന്നു.

കർത്താവേ, അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം നവീകരിക്കണമേ

കർത്താവിന്റെ മഹത്ത്വം എന്നേക്കും നിലനില്ക്കട്ടെ! കർത്താവ് തന്റെ സൃഷ്‌ടികളിൽ ആനന്ദിക്കട്ടെ! എന്റെ ഈ ഗാനം അവിടത്തേക്കു പ്രീതികരമാകട്ടെ! ഞാൻ കർത്താവിൽ ആനന്ദിക്കുന്നു.

കർത്താവേ, അങ്ങ് ജീവശ്വാസമയച്ച് ഭൂമുഖം നവീകരിക്കണമേ

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നമ്മളെല്ലാവരും ഒരേ ആത്മാവിൽ ഏക ശരീരമാകാൻ ജ്ഞാനസ്നാനമേറ്റു)

സഹോദരരേ, യേശു കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ലെന്ന് നിങ്ങൾ ഗ്രഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ദാനങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളിൽ വൈവിധ്യമുണ്ടെങ്കിലും കർത്താവ് ഒന്നുതന്നെ. പ്രവൃത്തികളിൽ വൈവിധ്യമുണ്ടെങ്കിലും എല്ലാവർക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതുനൻമയ്ക്കുവേണ്ടിയാണ്. ശരീരം ഒന്നാണെങ്കിലും അതിൽ പല അവയവങ്ങളുണ്ട്. അവയവങ്ങൾ പലതെങ്കിലും അവയെല്ലാം ചേർന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. നമ്മളെല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ ജ്‌ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്‌മാവിനെ പാനം ചെയ്യാൻ എല്ലാവർക്കും സാധിച്ചു.

കർത്താവിന്റെ വചനം.
അല്ലേലൂയാ !

അല്ലേലൂയാ! പരിശുദ്ധാത്മാവേ, എഴുന്നള്ളുക; വിശ്വാസിക ളുടെ ഹൃദയങ്ങളെ നിറയ്ക്കുക; അവയിൽ അങ്ങയുടെ സ്നേഹാഗ്നി ഉജ്ജ്വലിപ്പിക്കുക. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പിതാവ് എന്നെ അയച്ചതുപോലെ, ഞാനും നിങ്ങളെ അയയ്ക്കുന്നു; നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ)

ആഴ്ച‌യുടെ ആദ്യദിവസമായ അന്നു വൈകീട്ട് ശിഷ്യൻമാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കേ, യേശു വന്ന് അവരുടെ മധ്യേ നിന്ന് അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! ഇപ്രകാരം പറഞ്ഞുകൊണ്ട് അവൻ തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ട് ശിഷ്യൻമാർ സന്തോഷിച്ചു. യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ് ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുൾചെയ്തു‌: നിങ്ങൾ പരിശുദ്‌ധാത്മാവിനെ സ്വീകരിക്കുവിൻ. നിങ്ങൾ ആരുടെ പാപങ്ങൾ ക്‌ഷമിക്കുന്നുവോ, അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ, അവ ബന്‌ധിക്കപ്പെട്ടിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.