Uncategorized

ആണ്ടുവട്ടം എട്ടാം വരം ചൊവ്വ വചനവായന

മെയ് 26 ചൊവ്വ

ഒന്നാം വായന

വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്‌തു)

സഹോദരരേ, നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്‌തു. ക്രിസ്‌തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്ത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുൻ കൂട്ടി പ്രവചിച്ചു. അവരാകട്ടെ, അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു. അവർ തങ്ങളെത്തന്നെയല്ല നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവർക്കു വെളിപ്പെട്ടിരുന്നു. സ്വർഗത്തിൽനിന്ന് അയയ്ക്കപ്പെട്ട പരിശുദ്‌ധാത്മാവുവഴി സുവിശേഷപ്രസംഗകർ ഇക്കാര്യങ്ങൾ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. ഇവയിലേക്ക് എത്തിനോക്കാൻ ദൈവദൂതൻമാർപോലും കൊതിക്കുന്നു.ആകയാൽ, നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിൻ. യേശുക്രിസ്‌തുവിന്റെ പ്രത്യാഗമനത്തിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുവിൻ. മുൻകാലത്തു നിങ്ങൾക്കുണ്ടായിരുന്ന അജ്‌ഞതയുടെ വ്യാമോഹങ്ങൾക്ക്, അനുസരണമുള്ള മക്കളെന്നനിലയിൽ, നിങ്ങൾ വിധേയരാകാതിരിക്കുവിൻ. മറിച്ച്, നിങ്ങളെ വിളിച്ചവൻ പരിശുദ്‌ധനായിരിക്കുന്നതുപോലെ, എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിൻ. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്‌ധരായിരിക്കുവിൻ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ; അവി ടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു; അവിടത്തെ കരവും വിശുദ്‌ധഭുജവും വിജയം നേടിയിരിക്കുന്നു.

കർത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കർത്താവു തന്റെ വിജയം വിളംബരം ചെയ്തു; അവിടന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്‌തതയും അവിടന്ന് അനുസ്മരിച്ചു.

കർത്താവു തന്റെ വിജയം വിളംബരം ചെയ്തു.

ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്‌ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിൻ.

കർത്താവു തന്റെ വിജയം വിളംബരം ചെയ്തു.

അല്ലേലൂയാ !

അല്ലേലൂയാ! (Cf. മത്താ 11:25). ദൈവരാജ്യത്തിന്റെ രഹ സ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമി യുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഈ ലോകത്തിൽത്തന്നെ പീഡനങ്ങളോടൊപ്പം നൂറിരട്ടിയായി വസ്തുവകകളും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും ലഭിക്കും)

അക്കാലത്ത്, പത്രോസ് യേശുവിനോടു പറഞ്ഞു: ഇതാ, ഞങ്ങൾ എല്ലാം ഉപേക്‌ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. യേശു പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നെ പ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരൻമാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല – ഭവനങ്ങളും സഹോദരൻമാരും സഹോദരിമാരും മാതാക്കളും മക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്തു നിത്യ ജീവനും. എന്നാൽ, മുമ്പൻമാരിൽ പലരും പിമ്പൻമാരും പിമ്പൻ മാരിൽ പലരും മുമ്പൻമാരുമാകും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.