Word of God

കർത്താവിന്റെ പീഡാസഹനത്തിന്റെ വെള്ളിയാഴ്ച വചനവായന

ഏപ്രിൽ 03 വെള്ളി

ഒന്നാം വായന

ഇസയാസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നുള്ള വായന

ദൈവമായ കർത്താവ് അരുൾചെയ്യുന്നു:എൻ്റെ ദാസനു ശ്രേയസ്സുണ്ടാവും. അവൻ അത്യുന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും പുകഴ്ത്ത‌പ്പെടുകയും ചെയ്യും. അവനെ കണ്ടവർ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവൻ വിരൂപനായിരിക്കുന്നു. അവൻ്റെ രൂപം മനുഷ്യൻ്റെതല്ല. അവൻ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാർ അവൻമൂലം നിശബ്‌ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവർ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും.

നമ്മൾ കേട്ടത് ആരു വിശ്വസിച്ചു? കർത്താവിൻ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? തെച്ചെടിപോലെ, വരണ്ടഭൂമിയിൽ നില്ക്കുന്ന മുള പോലെ, അവൻ അവിടുത്തെ മുൻപിൽ വളർന്നു. ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു.

അവൻ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ, ദൈവം അവനെ പ്രഹരിക്കുകുയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി. നമ്മുടെ അതി ക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേല്‌പിക്കപ്പെട്ടു. അവൻ്റെമേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‌കി; അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു. ആടുക ളെപ്പോലെ നാം വഴിതെറ്റിപ്പോയി. നമ്മുടെ അകൃത്യങ്ങൾ കർത്താവ് അവന്റെ മേൽ ചുമത്തി. അവൻ മർദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല; കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. മർദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവൻ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപം നിമിത്തമാണ് അവൻ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയിൽനിന്ന് വിച്ഛേദിക്കപ്പെട്ടതെന്ന് അവൻ്റെ തലമുറയിൽ ആരു കരുതി? അവൻ ഒരു അതിക്രമവും ചെയ്‌തിട്ടില്ല; അവൻ്റെ വായിൽനിന്ന് വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും ദുഷ്‌ടരുടെയും ധനികരുടെയും ഇടയിൽ അവൻ സംസ്ക്കരിക്കപ്പെട്ടു. അവനു ക്ഷതമേല്ക്കണമെന്നത് കർത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അർപ്പിക്കുമ്പോൾ അവൻ തന്റെ സന്തതിപരമ്പരയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും ചെയ്യും; കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവർ സംത്യപ്തനാകും. നീതിമാനായ എന്റെ ദാസൻ തന്റെ ജ്ഞാനത്താൽ അനേകരെ നീതിമാന്മാരാക്കും; അവൻ അവരുടെ തിന്മകളെ വഹിക്കുകും ചെയ്യും. മഹാന്മാരോടൊപ്പം ഞാൻ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കിടും. എന്തെന്നാൽ, അവൻ തൻ്റെ ജീവനെ മരണത്തിന് ഏല്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി; അതിക്രമങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

കർത്താവേ. അങ്ങയിൽ ഞാൻ അഭയം തേടുന്നു. ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു; കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചു.

പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

ശത്രുക്കൾക്ക് ഞാൻ പരിഹാസപാത്രമായി, അയല്ക്കാർക്കു ഞാൻ ഭീകരസത്വമാണ്; പരിചയക്കാർ എന്നെ കണ്ടു നടുങ്ങുന്നു, തെരുവിൽ എന്നെ കാണുന്നവർ ഓടിയകലുന്നു. മൃതനെപ്പോലെ ഞാൻ വിസ്മൃതനായിരിക്കുന്നു; ഞാൻ ഉടഞ്ഞുചിതറിയ പാത്രംപോലെയായിത്തീർന്നു.

പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

കർത്താവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു; എൻ്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്. ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽനിന്ന് എന്നെ മോചിപ്പിക്കണമേ.

പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

അങ്ങയുടെ ദൃഷ്‌ടി ഈ ദാസൻ്റെമേൽ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ! കർത്താവിനെ കാത്തിരിക്കുന്നവരേ, ദുർബലരാകാതെ ധൈര്യം അവലംബിക്കുവിൻ.

പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്നുള്ള വായന

പ്രിയ സഹോദരരേ, സ്വർഗ്ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാനപുരോഹിതൻ, ദൈവപുത്രനായ യേശു. നമുക്കുള്ളതു കൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു . പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ വേണ്ടസമയത്തു കരുണയും കൃപാ വരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്‌തു, മരണത്തിൽനിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർത്ഥനകളും യാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാർത്ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു. പരിപൂർണ്ണനാക്കപ്പെട്ടതു വഴി അവൻ തന്നെ അനുസരിക്കുന്നവർക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

കർത്താവിന്റെ വചനം.

സുവിശേഷപാരായണത്തിനു മുമ്പുള്ള വാക്യം

കർത്താവു തന്നെത്തന്നെ താഴ്ത്തി മരണത്തോളം, അതേ കുരിശുമരണത്തോളം, അനുസരണയുള്ളവനായിത്തീർന്നു. ആകയാൽ, ദൈവം അവിടുത്തെ ഉയർത്തി; സകല നാമങ്ങളേക്കാളും ശ്രേഷ്ഠമായ നാമം അവിടുത്തേക്കു നല്കി.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രം

C അക്കാലത്ത്, യേശു ശിഷ്യന്മാരോടുകൂടെ കെദ്രോൺ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്മാരും അതിൽ പ്രവേശിച്ചു. അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു. യൂദാസ് ഒരു ഗണം പടയാളികളെയും പുരോഹിതപ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കൽനിന്ന് സേവകരെയുംകൂട്ടി, പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു:

+ നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?

C അവർ പറഞ്ഞു:

S നസറായനായ യേശുവിനെ.

C യേശു പറഞ്ഞു:

+ അതു ഞാനാണ്.

C അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെയുണ്ടായിരുന്നു. ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലം പതിക്കുകയും ചെയ്തു. അവൻ വീണ്ടും ചോദിച്ചു:

+ നിങ്ങൾ ആരെ അന്വേഷിക്കുന്നു?

C അവർ പറഞ്ഞു:

S നസറായനായ യേശുവിനെ.

C യേശു പ്രതിവചിച്ചു:

+ ഞാനാണ് എന്ന് നിങ്ങളോട് പറഞ്ഞുവല്ലോ? നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ അവർ പൊയ്കൊള്ളട്ടെ

C “നീ എനിക്കു തന്നവരിൽ ആരെയും ഞാൻ നഷ്ടപ്പെടുത്തിയില്ല” എന്ന് അവൻ പറഞ്ഞ വചനം പൂർത്തിയാകാൻവേണ്ടിയായിരുന്നു ഇത് ശിമയോൻ പത്രോസ് വാൾ ഊരി പ്രധാനപുരോഹിതൻ്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭ്യത്യന്റെ പേര് മൽക്കോസ് എന്നായിരുന്നു. യേശു പത്രോസിനോടു പറഞ്ഞു:

+ വാൾ ഉറയിലിടുക. പിതാവ് എനിക്കു നല്കിയ പാനപാത്രം ഞാൻ കുടിക്കേണ്ടയോ?

C അപ്പോൾ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരുംകൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു. അവർ അവനെ ആദ്യം അന്നാസിൻ്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവൻ ആ വർഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിൻ്റെ അമ്മായിയപ്പനായിരുന്നു. ജനങ്ങൾക്കുവേണ്ടി ഒരാൾ മരിക്കുന്നതു യുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

ശിമയോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാൽ അവൻ യേശുവിനോടുകൂടെ പ്രധാനപുരോഹിതൻ്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു. പത്രോസാകട്ടെ പുറത്തു വാതില്ക്കൽ നിന്നു. അതിനാൽ പ്രധാനപുരോഹിതൻ്റെ പരിചയക്കാരനായ മറ്റേ ശിഷ്യൻ പുറത്തുചെന്നു വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു. അപ്പോൾ ആ പരിചാരിക പത്രോസിനോടു ചോദിച്ചു:

S നീയും ഈ മനുഷ്യൻ്റെ ശിഷ്യന്മാരിലൊരുവനല്ലേ?

C അവൻ പറഞ്ഞു:

S അല്ല

C തണുപ്പായിരുന്നതിനാൽ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു. പ്രധാന പുരോഹിതൻ യേശുവിനെ അവൻ്റെ ശിഷ്യന്മാരെയും പ്രബോധനത്തെയുംകുറിച്ച് ചോദ്യം ചെയ്തു. യേശു മറുപടി പറഞ്ഞു:

+ ഞാൻ പരസ്യമായിട്ടാണ് ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാൻ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാൻ ഒന്നും സംസാരിച്ചിട്ടില്ല. എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണ് പറഞ്ഞതെന്ന് അവർക്കറിയാം.

C അവൻ ഇതു പറഞ്ഞപ്പോൾ അടുത്തു നിന്നിരുന്ന സേവകന്മാരിലൊരുവൻ യേശുവിൻ്റെ കരണത്തടിച്ചുകൊണ്ട് ചോദിച്ചു:

S ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത്?

C യേശു അവനോടു പറഞ്ഞു:

+ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?

C അപ്പോൾ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു. ശിമയോൻ പത്രോസ് തീ കാഞ്ഞുകൊണ്ടു നില്ക്കുകയായിരുന്നു. അപ്പോൾ അവർ അവനോടു ചോദിച്ചു:

S നീയും അവന്റെ ശിഷ്യന്മാരിൽ ഒരുവനല്ലേ?

C അവൻ നിഷേധിച്ചുകൊണ്ടു പറഞ്ഞു:

S അല്ല.

C പ്രധാനപുരോഹിതൻ്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാർച്ചക്കാരനുമായ ഒരുവൻ അവനോടു ചോദിച്ചു:

S ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടതല്ലേ?

C പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.

യേശുവിനെ അവർ കയ്യാഫാസിൻ്റെ അടുത്തുനിന്ന് പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോൾ പുലർച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാൽ അവർ പ്രത്തോറിയത്തിൽ പ്രവേശിച്ചില്ല. അതിനാൽ പീലാത്തോസ് പുറത്ത് അവരുടെ അടുക്കൽവന്നു ചോദിച്ചു:

S ഈ മനുഷ്യനെതിരെ എന്താരോപണമാണു നിങ്ങൾ കൊണ്ടുവരുന്നത്?

C അവർ പറഞ്ഞു:

S ഇവൻ തിൻമ പ്രവർത്തിക്കുന്നവനല്ലെങ്കിൽ ഞങ്ങൾ ഇവനെ നിനക്ക് ഏല്പ്പിച്ചു തരികയില്ലായിരുന്നു.

C പീലാത്തോസ് പറഞ്ഞു:

S നിങ്ങൾതന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിച്ചുകൊള്ളുവിൻ.

C അപ്പോൾ യഹൂദർ പറഞ്ഞു:

S ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.

ഏതുവിധത്തിലുള്ള മരണമാണ് തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞ വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്. പീലാത്തോസ് വീണ്ടും പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു:

S നീ യഹൂദരുടെ രാജാവാണോ?

C യേശു പ്രതിവചിച്ചു:

+ നീ ഇത് സ്വയമേവ പറയുന്നതോ? അതോ മറ്റുള്ളവർ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?

C പീലാത്തോസ് പറഞ്ഞു:

S ഞാൻ യഹൂദനല്ലല്ലോ; നിൻ്റെ ജനങ്ങളും പുരോഹിതപ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്പ്പിച്ചു തന്നത്. നീ എന്താണു ചെയ്തത്?

+ എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കിൽ ഞാൻ യഹൂദർക്ക് ഏല്പ്പിക്കപ്പെടാതിരിക്കാൻ എൻ്റെ സേവകർ പോരാടുമായിരുന്ന എന്നാൽ, എന്റെ രാജ്യം ഐഹികമല്ല,

C പീലാത്തോസ് ചോദിച്ചു:

S അപ്പോൾ നീ രാജാവാണ് അല്ലേ?

C യേശു പ്രതിവചിച്ചു:

+ നീതന്നെ പറയുന്നു ഞാൻ രാജാവാണെന്ന്. ഇതിനുവേണ്ടിയാണ് ഞാൻ ഞാൻ ജനിച്ചത്; ഈ ലോകത്തിലേക്കു . ഇതിനുവേണ്ടിയാണ് വന്നതും-സത്യത്തിനു സാക്ഷ്യം നല്‌കാൻ. സത്യത്തിൽനിന്നുള്ളവൻ എന്റെ സ്വരം കേൾക്കുന്നു.

C പീലാത്തോസ് അവനോടു ചോദിച്ചു:

S എന്താണു സത്യം?

C ഇതു ചോദിച്ചിട്ട് അവൻ വീണ്ടും യഹൂദരുടെ അടുത്തേക്കുചെന്ന് അവരോടു പറഞ്ഞു:

S അവനിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല. എന്നാൽ പെസഹാ ദിവസം ഞാൻ നിങ്ങൾക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാൽ യഹൂദരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടു തരട്ടെയോ?

C അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

S ഈ മനുഷ്യനെ അല്ല, ബറാബ്‌ബാസിനെ മതി.

C ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു. പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു. പടയാളികൾ ഒരു മുൾക്കിരീടമുണ്ടാക്കി അവന്റെ തലയിൽ വച്ചു; ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവർ അവന്റെ അടുക്കൽ വന്ന് പറഞ്ഞു:

S യഹൂദരുടെ രാജാവേ, സ്വസ്തി!

C ഇങ്ങനെ പറഞ്ഞ് കൈകൊണ്ട് അവർ അവനെ പ്രഹരിച്ചു. പീലാത്തോസ് വീണ്ടും പുറത്തുവന്ന് അവരോടു പറഞ്ഞു:

S ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.

C മുൾക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു:

S ഇതാ മനുഷ്യൻ!

C അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖന്മാരും സേവകരും വിളിച്ചുപറഞ്ഞു:

S അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!

C പിലാത്തോസ് പറഞ്ഞു:

S നിങ്ങൾതന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിൻ; എന്തെന്നാൽ, ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല.

C യഹൂദർ പറഞ്ഞു:

S ഞങ്ങൾക്കൊരു നിയമമുണ്ട്; ആ നിയമമനുസരിച്ച് ഇവൻ മരിക്കണം. കാരണം, ഇവൻ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.

C ഇതുകേട്ടപ്പോൾ പീലാത്തോസ് കൂടുതൽ ഭയപ്പെട്ടു. അവൻ വീണ്ടു പ്രത്തോറിയത്തിൽ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു:

S നീ എവിടെ നിന്നാണ്?

C യേശു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് ചോദിച്ചു:

S നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടേ?

C യേശു പ്രതിവചിച്ചു:

+ ഉന്നതത്തിൽനിന്നു നല്‌കപ്പെട്ടില്ലായിരുന്നെങ്കിൽ എൻ്റെമേൽ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാൽ, എന്നെ നിനക്കേല്പ്പിച്ചുതന്നവന്റെ പാപം കൂടുതൽ ഗൗരവമുള്ളതാണ്.

C അപ്പോൾ മുതൽ പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ ശ്രമമായി. എന്നാൽ, യഹൂദർ വിളിച്ചുപറഞ്ഞു:

S ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിൻ്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിൻ്റെ വിരോധിയാണ്.

C ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കൽത്തളം-ഹെബ്രായഭാഷയിൽ-ഗബ്ബാത്ത-എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോൾ ഏകദേശം ആറാം മണിക്കൂറായിരുന്നു. അവൻ യഹൂദരോടു പറഞ്ഞു:

S ഇതാ, നിങ്ങളുടെ രാജാവ്!

C അവർ വിളിച്ചു പറഞ്ഞു:

S കൊണ്ടുപോകൂ. അവനെ കൊണ്ടുപോയി കുരിശിൽ തറയ്ക്കുക്കൂ

C പീലാത്തോസ് അവരോടു ചോദിച്ചു:

S നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ?

C പുരോഹിതപ്രമുഖന്മാർ പറഞ്ഞു:

S സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല.

C അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. അവർ യേശുവിനെ ഏറ്റുവാങ്ങി. അവൻ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം-ഹെബ്രായഭാഷയിൽ ഗൊൽഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കുപോയി. അവിടെ അവർ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മദ്ധ്യത്തിലും അവരെ ഇരുവശങ്ങളിലായും പീലാത്തോസ് ഒരു ശീർഷകം എഴുതി കുരിശിനു മുകളിൽ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു, യഹൂദരുടെ രാജാവ്. യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യഹൂദരിൽ പലരും ആ ശീർഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു. യഹൂദരുടെ പുരോഹിതപ്രമുഖന്മാർ പീലാത്തോസിനോടു പറഞ്ഞു:

S യഹൂദരുടെ രാജാവ് എന്നല്ല യഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവൻ പറഞ്ഞു എന്നാണ് എഴുതേണ്ടത്.

C പീലാത്തോസ് പറഞ്ഞു:

S ഞാനെഴുതിയത് എഴുതി.

C പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവൻ്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു-ഒരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാൽ, അവർ പരസ്‌പരം പറഞ്ഞു:

S നമുക്ക് അതു കീറേണ്ട, പകരം അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം.

C എൻ്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു, എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്ന തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് പടയാളികൾ ഇപ്രകാരം ചെയ്‌തത്‌. യേശുവിൻ്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു:

+ സ്ത്രീയേ, ഇതാ നിൻ്റെ മകൻ.

C അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു:

+ ഇതാ, നിന്റെ അമ്മ.

C അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരി ച്ചു. അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്ത് പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു:

+ എനിക്കു ദാഹിക്കുന്നു.

C ഒരു പാത്രം നിറയെ വിനാഗിരി അവിടെ ഉണ്ടായിരുന്നു. അവർ വിനാഗിരിയിൽ കുതിർത്ത ഒരു നീർപ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടിൽവച്ച് അവൻ്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു:

+ എല്ലാം പൂർത്തിയായിരിക്കുന്നു.

C അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു. (ഇവിടെ എല്ലാവരും അല്പ നിമിഷം മുട്ടുകുത്തുന്നു). അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കാതിരിക്കാൻവേണ്ടി അവരുടെ കാലുകൾ തകർക്കാനും അവരെ നീക്കംചെയ്യാനും യഹൂദർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാൽ പടയാളികൾവന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകൾ തകർത്തു. അവർ യേശുവിനെ സമീപിച്ചപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കാണുകയാൽ അവൻ്റെ അവൻ്റെ കാലുകൾ തകർത്തില്ല എന്നാൽ, പടയാളികളിലൊരുവാൻ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി ഉടനെ അതിൽ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു അതു കണ്ടയാൾതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വാസിക്കേണ്ടതിന് ഞാൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു. അവൻ്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു. തങ്ങൾ കുത്തിമുറിവേല്പ്പിച്ചവനെ അവർ നോക്കി നില്ക്കും.

യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് യേശുവിൻ ശരീരം എടുത്തുമാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്കി. അവൻ വന്ന് ശരീരം എടുത്തുമാറ്റി. യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട് നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേർന്ന ഏകദേശം നൂറുറാത്തൽ സുഗന്ധ ദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവൻ യേശുവിന്റെ ശരീരമെടുത്ത് യഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ചു സുഗന്ധ ദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു. അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിൻ്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.