Word of God

കർത്താവിന്റെ അത്താഴത്തിന്റെ വ്യാഴാഴ്ച വചന വായന

ഏപ്രിൽ 02 വ്യാഴം

ഒന്നാം വായന

പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്നുള്ള വായന

കർത്താവ് ഈജിപ്തിൽ വച്ചു മോശയോടും അഹറോനോടും അരുളി ച്ചെയ്തു: ഈ മാസം നിങ്ങൾക്കു വർഷത്തിൻ്റെ ആദ്യമാസമായിരിക്കണം. ഇസ്രായേൽ സമൂഹത്തോടു മുഴുവൻ പറയുവിൻ: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിൻ കുട്ടി വീതം ഏതെങ്കിലും കുടുംബം ഒരാട്ടിൻ കുട്ടിയെമുഴുവൻ ഭക്ഷിക്കാൻമാത്രം വലുതല്ലെങ്കിൽ ആളുകളുടെ എണ്ണം നോക്കി അയൽക്കുടുംബത്തെയും പങ്കുചേർക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനുവേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. കോലാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാൽ, അത് ഒരുവയസ്സുള്ളതും ഊനമറ്റതുമായ മുട്ടാട് ആയിരിക്കണം. ഈ മാസം പതിനാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം.ഇസ്രായേൽ സമൂഹം മുഴുവൻ തങ്ങളുടെ ആട്ടിൻകുട്ടികളെ അന്നു സന്ധ്യയ്ക്ക് കൊല്ലണം. അതിന്റെ രക്തത്തിൽനിന്നും കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിൻ്റെ രണ്ടു കട്ടിളക്കാലുകളിലും മേൽപടിയിലും പുരട്ടണം. അവർ അതിൻ്റെ മാംസം തീയിൽ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളുംകൂട്ടി അന്നു രാത്രി ഭക്ഷിക്കണം.

ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടി കൈകളിലേന്തി തിടുക്കത്തിൽ ഭക്ഷിക്കണം. കാരണം, അതു കർത്താവിന്റെ പെസഹായാണ്. ആ രാത്രി ഞാൻ ഈജിപ്തിലൂടെ കടന്നുപോകും ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാൻ സംഹരിക്കും. ഈജിപ്തിലെ ദേവന്മാർക്കെല്ലാം എതിരായി ഞാൻ ശിക്ഷ വിധി നടത്തും. ഞാനാണ് കർത്താവ്. കട്ടിളയിലുള്ള രക്തം നിങ്ങൾ ആ വീട്ടിൽ താമസിക്കുന്നുവെന്നതിൻ്റെ അടയാളമായിരിക്കും. അതു കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നുപോകും. ഞാൻ ഈജിപ്തിനെ പ്രഹരിക്കുമ്പോൾ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല. ഈ ദിവസം നിങ്ങൾക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ ഇതു തലമുറതോറും കർത്താവിൻ്റെ തിരുനാളായി നിങ്ങൾ ആചരിക്കണം. ഇതു നിങ്ങൾക്ക് എന്നേക്കും ഒരു കല്പനയായിരിക്കും.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

അനുഗ്രഹത്തിന്റെ പാനപാത്രത്തിൽ പങ്കുചേരുക ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രെ.

കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

അനുഗ്രഹത്തിന്റെ പാനപാത്രത്തിൽ പങ്കുചേരുക ക്രിസ്‌തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രെ.

തൻ്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്. കർത്താവേ, ഞാൻ അവിടുത്തെ ദാസനാണ്; അവിടുന്ന് എൻ്റെ ബന്ധനങ്ങൾ തകർത്തു.

അനുഗ്രഹത്തിന്റെ പാനപാത്രത്തിൽ പങ്കുചേരുക ക്രിസ്‌തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രെ.

ഞാൻ അങ്ങേയ്ക്കു കൃതജ്ഞതാബലി അർപ്പിക്കും; ഞാൻ കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കും. അവിടുത്തെ ജനത്തിൻ്റെ മുമ്പിൽ കർത്താവിന് ഞാൻ എന്റെനേർച്ചകൾ നിറവേറ്റും.

അനുഗ്രഹത്തിന്റെ പാനപാത്രത്തിൽ പങ്കുചേരുക ക്രിസ്‌തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമത്രെ.

രണ്ടാം വായന

വി. പൗലോസപ്പസ്‌തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്നുള്ള വായന

സഹോദരരേ, കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേൽപ്പിച്ചതുമായ കാര്യം ഇതാണ്. കർത്താവായ യേശു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പമെടുത്ത്, കൃതജ്ഞതയർപ്പിച്ചതിനുശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്‌തു: ഇത് നിങ്ങൾക്കു വേണ്ടിയുള്ള എൻ്റെ ശരീരമാണ്. എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിചെയ്‌തു: ഇത്‌ എൻ്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങൾ ഇതു പാനംചെയ്യുമ്പോഴെല്ലാം എൻ്റെ ഓർമ്മക്കായി ചെയ്യുവിൻ നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിൻ്റെ മരണം, അവൻ്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

കർത്താവിന്റെ വചനം.

സുവിശേഷപാരായണത്തിനു മുമ്പുള്ള വാക്യം

കർത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
കർത്താവ് അരുൾചെയ്‌തു: “ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്‌പന തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്നേഹിക്കുവിൻ.”
കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

ഈ ലോകംവിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാ തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു: അത്താഴ സമയത്ത് പിശാച് ശിമയോൻ്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്സിൽ യേശുവിനെ ഒറ്റിക്കൊടുക്കുവാൻ തോന്നിച്ചു. പിതാവ് സകലതും തൻ്റെ കരങ്ങളിൽ ഏല്പ്പിച്ചിരിക്കുന്നു വെന്നും താൻ ദൈവത്തിൽനിന്നു വരികയും ദൈവത്തിങ്കലേക്കു പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു. അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി. അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ട് തുടയ്ക്കാനും തുടങ്ങി. അവൻ ശിമയോൻ പത്രോസിൻ്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കർത്താവേ, നീ എൻ്റെ കാലു കഴുകുകയോ? യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന് ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും. പത്രോസ് പറഞ്ഞു: നീ ഒരിക്കലും എൻ്റെ പാദം കഴുകരുത്. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല. ശിമയോൻ പത്രോസ് പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ! യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവൻ്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരുമല്ല. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അവൻ അറിഞ്ഞിരുന്നു; അതുകൊണ്ടാണ്, നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്ന് അവൻ പറഞ്ഞത്.

അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണ് നിങ്ങൾക്ക് ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്‌പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക നല്കിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.