Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ വചനവായന

നവംബർ 08 ഞായർ

ഒന്നാം വായന

ജ്ഞാനത്തിന്റെ പുസ്ത‌കത്തിൽനിന്ന്

(വിജ്ഞാനം അന്വേഷിക്കുന്നവർ അതു കണ്ടെത്തുന്നു)

തേജസ്സുറ്റതാണ് ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്‌ഞാനത്തെ സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവർ കണ്ടെത്തുന്നു. തന്നെ അഭിലഷിക്കുന്നവർക്കു വെളിപ്പെടാൻ അവൾ തിടുക്കം കൂട്ടുന്നു. പ്രഭാതത്തിലുണർന്ന് അവളെ തേടുന്നവർ പ്രയാസം കൂടാതെ അവളെ കണ്ടുമുട്ടും; അവൾ വാതില്ക്കൽ കാത്തുനില്‌പുണ്ട്. അവളിൽ ചിന്തയുറപ്പിക്കുന്നതാണ് വിവേകത്തിന്റെ പൂർണത. അവളുടെ കാര്യത്തിൽ ജാഗരൂകതയുള്ളവൻ ദുഃഖവിമുക്‌തനാകും. യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവൾ കനിവോടെ പ്രത്യക്‌ഷപ്പെടുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ ഞാൻ വിശുദ്‌ധമന്ദിരത്തിൽ വന്നു. അങ്ങയുടെ കാരുണ്യംജീവനെക്കാൾ കാമ്യമാണ്; എൻ്റെ അധരങ്ങൾ അങ്ങയെ സ്‌തുതിക്കും.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും….

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ, ഞാൻ മജ്‌ജയും മേദസ്സും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എൻെറ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും. അവിടന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ ആനന്ദിക്കും.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും)

(സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതു പോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും). കർത്താവിന്റെ
പ്രത്യാഗമനംവരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്രപ്രാപിച്ചവർക്കു മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനം ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ, അധികാര പൂർണമായ ആജ്‌ഞാവചനം കേൾക്കുകയും പ്രധാന ദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിൻ്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ, കർത്താവ് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോൾ ജീവിച്ചിരിക്കുന്നവരായി നമ്മിൽ അവശേഷിക്കുന്നവർ ആകാശത്തിൽ കർത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളിൽ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും. അതിനാൽ, ഈ വാക്കുകളാൽ നിങ്ങൾ പരസ്പ‌രം ആശ്വസിപ്പിക്കുവിൻ.

കർത്താവിന്റെ വചനം.

അല്ലേലുയാ !

അല്ലേലൂയാ! (Mt. 24: 42a, 44) ജാഗരൂകരായിരിക്കുവിൻ, അതുപോലെ തയ്യാറായിരിക്കുകയും ചെയ്യുവിൻ. എന്തെന്നാൽ, മനുഷ്യപുത്രൻ എപ്പോഴാണു വരുകയെന്ന് നിങ്ങൾക്ക് നിശ്ചയമില്ല. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാ, മണവാളൻ: പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ!)

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു സ്വർഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്ക്കാൻ പുറപ്പെട്ട പത്തുകന്യകമാർക്കു സദൃശം. അവരിൽ അഞ്ചു പേർ വിവേകശൂന്യരും അഞ്ചുപേർ വിവേകവതികളുമായിരുന്നു. വിവേകശൂന്യകൾ വിളക്കെടുത്തപ്പോൾ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തിരുന്നു. മണവാളൻ വരാൻ വൈകി. ഉറക്കം വരുകയാൽ കന്യകമാർ കിടന്നുറങ്ങി. അർധരാത്രിയിൽ, ഇതാ, മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ എന്ന് ആർപ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണർന്ന് വിളക്കുകൾ തെളിച്ചു. വിവേകശൂന്യകൾ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുക. വിവേകവതികൾ മറുപടി പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ, നിങ്ങൾ വില്‌പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിൻ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാർ വന്ന്, ‘കർത്താവേ, കർത്താവേ, ഞങ്ങൾക്കു തുറന്നു തരണമേ’ എന്ന് അപേക്‌ഷിച്ചു. അവൻ പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.