Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം ശനി വചനവായന

നവംബർ 14 ശനി

ഒന്നാം വായന

വി. യോഹന്നാൻ അപ്പസ്തോലൻ എഴുതിയ മൂന്നാം ലേഖനത്തിൽനിന്ന്

(നാം സത്യത്തിൽ സഹപ്രവർത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ച് സംരക്ഷിക്കേണ്ടിയിരിക്കുന്നു)

വാത്സല്യഭാജനമേ, നീ സഹോദരർക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതർക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തെക്കുറിച്ചു സാക്‌ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെ യാത്രയാക്കുന്നതു നന്നായിരിക്കും. കാരണം, അവിടത്തെ നാമത്തെപ്രതിയാണ് അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരിൽനിന്ന് അവർ ഒരു സഹായവും സ്വീകരിച്ചിട്ടില്ല. ആകയാൽ, നാം സത്യത്തിൽ സഹപ്രവർത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

കർത്താവിനെ ഭയപ്പെടുകയും അവിടത്തെ കല്‌പനകളിൽ ആനന്‌ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും; സത്യസന്‌ധരുടെ തലമുറ അനുഗ്രഹീതമാകും

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

അവന്റെ ഭവനം സമ്പത്‌സമൃദ്‌ധമാകും; അവൻ്റെ നീതി എന്നേക്കും നിലനില്ക്കും. പരമാർഥഹൃദയന് അന്‌ധകാരത്തിൽ പ്രകാശമുദിക്കും; അവൻ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നൻമ കൈവരും. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്‌മരണ എന്നേക്കും നിലനില്ക്കും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

അല്ലേലൂയാ!

അല്ലേലൂയാ! (2 തെസ്സ 2:14). നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ മഹത്ത്വം നിങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(തന്നെ വിളിച്ചു കരയുന്ന തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?)

അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണം എന്നു കാണിക്കാൻ യേശു തൻ്റെ ശിഷ്യന്മാരോട് ഒരു ഉപമ പഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അതു ഗൗനിച്ചില്ല. പിന്നീട്, അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കിൽ, അവൾ കൂടക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.