ഒക്ടോബർ 04 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്)
എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്നേഹം പ്രകീർത്തിച്ചുകൊണ്ട് ഞാൻ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്ടിയുള്ള കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതു കിളച്ച് കല്ലുകൾ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടികൾ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തിൽ അവൻ ഒരു കാവല് മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്കുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതു പുറപ്പെടുവിച്ചത് കാട്ടുമുന്തിരിപ്പഴമാണ്. ജറുസലേംനിവാസികളേ, യൂദായിൽ വസിക്കുന്നവരേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് നിങ്ങൾതന്നെ വിധി പറയുവിൻ. എന്റെ മുന്തിരിത്തോട്ടത്തിനു വേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്? ഞാൻ നല്ല മുന്തിരി അതിൽ നിന്നു പ്രതീക്ഷിച്ചപ്പോൾ, എന്തുകൊണ്ടാണ് അതു കാട്ടുമുന്തിരിപ്പഴം പുറപ്പെടുവിച്ചത്? ഈ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ പറയാം. ഞാൻ അതിന്റെ വേലി പൊളിച്ചുകളഞ്ഞ് നാശത്തിനു വിട്ടുകൊടുക്കും. അതിന്റെ മതിലുകൾ ഞാൻ ഇടിച്ചുതകർക്കും. തോട്ടം ചവിട്ടി മെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും; അതിനെ വെട്ടിയൊരുക്കുകയോ അതിന്റെ ചുവടു കിളയ്ക്കുകയോ ചെയ്യുകയില്ല. അവിടെ മുൾച്ചെടികളും മുള്ളുകളും വളരും. അതിന്റെ മേൽ മഴ വർഷിക്കരുതെന്നു ഞാൻ മേഘങ്ങളോട് ആജ്ഞാചിക്കും. സൈന്യങ്ങളുടെ കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്. യൂദാജനമാണ്, അവിടന്ന് ആനന്ദം കൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടന്ന് കാത്തിരുന്നു. ഫലമോ, രക്തച്ചൊരിച്ചിൽ മാത്രം! ധർമനിഷ്ഠയ്ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ നിലവിളി!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്.
സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഈജിപ്തിൽനിന്ന് അവിടന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു. അത് അതിന്റെ ശാഖകൾ സമുദ്രംവരെയും ചില്ലകൾ നദിവരെയും നീട്ടി.
സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്.
അങ്ങുതന്നെ അതിന്റെ മതിൽ തകർത്തതെന്തുകൊണ്ട്? വഴിപോക്കർ അതിന്റെ ഫലം പറിക്കുന്നു. കാട്ടുപന്നി അതു നശിപ്പിക്കുന്നു; സകലജന്തുക്കളും അതു തിന്നുകളയുന്നു.
സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! സ്വർഗത്തിൽനിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ പരിഗണിക്കണമേ!
സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്.
അപ്പോൾ ഞങ്ങൾ അങ്ങിൽനിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങൾക്കു ജീവൻ നല്കണമേ! ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. സൈന്യങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
സൈന്യങ്ങളുടെ കർത്താവിൻ്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും)
സഹോദരരേ, ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോതങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും. അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിൻ. എന്നിൽനിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നിൽ കണ്ടതും നിങ്ങൾ ചെയ്യുവിൻ. അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 15:16) കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുക യാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അയാൾ തന്റെ മുന്തിരിത്തോട്ടം മറ്റു കൃഷിക്കാരെ ഏല്പിക്കും)
അക്കാലത്ത്, യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും അരുൾചെയ്തു: ഒരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനു ചുറ്റും വേലി കെട്ടി. അതിൽ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിർമിക്കുകയും ചെയ്തു. അനന്തരം, അതു കൃഷിക്കാരെ ഏല്പിച്ചിട്ട് അവൻ പോയി. വിളവെടുപ്പുകാലം വന്നപ്പോൾ അവൻ പഴങ്ങൾ ശേഖരിക്കാൻ ഭൃത്യൻമാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. എന്നാൽ, കൃഷിക്കാർ ഭൃത്യൻമാരിൽ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. വീണ്ടും അവൻ ആദ്യത്തേതിൽ കൂടുതൽ ഭൃത്യൻമാരെ അയച്ചു. അവരോടും കൃഷിക്കാർ അപ്രകാരം തന്നെ പ്രവർത്തിച്ചു. പിന്നീട് അവൻ, ‘എൻെറ പുത്രനെ അവർ ബഹുമാനിക്കും’ എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോൾ കൃഷിക്കാർ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിൻ, നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം. അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. അങ്ങനെയെങ്കിൽ, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തുചെയ്യും? അവർ പറഞ്ഞു: അവൻ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏല്പിക്കുകയും ചെയ്യും. യേശു അവരോടുചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു. ഇത് കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്ന് വിശുദ്ധലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്കപ്പെടും.




