Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം ബുധൻ വചനവായന

ജൂലൈ 01 ബുധൻ

ഒന്നാം വായന

ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേൾക്കേണ്ടാ, നീതി ജലം പോലെ ഒഴുകട്ടെ)

ഇസ്രായേൽഗോത്രത്തോട് കർത്താവ് അരുൾചെയ്യുന്നു: തിൻമയല്ല, നൻമ അന്വേഷിക്കുവിൻ; നിങ്ങൾ ജീവിക്കും. നിങ്ങൾ പറയുന്നതുപോലെ, അപ്പോൾ സൈന്യങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. തിൻമയെ വെറുക്കുവിൻ, നൻമയെ സ്നേഹിക്കുവിൻ. നഗരകവാടത്തിൽ നീതി സ്‌ഥാപിക്കുവിൻ. സൈന്യങ്ങളുടെ ദൈവമായ കർത്താവ് ജോസഫിൻ്റെ സന്തതികളിൽ അവശേഷിക്കുന്നവരോടു കരുണ കാട്ടാൻ കനിഞ്ഞേക്കും.

നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ ദഹനബലികളും ധാന്യബലികളും അർപ്പിച്ചാലും ഞാൻ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങൾ അർ പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ നോക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേൾക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാൻ ശ്രദ്‌ധിക്കുകയില്ല. നീതി ജലംപോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്ത നീർച്ചാലുപോലെയും.

കർത്താവിൻ്റെ വചനം.

പ്രതിവചനസങ്കീർത്തനം

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

എൻ്റെ ജനമേ, കേൾക്കുവിൻ, ഞാൻ ഇതാ, സംസാരിക്കുന്നു. ഇസ്രായേലേ, ഞാൻ നിനക്കെതിരേ സാക്ഷ്യംനല്‌കും; ഞാനാണു ദൈവം, നിൻെറ ദൈവം.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും

നിൻ്റെ ബലികളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിൻ്റെ ദഹനബലികൾ നിരന്തരം എൻ്റെ മുൻപിലുണ്ട്. നിൻ്റെ വീട്ടിൽനിന്നു കാളയെയോ നിൻ്റെ ആട്ടിൻപറ്റത്തിൽ നിന്നു മുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും

വനത്തിലെ സർവമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എൻ്റെതാണ്. ആകാശത്തിലെ പറവകളെ ഞാൻ അറിയുന്നു; വയലിൽ ചരിക്കുന്നവയെല്ലാം എൻ്റെതാണ്.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും

എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്‌തവും എൻ്റെതാണ്. ഞാൻ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ?

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിൻ്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും

അല്ലേലൂയാ !

അല്ലേലൂയാ! (യാക്കോ 1:18). തൻ്റെ സൃഷ്‌ടികളിൽ ആദ്യഫലമാകേണ്ടതിന് സത്യത്തിൻ്റെ വചനത്താൽ നമുക്കു ജന്മം നല്കാൻ അവിടുന്നു തിരുമനസ്‌സായി. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ?)

അക്കാലത്ത്, യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോൾ, ശവക്കല്ലറകളിൽനിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതർ അവനെ കണ്ടുമുട്ടി. ആർക്കും ആ വഴി സഞ്ചരിക്കാൻ സാധിക്കാത്തവിധം അവർ അപകടകാരികളായിരുന്നു. അവർ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ? അവരിൽനിന്ന് അല്പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കൾ അവനോട് അപേക്‌ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ! അവൻ പറഞ്ഞു: പൊയ്ക്കൊള്ളുവിൻ. അവ പുറത്തുവന്നു പന്നികളിൽ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവൻ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞു ചെന്ന് കടലിൽ മുങ്ങിച്ചത്തു. പന്നി മേയ്ക്കുന്നവർ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതർക്കു സംഭവിച്ചതും അറിയിച്ചു. അപ്പോൾ, പട്ടണം മുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.