Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം ചൊവ്വ വചനവായന

ജൂൺ 30 ചൊവ്വ

ഒന്നാം വായന

ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ദൈവമായ കർത്താവ് സംസാരിച്ചു; ആർക്ക് പ്രവചിക്കാതിരിക്കാൻ കഴിയും?)

ഇസ്രായേൽജനമേ, ഈജിപ്തിൽനിന്നു കർത്താവ് മോചിപ്പിച്ച ഇസ്രായേൽ ഭവനം മുഴുവനുമെതിരേ അവിടന്ന് അരുൾ ചെയ്യുന്ന വചനം ശ്രവിക്കുവിൻ: ഭൂമിയിലുള്ള സകല ജനതകളിലും വച്ച് നിങ്ങളെ മാത്രമാണു ഞാൻ സ്വന്തമായി ഗണിച്ചത്. അതിനാൽ, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും ഞാൻ നിങ്ങളെ ശിക്‌ഷിക്കും. ആലോചിച്ചുറയ്ക്കാതെ രണ്ടുപേർ ഒരുമിച്ചു യാത്ര തിരിക്കുമോ? ഇരയെ കാണാതെ വനത്തിൽ സിംഹം ഗർജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയിൽനിന്ന് അലറുമോ? കെണിയൊരുക്കാതെ പക്ഷി കെണിയിൽപ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ? പട്ടണത്തിൽ കാഹളധ്വനി കേട്ടാൽ ജനങ്ങൾ ഭയപ്പെടാതിരിക്കുമോ? കർത്താവ് അയയ്ക്കാതെ പട്ടണത്തിൽ അനർഥം ഉണ്ടാകുമോ? ദൈവമായ കർത്താവ് തന്റെ ദാസരായ പ്രവാചകൻമാർക്ക് തന്റെ
രഹസ്യങ്ങൾ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല. സിംഹം ഗർജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കർത്താവ് സംസാരിച്ചു; ആർക്കു പ്രവചിക്കാതിരിക്കാൻ കഴിയും?

സോദോമിനെയും ഗൊമോറായെയും ഞാൻ നശിപ്പിച്ചതു പോലെ നിങ്ങളിൽ ചിലരെയും ഞാൻ നശിപ്പിച്ചു; കത്തുന്നതീയിൽനിന്നു വലിച്ചെടുത്ത കമ്പുകൾപോലെ ആയിരുന്നു നിങ്ങൾ. എന്നിട്ടും നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല-കർത്താവ് അരുൾചെയ്യുന്നു. അതുകൊണ്ട്, ഇസ്രായേൽജനമേ, ഞാൻ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേൽജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദർശനദിനത്തിന് ഒരുങ്ങിക്കൊള്ളുവിൻ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ!

അങ്ങ് ദുഷ്‌ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; തിൻമ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികൾ അങ്ങയുടെ കൺമുൻപിൽ നില്ക്കുകയില്ല; അധർമികളെ അങ്ങു വെറു ക്കുന്നു.

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ!

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കർത്താവു വെറുക്കുന്നു.

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ!

എന്നാൽ, അവിടത്തെ കാരുണ്യാതിരേകത്താൽ ഞാൻ അങ്ങയുടെ ആലയത്തിൽ പ്രവേശിക്കും. ഭക്തിപൂർവം ഞാൻ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനുനേരേ പ്രണമിക്കും.

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ!

അല്ലേലുയാ !

അല്ലേലൂയാ! (സങ്കീ 130 : 5). ഞാൻ കർത്താവിനെ കാത്തിരിക്കുന്നു; ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി)

അക്കാലത്ത്, യേശു തോണിയിൽ കയറിയപ്പോൾ ശിഷ്യൻമാർ അവനെ അനുഗമിച്ചു. കടലിൽ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നു. അവൻ ഉറങ്ങുകയായിരുന്നു. ശിഷ്യൻമാർ അടുത്തുചെന്ന് അവനെ ഉണർത്തി അപേക്ഷിച്ചു: കർത്താവേ, രക്ഷിക്കണമേ. ഞങ്ങൾ ഇതാ, നശിക്കുന്നു. അവൻ പറഞ്ഞു: അല്‌പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവൻ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി. അവർ ആശ്ച‌ര്യപ്പെട്ടുപറഞ്ഞു: ഇവൻ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ!

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.