Word of God

വി. പത്രോസിന്റെയും വി. പൗലോസിന്റെയും തിരുനാൾ വചനവായന

ജൂൺ 29

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(കർത്താവ് ഹേറോദേസിൻ്റെ കൈയിൽനിന്ന് എന്നെ രക്ഷിച്ചെന്ന് എനിക്കിപ്പോൾ പൂർണബോധ്യം വന്നിരിക്കുന്നു)

അക്കാലത്ത്, ഹേറോദേസ്‌രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹൂദരെ ഇതു സന്തോഷിപ്പിച്ചു വെന്നുകണ്ട് അവൻ പത്രോസിനെയും ബന്‌ധനസ്‌ഥനാക്കാൻ ഒരുമ്പെട്ടു. അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടൻമാർ വീതമുള്ള നാലുസംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെസഹാകഴിയുമ്പോൾ അവനെ ജനത്തിന്റെ മുമ്പിൽ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്രോസ് കാരാഗൃഹത്തിൽ സൂക്‌ഷിക്കപ്പെട്ടു. സഭഅവനുവേണ്ടി ദൈവത്തോടു തീക്‌ഷ്‌ണമായി പ്രാർഥിച്ചു കൊണ്ടിരുന്നു.

പരസ്യവിചാരണയ്ക്ക് പുറത്തുകൊണ്ടുവരാൻ ഹേറോദേസ് ഉദ്ദേശിച്ചിരുന്നതിന്റെ തലേരാത്രി, പത്രോസ് ഇരുചങ്ങലകളാൽ ബന്‌ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാർ കാരാഗൃഹവാതില്ക്കൽ കാവൽനില്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കർത്താവിൻറെ ഒരു ദുതൻ പ്രത്യക്ഷനായി. ആ മുറിയാകെ പ്രകാശം നിറഞ്ഞു. അവൻ പത്രോസിനെ പാർശ്വത്തിൽ തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു: വേഗം എഴുന്നേല്ക്കൂ. അപ്പോൾ അവന്റെ കൈകളിൽനിന്നു ചങ്ങലകൾ താഴേവീണു. ദൂതൻ അവനോടു പറഞ്ഞു: നീ അരമുറുക്കി പാദരക്‌ഷകൾ അണിയുക. അവൻ അങ്ങനെ ചെയ്തു. ദൂതൻ വീണ്ടും പറഞ്ഞു: മേലങ്കി ധരിച്ചുകൊണ്ട് എൻെറ പിന്നാലേ വരുക. അവൻ പുറത്തിറങ്ങി ദൂതനെ അനുഗമിച്ചു. എങ്കിലും, ദൂതൻവഴി സംഭവിച്ച ഇക്കാര്യം യാഥാർഥ്യമാണെന്ന് അവനു തോന്നിയില്ല. തനിക്ക് ഒരു ദർശനം ഉണ്ടായതാണെന്നേ അവൻ കരുതിയുള്ളൂ. അവർ ഒന്നാമത്തെയും രണ്ടാമത്തെയും കാവൽസ്‌ഥാനങ്ങൾ പിന്നിട്ട് നഗരത്തിലേക്കുള്ള ഇരുമ്പുകവാടത്തിലെത്തി. അത് അവർക്കായി സ്വയം തുറന്നു. അവർ പുറത്തുകടന്ന് ഒരു തെരുവുപിന്നിട്ടപ്പോൾ ദൂതൻ പെട്ടെന്ന് അപ്രത്യക്ഷനായി. അപ്പോഴാണ് പത്രോസിന് പൂർണബോധം വന്നത്. അവൻ പറഞ്ഞു: കർത്താവ് തന്റെ ദൂതനെ അയച്ച് ഹേറോദേസിൻ്റെ കരങ്ങളിൽ നിന്നും യഹൂദൻമാരുടെ വ്യാമോഹങ്ങളിൽനിന്നും എന്നെ മോചിപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ എനിക്കു വ്യക്തമായി.

പ്രതിവചനസങ്കീർത്തനം

കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും, അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ!

കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

എന്നോടൊത്ത് കർത്താവിനെ മഹത്ത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടത്തെനാമം സ്തുതിക്കാം. ഞാൻ കർത്താവിനെ തേടി, അവിടന്ന് എനിക്ക് ഉത്തരമരുളി സർവഭയങ്ങളിലും നിന്ന് അവിടന്ന് എന്നെ മോചിപ്പിച്ചു.

കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു; എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയുംചെയ്തു.

കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

കർത്താവിന്റെ ദൂതൻ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ; അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

കർത്താവിൻ്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(ഇതാ, നീതിയുടെ കിരീടം എനിക്കായി ഒരുക്കിയിരിക്കുന്നു)

വാത്സല്യമുള്ളവനേ, ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എൻ്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസംകാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്നകർത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവൻ്റെ ആഗമനം സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും. എന്നാൽ, കർത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവിധം വചനം പൂർണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ശക്തി അവിടന്ന് എനിക്കു നല്കി. അങ്ങനെ ഞാൻ സിംഹത്തിൻ്റെ വായിൽ നിന്നു രക്ഷിക്കപ്പെട്ടു. കർത്താവ് എല്ലാ തിന്മകളിലും നിന്ന് എന്നെ മോചിപ്പിച്ച്, തൻ്റെ സ്വർഗരാജ്യത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടത്തേക്കു മഹത്ത്വം! ആമേൻ.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Mt. 16: 18) നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നീ പാറയാണ്, സ്വർഗരാജ്യത്തിൻ്റെ താക്കോൽ ഞാൻ നിനക്കു തരും)

യേശു കേസറിയാഫിലിപ്പിപ്രദേശത്ത് എത്തിയപ്പോൾ ശിഷ്യൻമാരോടു ചോദിച്ചു: മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്‌നാപകയോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും വേറെചിലർ ജറെമിയാ
അല്ലെങ്കിൽ പ്രവാചകൻമാരിലൊരുവൻ എന്നും പറയുന്നു. അവൻ അവരോടു ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്. യേശു അവനോട് അരുൾചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ! മാംസരക്ത‌ങ്ങളല്ല, സ്വർഗസ്‌ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്‌ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.