Word of God

ആണ്ടുവട്ടം പതിനാലാം വാരം വെള്ളി വചനവായന

ജൂലൈ 10 വെള്ളി

ഒന്നാം വായന

ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞങ്ങളുടെ കരവേലകളെ, ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇസ്രായേൽ, നിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കർത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടത്തോടു പറയുക: അകൃത്യങ്ങൾ അകറ്റണമേ, നൻമയായത് അവിടന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാൻ ഞങ്ങൾ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ, ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥർ അങ്ങിൽ കാരുണ്യം കണ്ടെത്തുന്നു.

ഞാൻ അവരുടെ അവിശ്വസ്‌തതയുടെ മുറിവ് ഉണക്കും. ഞാൻ അവരുടെമേൽ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാൻ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവൻ പുഷ്പിക്കും. ഇലവുപോലെ അവൻ വേരുറപ്പിക്കും. അവന്റെ ശാഖകൾ പടർന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലബനോന്റെ പരിമളവും ഉണ്ടായിരിക്കും. അവർ തിരിച്ചു വന്ന് എന്റെ തണലിൽ വസിക്കും. പൂന്തോട്ടംപോലെ അവർപുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവർ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്‌ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരംപോലെയാണ് ഞാൻ. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്‌ഞാനമുള്ളവൻ ഇക്കാര്യങ്ങൾ മനസസിലാക്കട്ടെ! വിവേകമുള്ളവൻ ഇക്കാര്യങ്ങൾ അറിയട്ടെ! കർത്താവിൻെറ വഴികൾ ഋജുവാണ്. നീതിമാൻമാർ അതിലൂടെ ചരിക്കുന്നു. പാപികൾ അവയിൽ കാലിടറി വീഴുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.

ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എൻ്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

കർത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.

ഹൃദയപരമാർഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാൽ, എന്റെ അന്തരംഗത്തിൽ ജ്‌ഞാനം പകരണമേ! ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാൻ നിർമലനാകും; എന്നെ കഴുകണമേ! ഞാൻ മഞ്ഞിനെക്കാൾ വെൺമയുള്ളവനാകും.

കർത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.

ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!

കർത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും..

അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തര ണമേ! ഒരുക്കമുള്ള ഹൃദയം നല്‌കി എന്നെ താങ്ങണമേ! കർത്താവേ, എന്റെ അധരങ്ങൾ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്‌തുതികൾ ആലപിക്കും.

കർത്താവേ, എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 16 : 13a, 14, 26a). സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിൻ്റെ പൂർണതയിലേക്ക് നയിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിൻ്റെ ആത്‌മാവാണു സംസാരിക്കുന്നത്)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിനാൽ, നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിൻ. മനുഷ്യരെ സുക്‌ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക് ഏല്‌പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളിൽവച്ച് അവർ നിങ്ങളെ മർദിക്കും. നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കൻമാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകേ നിങ്ങൾ സാക്‌ഷ്യം നല്‌കും. അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത് ആ സമയത്തു നിങ്ങൾക്കു നല്‌കപ്പെടും. എന്തെന്നാൽ, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിൻെറ ആത്മാവാണു സംസാരിക്കുന്നത്.

സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും; മക്കൾ മാതാപിതാക്കൻമാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമം മൂലം നിങ്ങൾ സർവരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവൻ രക്ഷപ്പെടും. ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങൾ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂർത്തിയാക്കുകയില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.