ജൂലൈ 09 വ്യാഴം
ഒന്നാം വായന
ഹോസിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിരിക്കുന്നു)
കർത്താവ് അരുൾചെയ്യുന്നു: ഇസ്രായേൽ ശിശുവായിരുന്നപ്പോൾ ഞാനവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചു. എഫ്രായിമിനെ നടക്കാൻ പഠിപ്പിച്ചത് ഞാനാണ്. ഞാൻ അവരെ എന്റെ കരങ്ങളിലെടുത്തു; എന്നാൽ, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവർ അറിഞ്ഞില്ല. കരുണയുടെ കയർ പിടിച്ച് ഞാൻ അവരെ നയിച്ചു – സ്നേഹത്തിന്റെ കയർ തന്നെ. ഞാൻ അവർക്കു താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാൻ കുനിഞ്ഞ് അവർക്കു ഭക്ഷണം നല്കി.
എന്റെ ഹൃദയം എന്നെ വിലക്കുന്നു. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിരിക്കുന്നു. ഞാൻ എന്റെ ഉഗ്രകോപം നടപ്പാക്കുകയില്ല. എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല; ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ. ഞാൻ നിങ്ങളെ നശിപ്പിക്കാൻ വരുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
ഇസ്രായേലിന്റെ ഇടയനേ, കെരൂബുകളിൻമേൽ വസിക്കുന്നവനേ, പ്രകാശിക്കണമേ! ഉണർന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാൻ വരണമേ!
ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! സ്വർഗത്തിൽനിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ പരിഗണിക്കണമേ!
ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!
അല്ലേലൂയാ !
അല്ലേലൂയാ! (മർക്കോ 1:15). ദൈവരാജ്യം സമീപിച്ചിരിക്കു ന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു പോകുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പി ക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിൻ, ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ. നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്. യാത്രയ്ക്ക സഞ്ചിയോ രണ്ട് ഉടുപ്പുകളോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്. വേലചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ്.
നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ, അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അന്വേഷിക്കുകയും അവിടംവിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിൻ. നിങ്ങൾ ആ ഭവനത്തിൽ പ്രവേശിക്കുമ്പോൾ അതിനു സമാധാനം ആശംസിക്കണം. ആ ഭവനം അർഹതയുള്ളതാണെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ വസിക്കട്ടെ. അർഹതയില്ലാത്തതെങ്കിൽ, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാൽ, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ. വിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സോദോം-ഗൊമോറാ ദേശങ്ങൾക്ക് കൂടുതൽ ആശ്വാസമുണ്ടാകുമെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.




