ജൂലൈ 11 ശനി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(അശുദ്ധമായ അധരങ്ങളുള്ളവനാണ് ഞാൻ; എന്നിട്ടും എൻ്റെ നയനങ്ങൾ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ ദർശിച്ചു)
ഉസിയാ രാജാവു മരിച്ചവർഷം കർത്താവ് ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നതു ഞാൻ കണ്ടു. അവിടത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവൻ നിറഞ്ഞുനിന്നു. അവിടത്തെ ചുററും സെറാഫുകൾ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകൾവീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകൾകൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകൾ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വം നിറഞ്ഞിരിക്കുന്നു. അവയുടെ ശബ്ദഘോഷത്താൽ പൂമുഖത്തിന്റെ അടിസ്ഥാനങ്ങൾ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.
ഞാൻ പറഞ്ഞു: എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ, ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാൽ, സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു. അപ്പോൾ സെറാഫുകളിലൊന്ന് ബലിപീഠത്തിൽനിന്ന് കൊടിൽകൊണ്ട് എടുത്ത ഒരു തീക്കനലുമായിഎന്റെയടുത്തേക്കു പറന്നുവന്നു. അവൻ എൻ്റെ അധരങ്ങളെ സ്പർശിച്ചിട്ടു പറഞ്ഞു: ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിൻെറ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം കർത്താവ് അരുൾചെയ്യുന്നതു ഞാൻ കേട്ടു: ആരെയാണ് ഞാൻ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ! എന്നെ അയച്ചാലും!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു വാഴുന്നു; അവിടന്നു മഹിമയണിഞ്ഞിരിക്കുന്നു.
കർത്താവു വാഴുന്നു; അവിടന്നു മഹിമയണിഞ്ഞിരിക്കുന്നു അവിടന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു.
കർത്താവു വാഴുന്നു; അവിടന്നു മഹിമയണിഞ്ഞിരിക്കുന്നു.
ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
കർത്താവു വാഴുന്നു; അവിടന്നു മഹിമയണിഞ്ഞിരിക്കുന്നു.
അങ്ങയുടെ കല്പന വിശ്വാസ്യവും അലംഘനീയവുമാണ്; കർത്താവേ, പരിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
കർത്താവു വാഴുന്നു; അവിടന്നു മഹിമയണിഞ്ഞിരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (1 പത്രോ 4 : 14). ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാൻമാർ. എന്തെന്നാൽ, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു. – അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട)
അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു: ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല; ഭ്യത്യൻ യജമാനനെക്കാൾ വലിയവനല്ല. ശിഷ്യൻ ഗുരുവിനെപ്പോലെയും ഭൃത്യൻ യജമാനനെപ്പോലെയും ആയാൽ മതി. ഗ്യഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ, അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
നിങ്ങൾ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാൽ, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു ഘോഷിക്കുവിൻ. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ, ഒരു നാണയത്തുട്ടിന് രണ്ടു കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിൻെറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിൻെറ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും.




