ജൂൺ 03 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(എൻ്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണം)
യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താൽ യേശുക്രിസ്തുവിൻെറ അപ്പസ്തോലനായ പൗലോസ്, പ്രേഷ്ഠ പുത്രനായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും. രാവും പകലും എൻ്റെ പ്രാർഥനകളിൽ ഞാൻ സദാ നിന്നെ സ്മരിക്കുമ്പോൾ, എന്റെ പിതാക്കൻമാർ ചെയ്തതുപോലെ നിർമലമനഃസാക്ഷിയോടുകൂടെ ഞാൻ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
എന്റെ കൈവയ്പ്പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കർത്താവിനു സാക്ഷ്യം നല്കുന്നതിൽ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളിൽ നീയും പങ്കുവഹിക്കുക. അവിടന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു . അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യം മുൻ നിർത്തിയും യുഗങ്ങൾക്കുമുമ്പ് യേശുക്രിസ്തുവിൽ നമുക്കു നല്കിയ കൃപാവരമനുസരിച്ചുമാണ്. ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തിൽ നമുക്കു പ്രതീക്ഷിഭവിച്ചിരിക്കുന്നു. അവൻ മരണം ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാൻ നിയമിതനായിരിക്കുന്നു. ഇക്കാരണത്താലാണ് ഞാൻ ഇപ്പോൾ ഇവയെല്ലാം സഹിക്കുന്നത്. ഞാൻ അതിൽ ലജ്ജിക്കുന്നില്ല. എന്തെന്നാൽ, ആരിലാണ് ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസംവരെയും ഭദ്രമായി കാത്തുസൂക്ഷിക്കാൻ അവനു കഴിയുമെന്നും എനിക്കു പൂർണബോധ്യമുണ്ട്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു.
സ്വർഗത്തിൽ വാഴുന്നവനേ, അങ്ങിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു. ദാസൻമാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ കണ്ണുകൾ അവിടത്തെ നോക്കിയിരിക്കുന്നു.
കർത്താവേ, അങ്ങിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു.
ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിനു ഞങ്ങളുടെമേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവിടത്തെ നോക്കിയിരിക്കുന്നു.
കർത്താവേ, അങ്ങിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 11:258, 26). കർത്താവ് അരുൾചെ യ്യുന്നു: ഞാനാണ് ഉത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്ന വൻ ഒരിക്കലും മരിക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവിടന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്)
അക്കാലത്ത്, ഉത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായർ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരുവൻ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കിൽ, അവൻെറ സഹോദരൻ അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയു ടെ കല്പനയിൽ ഉണ്ട്. ഒരിടത്ത് ഏഴു സഹോദരൻമാരുണ്ടായി രുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു. അവൻ സന്താനമില്ലാതെ മരിച്ചു. രണ്ടാമൻ അവളെ സ്വീകരിച്ചു. അവനും സന്താ നമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. ഉത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ ആരുടെ ഭാര്യയായിരിക്കും? അവൾ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങൾക്കു തെറ്റുപറ്റുന്നത്? എന്തെന്നാൽ, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവർ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവർ സ്വർഗത്തിലെ ദൂതൻമാരെപ്പോലെയായിരിക്കും. മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച്, ദൈവം മുൾപ്പടർപ്പിൽനിന്നു മോശയോട് അരുൾചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ? അവിടന്നു പറഞ്ഞു: ഞാൻ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റുപറ്റിയിരിക്കുന്നു.




