ഒക്ടോബർ 21 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(വിജാതീയർ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളാണെന്ന ക്രിസ്തുവിന്റെ രഹസ്യം ഇപ്പോൾ വെളിവാക്കപ്പെട്ടു)
സഹോദരരേ, നിങ്ങൾക്കുവേണ്ടി ദൈവക്യപ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ മുമ്പ് ചുരുക്കത്തിൽ നിങ്ങൾക്ക് എഴുതിയിട്ടുള്ളതു പോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. അതു വായിക്കുമ്പോൾ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉൾക്കാഴ്ച എന്തെന്നു നിങ്ങൾക്കു മനസ്സിലാക്കാം. ഇപ്പോൾ അവിടത്തെ വിശുദ്ധരായ അപ്പസ്തോലൻമാർക്കും പ്രവാചകർക്കും പരിശുദ്ധാത്മാവാൽ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യർക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈവെളിപാടനുസരിച്ച് വിജാതീയർ കൂട്ടവകാശികളും ഒരേ ശരീരത്തിൻെറ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്തുവിൽ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്. ദൈവത്തിന്റെ കൃപാവരത്താൽ ഞാൻ ഈ സുവിശേഷത്തിൻെറ ശുശ്രൂഷകനായി. അവിടത്തെ ശക്തിയുടെ പ്രവർത്തനങ്ങളുടെ ഫലമായത്രേ എനിക്ക് ഈ കൃപാവരം നല്കപ്പെട്ടത്. വിജാതീയരോട് ക്രിസ്തുവിൻ്റെ ദുർഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും സകലത്തിന്റെയും സ്രഷ്ടാവായ ദൈവത്തിൽ യുഗങ്ങളോളം നിഗുഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവർത്തനം എല്ലാവർക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരിൽ ഏറ്റവും നിസ്സാരനായ എനിക്കു നല്കപ്പെട്ടു. സ്വർഗീയ ഇടങ്ങളിലുള്ള ശക്തികൾക്കും അധികാരങ്ങൾക്കും സഭയിലൂടെ ദൈവത്തിന്റെ ബഹുമുഖജ് ഞാനം വ്യക്തമാക്കി കൊടുക്കാൻവേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. ഇതു നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ സാക്ഷാത്കരിക്കപ്പെട്ട അവിടത്തെ നിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്. അവനിലുള്ള വിശ്വാസം മൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാൻ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.
കർത്താവിൻ്റെ വചനം.
പ്രതിവചനസങ്കീർത്തനം
രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
ദൈവമാണ് എൻ്റെ രക്ഷ, ഞാൻ അങ്ങിൽ ആശ്രയിക്കും; ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ, ദൈവമായ കർത്താവ് എൻ്റെ ബലവും എൻ്റെ ഗാനവും ആണ്. അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കർത്താവിനു നന്ദിപറയുവിൻ. അവിടത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ. ജനതകളുടെ ഇടയിൽ അവിടത്തെ പ്രവൃത്തികൾ വിളംബരം ചെയ്യുവിൻ. അവിടത്തെ നാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിൻ.
രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കർത്താവിനു സ്തുതിപാടുവിൻ. അവിടന്ന് മഹത്ത്വത്തോടെ പ്രവർത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോൻവാസികളേ, ആർത്തട്ടഹസിക്കുവിൻ; സന്തോഷത്തോടെ കീർത്തനങ്ങൾ ആലപിക്കുവിൻ. ഇസ്രായേലിന്റെ പരിശുദ്ധനായവൻ മഹത്ത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 24:42a-44). മനുഷ്യപുത്രൻ ഏതുദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു ഇത് അറിഞ്ഞു കൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായകൻ അറിഞ്ഞിരുന്നെങ്കിൽ തന്റെ വീടു കുത്തിത്തുറക്കാൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.
പത്രോസ് ചോദിച്ചു: കർത്താവേ, നീ ഈ ഉപമ പറയുന്നത് ഞങ്ങൾക്കുവേണ്ടിയോ എല്ലാവർക്കും വേണ്ടിയോ? അപ്പോൾകർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ ആരാണ്? യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപ്യതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തൻെറ സകല സ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും. എന്നാൽ, ആ ഭ്യത്യൻ തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽ കരുതി, യജമാനന്റെ ദാസൻമാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉൻമത്തനാകാനും തുടങ്ങിയാൽ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വരുകയും അവനെ ശിക്ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്ഷാർഹമായ തെറ്റു ചെയ്തതെങ്കിൽ, അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും.




