Kerala

വരാപ്പുഴ അതിരൂപതയുടെ 150 -ാo മത് ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും

സ്വന്തം ലേഖകൻ

കൊച്ചി: വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാക്കുന്ന 2026 സെപ്റ്റംബർ 1 ന് 150 മത് ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾ ഔപചാരികമായി ആരംഭിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദിവ്യബലിയും പതാക ഉയർത്തലും വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രൽ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടക്കും. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.അന്നുതന്നെ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ജൂബിലി പതാക ഉയർത്തൽ കർമ്മവും നടക്കും.

2036-ൽ നൂറ്റി അമ്പതു വർഷങ്ങൾ പൂർത്തിയാക്കാനുള്ള യാത്ര ആരംഭിക്കുന്ന വരാപ്പുഴ അതിരൂപതയുടെ സ്ഥാപനത്തിന് കാരണമായ കേരള ക്രൈസ്തവരുടെയും, കേരള സമൂഹത്തിൻ്റേയും നവോത്ഥാനത്തിന് അടിസ്ഥാനവും തുടക്കവും കുറിച്ച ഉദയംപേരൂർ സൂനഹദോസ് എന്ന ചരിത്രസംഭവം നടന്നത് 1599 ലാണ്. ഈ സൂനഹദോസ് വിളിച്ചു കൂട്ടുവാൻ ഗോവ ആർച്ച് ബിഷപ്പ് അലെക്സിസ് മെനെസിസിന് ക്ലെമൻ്റ് എട്ടാമൻ പാപ്പ അധികാരം നല്കിയിരുന്നു. 1599 ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ആർച്ച് ബിഷപ്പ് മെനെസിസ് അന്ന് മലബാർ സഭയിലുണ്ടായിരുന്ന ഒട്ടുമിക്ക ദേവാലയങ്ങളും സന്ദർശിച്ച് സൂനഹദോസിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി. ജൂൺ 20 മുതൽ 26 വരെ അന്നത്തെ ഒരു ക്രിസ്തീയ കേന്ദ്രമായിരുന്ന ഉദയംപേരൂർ ദേവാലയത്തിൻ്റെ അങ്കണത്തിൽ വച്ച് മലബാർ സഭയിലെ 133 വൈദീകരും 20 ഡീക്കന്മാരും 660 അല്മായ പ്രമുഖരും സംബന്ധിച്ച സൂനഹദോസ് നടന്നു. അന്നു കേരളത്തിലുണ്ടായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിൽ രണ്ടെണ്ണമൊഴികെ ബാക്കി 114 ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും സൂനഹദോസിൽ സംബന്ധിച്ചു എന്നതാണ് ചരിത്രം.

അന്നു സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹ്യവും വിശ്വാസ സംബന്ധവുമായ ദുരാചാരങ്ങൾ നീക്കം ചെയ്യുവാൻ കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളേയും , ഏഴുകൂദാശകളേയും സാമൂഹ്യ ജീവിതത്തിലെ മൂല്യങ്ങളെയും സംബന്ധിച്ച് നവോത്ഥാന മൂല്യങ്ങൾ മുന്നോട്ടുവച്ച 200 -ൽ പരം കാനോനകളാണ് ഈ സൂനഹദോസിൽ ഒപ്പുവച്ച് നടപ്പാക്കിയത്. ഇപ്രകാരം കേരള പൗരാണിക ക്രിസ്ത്യാനികൾ മുഴുവനും കത്തോലിക്കാ വിശ്വാസം പുൽകിയ ചരിത്ര മുഹൂർത്തമായിരുന്നു ഈ സൂനഹദോസ്. 1600 ഏപ്രിൽ ഒന്നിന് ക്ലമന്റ് എട്ടാമൻ പാപ്പ ആർച്ച് ബിഷപ്പ് മെനെസിസിന് അയച്ച ‘മുൾത്താം ഇൻ ദോമിനോ’ എന്ന തിരുവെഴുത്തിലൂടെ ഉദയംപേരൂർ സൂനഹദോസ് നടപടികളെ ശ്ലാഘിക്കുകയും ഈ ദൗത്യനിർവ്വഹണത്തിൽ മെത്രാപ്പോലീത്തായക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 1601 മെയ് 19 ന് പാപ്പ ‘ദിവിനാം ദേയി’ എന്ന തിരുവെഴുത്തിലൂടെ ഉദയംപേരൂർ സൂനഹദോസിലെ എല്ലാ ഡിക്രികൾക്കും നടപടികൾക്കും ശ്ലൈഹികാശീർവ്വാദം നല്കി.

എന്നാൽ 1653-ൽ മട്ടാഞ്ചേരിയിൽ വച്ചു നടന്ന ഭിന്നിപ്പും അതേ തുടർന്നുണ്ടായ ശീശ്മയും കേരള സഭയെ വീണ്ടും ഇരുളിലാഴ്ത്തി. മലബാർ സഭയിൽ ഉടലെടുത്ത പ്രശ്നങ്ങൾ പഠിക്കാനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുമായി 1657 ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ രണ്ട് അപ്പസ്തോലിക സംഘങ്ങളെ മലബാറിലേക്കയച്ചു. ഫാ. ജോസഫ് സെബസ്ത്യാനി OCD യുടെ നേതൃത്വത്തിൽ ഒരു സംഘം കരവഴിയും ഫാ. ഹൈസിന്ത് OCD യുടെ നേതൃത്വത്തിൽ പോർച്ചുഗൽ വഴി കപ്പൽ മാർഗ്ഗവും അവർ യാത്ര തിരിച്ചു. ജീവൻ പണയപ്പെടുത്തി ദുർഘടമായ യാത്ര പൂർത്തിയാക്കി ഫാ. ജോസഫ് സെബസ്ത്യാനിയുടെ സംഘം 1657 ൽ ഇടപ്പള്ളി വി. ഗീവർഗ്ഗീസ് സഹദായുടെ പള്ളിയിലെത്തി, തുടർന്നു മലബാർ സഭയിലെ എല്ലാ പള്ളികളിലും യോഗങ്ങൾ ചേരുകയും അനുരജ്ഞന ശ്രമങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കുകയും കത്തോലിക്കാ വിശ്വാസ കൂട്ടായ്മയിലേക്ക് ഭൂരിഭാഗം ദേവാലയങ്ങളേയും തിരിച്ചു കൊണ്ടുവരികയും ചെയ്തു. റിപ്പോർട്ടുമായി 1658-ൽ റോമിൽ തിരിച്ചെത്തിയ സെബസ്ത്യാനിയെ തന്നെ മെത്രാനായി വാഴിച്ച് പരിശുദ്ധ സിംഹാസനം മലബാർ ക്രൈസ്തവരെ ഒന്നാകെ ‘മലബാർ വികാരിയാത്ത്’ എന്ന കത്തോലിക്കാ ഭരണ സംവിധാനത്തിൽ പുനർനിർണയിച്ചു.’അപ്പസ്തോലിക് വികാരി’ യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാർ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി 1659-ൽ കേരളത്തിൽ തിരികെയെത്തി.

മലബാർ വികാരിയാത്തിന്റെ ആസ്ഥാനം അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയാവുകയും 1709-ൽ വരാപ്പുഴ വികാരിയാത്ത് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1886-ൽ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടു. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന സുറിയാനിക്കാർക്കു വേണ്ടി കോട്ടയം, തൃശ്ശൂർ സുറിയാനി വികാരിയാത്തുകളും സ്ഥാപിതമായി.ഉദയംപേരൂർ സൂനഹദോസു മുതൽ ആരംഭിച്ച അഭംഗുരമായ കത്തോലിക്ക വിശ്വാസ പാരമ്പര്യത്തിൽ, 1886-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ പാപ്പ “ഹുമാനേ സലൂത്തിസ് ഔക്തോർ” എന്ന തിരുവെഴുത്തുവഴി, സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപത കേരളസഭയിൽ ജന്മമെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.