സെപ്റ്റംബർ 09 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നീ വിവാഹിതനാണെങ്കിൽ, ആ ബന്ധത്തിൽനിന്നു മോചനം തേടണ്ടാ, നീ അവിവാഹിതനാണെങ്കിൽ ഭാര്യയെ സ്വീകരിക്കാൻ പോകേണ്ടാ)
സഹോദരരേ, അവിവാഹിതരെപ്പറ്റി കർത്താവിന്റെ കല്പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാൽ, വിശ്വസ്തനായിരിക്കാൻ കർത്താവിൽനിന്നു കരുണ ലഭിച്ചവൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു. ആസന്നമായ വിപത് സന്‌ധി കണക്കിലെടുക്കുമ്പോൾ ഓരോരുത്തരും ഇപ്പോഴത്തെ നിലയിൽ തുടരുന്നതായിരിക്കും നല്ലതെന്നു ഞാൻ കരുതുന്നു. നീ സഭാര്യനാണെങ്കിൽ സ്വതന്ത്രനാകാൻ ശ്രമിക്കേണ്ടാ; വിഭാര്യ നാണെങ്കിൽ വിവാഹിതനാവുകയും വേണ്ടാ. നീ വിവാഹം കഴിക്കുന്നെങ്കിൽ അതിൽ പാപമില്ല. കന്യക വിവാഹിതയായാൽ അവളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവർക്ക് ലൗകികക്ലേശങ്ങൾ ഉണ്ടാകും. അതിൽനിന്നു നിങ്ങളെ ഒഴിവാക്കാനാണ് എൻ്റെ ശ്രമം. സഹോദരരേ, സമയം പരിമിതമാണ്. ഇനിമേൽ ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും ആഹ്ലാദിക്കുന്നവർ ആഹ്ലാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവർ ഒന്നും കൈവശമില്ലാത്തവരെപ്പോലെയും ലോകകാര്യങ്ങളിൽ ഇടപെടുന്നവർ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാൽ, ഈ ലോകത്തിന്റെ രൂപഭാവങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക.
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക; നിന്റെ ജന ത്തെയും പിതൃഭവനത്തെയും മറക്കുക. അപ്പോൾ രാജാവു നിൻറെ സൗന്ദര്യത്തിൽ ആകൃഷ്‌ടനാകും, അവൻ നിൻറ നാഥനാണ്, അവനെ വണങ്ങുക.
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക.
ധനികൻമാർ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാ രി സ്വർണക്കസവുടയാടചാർത്തി അന്തഃപുരത്തിൽ ഇരിക്കു ന്നു. വർണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നി ധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടി സേവിക്കുന്നു.
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക.
ആഹ്ളാദഭരിതരായി അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു. നിന്റെ പുത്രൻമാർ പിതാക്കൻമാരുടെ സ്‌ഥാനത്ത്അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും.
മകളേ, കേൾക്കുക, ചെവിചായിച്ചു ശ്രദ്‌ധിക്കുക.
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 6 : 23ab). കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചുചാടുവിൻ; സ്വർഗ ത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; സമ്പന്നരേ, നിങ്ങൾക്കു ദുരിതം)
അക്കാലത്ത്, യേശു ശിഷ്യരുടെ നേരേ കണ്ണുകളുയർത്തി അരുൾചെയ്തു: ദരിദ്രരേ, നിങ്ങൾ ഭാഗ്യവാൻമാർ; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോൾ വിശപ്പു സഹിക്കുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ തൃപ്‌തരാക്കപ്പെടും. ഇപ്പോൾ കരയുന്നവരേ, നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേര് ദുഷിച്ചതായിക്കരുതി തിരസ്കരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ. അപ്പോൾ നിങ്ങൾ ആഹ്ലാദിക്കുവിൻ, സന്തോഷിച്ചു കുതിച്ചുചാടുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.അവരുടെ പിതാക്കൻമാർ പ്രവാചകൻമാരോടും ഇപ്രകാരം തന്നെയാണ് പ്രവർത്തിച്ചത്.
എന്നാൽ, സമ്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഃഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കൻമാർ വ്യാജപ്രവാചകൻമാരോടും അങ്ങനെ തന്നെ ചെയ്തു.




