ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (2 : 19-22)
(അപ്പസ്തോലൻമാരായ അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ)
സഹോദരരേ, ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങ ളുമാണ്. അപ്പസ്തോലൻമാരും പ്രവാചകൻമാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്‌തുവാണ്. ക്രിസ്‌തുവിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പരിശുദ്‌ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിൽ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (19 : 1-2, 3-4)
അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;
വാന വിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്‌ഞാനം പകരുന്നു.
അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേൾക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകൾ ലോകത്തിൻ്റെ അതിർത്തിയോളം എത്തുന്നു.
അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 17:17b)
അല്ലേലൂയാ !
അല്ലേലൂയാ! നമുക്കു ദൈവത്തെ സ്തുതിക്കാം; നമുക്ക് അവി ടുത്തെ പാടിപ്പുകഴ്ത്താം. കർത്താവേ, അനുഗൃഹീതരായ അപ്പോ സ്തലന്മാരുടെ ഗണം അങ്ങയെ സ്തുതിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തിൽനിന്ന് (6 : 12-16)
(അവരിൽനിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലൻമാർ എന്ന പേരു നല്കി)
അക്കാലത്ത്, യേശു പ്രാർഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടു രാത്രി മുഴുവൻ ചെലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യൻമാരെ അടുത്തു വിളിച്ച് അവരിൽനിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലൻമാർ എന്നു പേരു നൽകി. അവർ, പത്രോസ് എന്ന് അവൻ പേരു നൽകിയ ശിമയോൻ, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ, യാക്കോബിൻ്റെ മകനായ യൂദാസ്, ഒറ്റുകാരനായി ത്തീർന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.




