മെയ് 07 വ്യാഴം
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം)
അക്കാലത്ത്, വലിയ വാദപ്രതിവാദം നടന്നപ്പോൾ, പത്രോസ് എഴുന്നേറ്റ് പറഞ്ഞു: സഹോദരൻമാരേ, വളരെ മുമ്പു തന്നെ ദൈവം നിങ്ങളുടെയിടയിൽ ഒരു തിരഞ്ഞെടുപ്പു നടത്തുകയും വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷ വചനങ്ങൾ കേട്ടു വിശ്വസിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്കെന്നതുപോലെ അവർക്കും, പരിശുദ്‌ധാത്മാവിനെ നല്കിക്കൊണ്ട് അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മിൽ അവിടന്നു വ്യത്യാസം കല്പ്‌പിച്ചില്ല; അവരുടെ ഹൃദയങ്ങളെയും വിശ്വാസം കൊണ്ടു പവിത്രീകരിച്ചു. അതുകൊണ്ട്, നമ്മുടെ പിതാക്കൻമാർക്കോ നമുക്കോ താങ്ങാൻ വയ്യാതിരുന്ന ഒരു നുകം ഇപ്പോൾ ശിഷ്യരുടെ ചുമലിൽ വച്ചുകെട്ടി എന്തിനു ദൈവത്തെ നിങ്ങൾ പരീക്ഷിക്കുന്നു? അവരെപ്പോലെതന്നെ നാമും രക്ഷ പ്രാപിക്കുന്നത് കർത്താവായ യേശുവിന്റെ കൃപയാലാണെന്ന് നാം വിശ്വസിക്കുന്നു.
സമൂഹം നിശ്ശബ്ദമായിരുന്നു. തങ്ങൾവഴി വിജാതീയരുടെയിടയിൽ ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങളും അടയാളങ്ങളും ബാർണബാസും പൗലോസും വിവരിച്ചത് അവർ ശ്രദ്‌ധാ പൂർവം കേട്ടുകൊണ്ടിരുന്നു. അവർ പറഞ്ഞവസാനിപ്പിച്ചപ്പോൾ യാക്കോബ് പറഞ്ഞു: സഹോദരൻമാരേ, ഞാൻ പറയുന്നതു കേൾക്കുവിൻ. തന്റെ നാമത്തിനുവേണ്ടി വിജാതീയരിൽനിന്ന് ഒരു ജനത്തെ തിരഞ്ഞെടുക്കാൻ ദൈവം ആദ്യം അവരെ സന്ദർശിച്ചതെങ്ങനെയെന്നു ശിമയോൻ വിവരിച്ചുവല്ലോ. പ്രവാചകൻമാരുടെ വാക്കുകൾ ഇതിനോടു പൂർണമായി യോജിക്കുന്നു. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഇതിനുശേഷം ഞാൻ തിരിച്ചു വരും. ദാവീദിൻെറ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്‌ടങ്ങളിൽനിന്ന് ഞാൻ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാൻ വീണ്ടും ഉയർത്തിനിർത്തും. കർത്താവ് അരുൾചെയ്യുന്നു: ശേഷിക്കുന്ന ജനങ്ങളും എന്റെ നാമത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വിജാതീയരും കർത്താവിനെ അന്വേഷിക്കുന്നതിനുവേണ്ടിയാണിത്. അവിടന്ന് പുരാതനകാലം മുതൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം. എന്നാൽ, അവർ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന മാലിന്യത്തിൽനിന്നും വ്യഭിചാരത്തിൽ നിന്നും കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവയിൽ നിന്നും രക്തത്തിൽ നിന്നും അകന്നിരിക്കാൻ അവർക്ക് എഴുതണം. എന്തെന്നാൽ, തലമുറകൾക്കു മുമ്പുതന്നെ എല്ലാ നഗരങ്ങളിലും മോശയുടെ നിയമം പ്രഘോഷിക്കുന്ന ചിലരുണ്ടായിരുന്നു. എല്ലാ സാബത്തിലും സിനഗോഗുകളിൽ അതു വായിക്കുകയും ചെയ്യുന്നുണ്ട്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ(അല്ലെങ്കിൽ അല്ലേലൂയാ!)
കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്‌തുതിക്കട്ടെ! കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ. അവിടത്തെ നാമം വാഴ്ത്തുവിൻ
ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ
അവിടത്തെ രക്ഷ പ്രതിദിനം പ്രകീർത്തിക്കുവിൻ ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ, ജനപദങ്ങളുടെയിടയിൽ അവിടത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ
ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ
ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ: കർത്താവു വാഴുന്നു; ലോകം സുസ്‌ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടന്ന് ജനതകളെ നീതിപൂർവം വിധിക്കും
ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 10 : 27). കർത്താവ് അരുൾചെയ്യുന്നു: എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു. പിതാവ് എന്നെ സ്നേഹിച്ചതുപോലെ, ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ. ഞാൻ എന്റെ പിതാവിൻ്റെ കല്‌പനകൾ പാലിച്ച് അവിടത്തെ സ്നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ പാലിച്ചാൽ എൻ്റെ സ്നേഹത്തിൽ നിലനില്ക്കും. ഇത് ഞാൻ നിങ്ങളോടു പറഞ്ഞത്, എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്




