ഓഗസ്റ്റ് 04 ചൊവ്വ
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(നിന്റെ കഠിനപാപങ്ങൾനിമിത്തമാണ് ഇവയെല്ലാം ഞാൻ നിന്നോടു ചെയ്തത്. യാക്കോബിൻ്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാൻ പുനഃസ്ഥാപിക്കും)
കർത്താവിൽനിന്നു ജറെമിയായ്ക്കുണ്ടായ അരുളപ്പാട്. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിന്നോടു പറഞ്ഞതെല്ലാം ഒരു പുസ്തകത്തിൽ എഴുതുക. കർത്താവ് അരുൾചെയ്യുന്നു: സുഖപ്പെടുത്താനാവാത്തവിധം നിനക്കു ക്ഷതമേറ്റിരിക്കുന്നു; നിൻെറ മുറിവു ഗുരുതരമാണ്. നിനക്കുവേണ്ടി വാദിക്കാൻ ആരുമില്ല; നിന്റെ മുറിവിനു മരുന്നില്ല; നിനക്കു സൗഖ്യം ലഭിക്കുകയുമില്ല. നിന്റെ സ്നേഹിതരെല്ലാം നിന്നെ മറന്നിരിക്കുന്നു. അവർ നിന്റെ കാര്യം അന്വേഷിക്കുന്നതേയില്ല. എന്തെന്നാൽ, നിൻ്റെ അസംഖ്യം അക്യത്യങ്ങളും ഘോരമായ പാപങ്ങളും നിമിത്തം ക്ഷതമേല്പിക്കുന്ന ശത്രുവിനെപ്പോലെയും ക്രൂരമായി ശിക്ഷിക്കുന്നവനെപ്പോലെയും ഞാൻ നിന്നെ മുറിപ്പെടുത്തിയിരിക്കുന്നു. നിന്റെ വേദനയെച്ചൊല്ലി എന്തിനു നിലവിളിക്കുന്നു? നിൻെറ ദുഃഖത്തിനു ശമനമുണ്ടാവുകയില്ല. എന്തെന്നാൽ, നിന്റെ അകൃത്യങ്ങൾ അസംഖ്യവും നിന്റെ പാപങ്ങൾ ഘോരവുമാണ്. ഞാനാണ് ഇവയെല്ലാം നിന്നോടു ചെയ്തത്. കർത്താവ് അരുൾചെയ്യുന്നു: യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാൻ പുനഃസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോടു ഞാൻ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കുമ്പാരത്തിൽനിന്നു വീണ്ടും പണിയപ്പെടും; കൊട്ടാരം അതിന്റെ സ് ഥാനത്തുതന്നെ വീണ്ടും ഉയർന്നു നില്ക്കും. അവയിൽനിന്നു കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ലാദാരവവും ഉയരും: ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞുപോവുകയില്ല. ഞാൻ അവരെ മഹത്ത്വമണിയിക്കും; അവർ നിസ്സാരരാവുകയില്ല. അവരുടെ മക്കൾ പൂർവകാലത്തേതുപോലെയാകും; അവരുടെ സമൂഹം എൻ്റെ മുൻപിൽ സുസ്ഥാപിതമാകും; അവരെ ദ്രോഹിക്കുന്നവരെ ഞാൻ ശിക്ഷിക്കും. അവരുടെ രാജാവ് അവരിൽ ഒരാൾ തന്നെയായിരിക്കും; അവരുടെ ഭരണാധിപൻ അവരുടെയിടയിൽ നിന്നുതന്നെ വരും. എൻ്റെ സന്നിധിയിൽ വരാൻ ഞാൻ അവനെ അനുവദിക്കും; അപ്പോൾ അവൻ എന്റെ അടുക്കൽ വരും. അല്ലാതെ എന്നെ സമീപിക്കാൻ ആരാണു ധൈര്യപ്പെടുക കർത്താവ് അരുൾചെയ്യുന്നു. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും.
ജനതകൾ കർത്താവിൻ്റെ നാമം ഭയപ്പെടും; ഭൂമിയിലെ രാജാക്കൻമാർ അങ്ങയുടെ മഹത്ത്വവും. അഗതികളുടെ പ്രാർഥന അവിടന്നു പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല.
കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും.
ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടത്തെ സ്തുതിക്കാൻ വേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ! അവിടന്ന് തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു താഴേക്കു നോക്കി; സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും.
അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി വസിക്കും; അവരുടെ സന്തതിപരമ്പര അങ്ങയുടെ മുൻപിൽ നിലനില് ക്കും. തടവുകാരുടെ ഞരക്കം കേൾക്കാനും മരണത്തിനു വിധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുംവേണ്ടി സ്വർഗത്തിൽനിന്നു കർത്താവു ഭൂമിയെ നോക്കി.
കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷപ്പെടും.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 1:49b). റബ്ബീ, അങ്ങു ദൈവപുത നാണ്; ഇസ്രായേലിന്റെ രാജാവാണ് അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക.)
ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്കു പോകാൻ യേശു ശിഷ്യൻമാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടശേഷം ഏകാന്തതയിൽ പ്രാർഥിക്കാൻ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ചായിരുന്നു. ഇതിനിടെ വഞ്ചി കരയിൽനിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽപ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിൻമീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനേ അവൻ അവരോടു സംസാരിച്ചു: ധൈര്യത്തോടെയിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതേകൂടെ അങ്ങയുടെ അടുത്തേ ക്കു വരാൻ കല്പ്പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നുചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചുപറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനേ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്? അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവർ അവനെ ആരാധിച്ചു കൊണ്ട്, സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
അവർ കടൽ കടന്ന് ഗനേസറത്തിലെത്തി. അവിടത്തെ ജനങ്ങൾ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടുവന്നു. അവന്റെ വസ്ത്രത്തിൻെ വിളുമ്പിൽ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവർ അവനോടപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു .




