Word of God

ആഗമനകാലം ഒന്നാം വാരം : ശനി വചന വായന

ഒന്നാം വാരം ശനി

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(നിന്റെ വിലാപസ്വരം കേട്ട് അവിടന്ന് കരുണ കാണിക്കും)

ഇസ്രായേലിന്റെ പരിശുദ്ധനും ദൈവവുമായ കർത്താൻ അരുൾചെയ്യുന്നു. ജറുസലേമിൽ വസിക്കുന്ന സീയോൻ ജനമേ, ഇനിമേൽ നീ കരയുകയില്ല; നിൻ്റെ വിലാപസ്വരം കേട്ട് അവിടന്ന് കരുണ കാണിക്കും; അവിടന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും. കർത്താവ് നിനക്കു കഷ്ടതയുടെ അപ്പവും ക്ളേശത്തിന്റെ ജലവും തന്നാലും, നിന്റെ ഗുരു നിന്നിൽനിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.

അവിടന്ന് നീ വിതയ്ക്കുന്ന വിത്തിന് മഴ നല്‌കും; ധാന്യം സമൃദ്‌ധമായി വിളയും; അന്ന് നിൻ്റെ കന്നുകാലികൾ വിശാലമായ മേച്ചില്‌പുറങ്ങളിൽ മേയും. നിലം ഉഴുന്ന കാളകളും കഴുതകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും ഉപ്പു ചേർത്തതുമായ വൈക്കോൽ തിന്നും. മഹാസംഹാരത്തിന്റെ ദിനത്തിൽ ഗോപുരങ്ങൾ വീണുതകരുമ്പോൾ ഉന്നതമായ പർവതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞ അരുവികളുണ്ടാകും. കർത്താവ് തന്റെ ജനത്തിന്റെ മുറിവുകൾ വച്ചുകെട്ടുകയും തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം, ചന്ദ്രപ്രകാശം സൂര്യന്റെ ശോഭ പോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഏഴിരട്ടി ഒന്നിച്ചായിരുന്നാലെന്നപോലെയുമാകും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനെ കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ.

നമ്മുടെ ദൈവത്തിനു സ്‌തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടത്തേക്കു സ്തുതിപാടുന്നത് ഉചിതം തന്നെ. കർത്താവു ജറുസലേമിനെ പണിതുയർത്തുന്നു; ഇസ്രായേലിൽനിന്നു ചിതറിപ്പോയവരെ അവിടന്ന് ഒരുമിച്ചു കൂട്ടുന്നു.

കർത്താവിനെ കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ.

അവിടന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു. അവിടന്ന് നക്‌ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു; അവയോരോ ന്നിനും പേരിടുന്നു.

കർത്താവിനെ കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ.

നമ്മുടെ കർത്താവു വലിയവനും കരുത്തുറ്റവനുമാണ്. വിത്തെ ജ്ഞാനം അളവറ്റതാണ്, കർത്താവ് എളിയവരെ ഉയർത്തുന്നു. ദുഷ്‌ടന്റെ തറപറ്റിക്കുന്നു.

കർത്താവിനെ കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ.

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവ് ഞങ്ങളുടെ ന്യായാധിപനാകുന്നു. അവിടന്ന് ഞങ്ങളുടെ ഭരണാധിപനും രാജാവുമാകുന്നു. അവിടന്ന് ഞങ്ങളെ രക്ഷിക്കും. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പതോന്നി)

അക്കാലത്ത്, യേശു സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പതോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവൻ ശിഷ്യൻമാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർഥിക്കുവിൻ.
അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരംനല്കി.

അവൻ അവരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ വിജാതീയരുടെ പട്ടണത്തിൽ പ്രവേശിക്കരുത്. പ്രത്യുത, ഇസ്രായേൽ വംശത്തിലെ നഷ്ട്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിൻ. പോകുമ്പോൾ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിൻ. ദാനമായി നിങ്ങൾക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിൻ.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.