നവംബർ 26 വ്യാഴം
ഒന്നാം വായന
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(മഹാബാബിലോൺ വീണു)
ഞാൻ, യോഹന്നാൻ, സ്വർഗത്തിൽനിന്നു വേറൊരു ദുതൻ ഇറങ്ങിവരുന്നതു കണ്ടു. അവനു വലിയ അധികാരമുണ്ടായിരുന്നു. അവന്റെ തേജസ്സുകൊണ്ടു ഭൂമി പ്രകാശിച്ചു. അവൻ ശക്തമായ സ്വരത്തിൽ വിളിച്ചുപറഞ്ഞു: വീണു! മഹാബാബിലോൺ വീണു! അവൾ പിശാചുക്കളുടെ വാസസ്ഥലവും എല്ലാ അശുദ്ധാത്മാക്കളുടെയും സങ്കേതവും അശുദ്ധവും ബീഭത്സവുമായ സകല പക്ഷികളുടെയും താവളവുമായി. അനന്തരം, ശക്തനായ ഒരു ദൂതൻ വലിയ തിരികല്ലുപോലുള്ള ഒരു കല്ലെടുത്ത് കടലിലേക്കെറിഞ്ഞിട്ടു പറഞ്ഞു: ബാബിലോൺ മഹാനഗരവും ഇതുപോലെ വലിച്ചെറിയപ്പെടും. ഇനിയൊരിക്കലും അവൾ കാണപ്പെടുകയില്ല. വീണവായനക്കാരുടെയും ഗായകരുടെയും കുഴലൂതുന്നവരുടെയും കാഹളം വിളിക്കുന്നവരുടെയും ശബ്ദം ഇനിയൊരിക്കലും നിന്നിൽ കേൾക്കുകയില്ല. കരകൗശല വിദഗ്ധരാരും നിന്നിൽ ഇനിമേൽ കാണപ്പെടുകയില്ല. തിരികല്ലിന്റെ സ്വരം നിന്നിൽനിന്ന് ഉയരുകയില്ല. ഒരു ദീപവും ഇനിയൊരിക്കലും നിന്നിൽ പ്രകാശിക്കുകയില്ല. വധൂവരൻമാരുടെ സ്വരം ഇനിയൊരിക്കലും നിന്നിൽ കേൾക്കുകയുമില്ല. നിൻെറ വ്യാപാരികൾ ഭൂമിയിലെ ഉന്നതൻമാരായിരുന്നു. നിന്റെ ആഭിചാരം കൊണ്ട് സകല ജനതകളെയും നീ വഞ്ചിക്കുകയും ചെയ്തു. പ്രവാചകരുടെയും വിശുദ്ധരുടെയും ഭൂമിയിൽ വധിക്കപ്പെട്ട സകലരുടെയും രക്തം അവളിൽ കാണപ്പെട്ടു.
ഇതിനുശേഷം സ്വർഗത്തിൽ വലിയ ജനക്കൂട്ടത്തിന്റേതു പോലുള്ള ശക്തമായ സ്വരം ഞാൻ കേട്ടു; ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റെതാണ്. അവിടത്തെ വിധികൾ സത്യവും നീതിപൂർണവുമാണ്. വ്യഭിചാരം കൊണ്ടു ലോകത്തെ മലിനമാക്കിയ മഹാവേശ്യയെ അവിടന്നു വിധിച്ചു. അവളുടെ കൈകൊണ്ടു ചിന്തിയ അവിടത്തെ ദാസരുടെ രക്തത്തിന് അവിടുന്നു പ്രതികാരം ചെയ്തു. രണ്ടാമതും അവർ പറഞ്ഞു: ഹല്ലേലുയ്യാ! അവളുടെ പുക എന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു. ദൂതൻ എന്നോടു പറഞ്ഞു: എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കുഞ്ഞാടിൻ്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ.
ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ; ഗാനാലാപത്തോടെ അവിടത്തെ സന്നിധിയിൽ വരുവിൻ.
കുഞ്ഞാടിൻ്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ
കർത്താവു ദൈവമാണെന്ന് അറിയുവിൻ; അവിടന്നാണു നമ്മെ സ്യഷ്ടിച്ചത്; നമ്മൾ അവിടത്തേതാണ്; നാം അവിടത്തെ ജനവും അവിടന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.
കുഞ്ഞാടിൻ്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ
കൃതജ്ഞതാഗീതത്തോടെ അവിടത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതികൾ ആലപിച്ചുകൊണ്ട് അവിടത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടത്തേക്കു നന്ദിപറയുവിൻ; അവിടത്തെ നാമം വാഴ്ത്തുവിൻ.
കുഞ്ഞാടിൻ്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ
കർത്താവു നല്ലവനാണ്, അവിടത്തെ കാരുണ്യം ശാശ്വതമാണ്; അവിടത്തെ വിശ്വസ്തത തലമുറകളോളം നിലനില്ക്കും.
കുഞ്ഞാടിൻ്റെ വിവാഹവിരുന്നിന് വിളിക്കപ്പെട്ടവർ ഭാഗ്യവാൻമാർ
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 21:28). നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ നിങ്ങളുടെ വിമോചനം സമീപിച്ചിരി ക്കുന്നു.
അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു ജറു സലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ, യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവർ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവർ പട്ടണത്തിൽ പ്രവേശിക്കാതിരിക്കട്ടെ. കാരണം, എഴുതപ്പെട്ടവയെല്ലാം പൂർത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളിൽ ഗർഭിണികൾക്കും മുലയു ട്ടുന്നവർക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേൽ വലിയക്രോധവും നിപതിക്കും. അവർ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകൾ പൂർത്തിയാകുന്നതുവരെ അവർ ജറുസലേമിനെ ചവിട്ടിമെതിക്കും. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ സംഭ്രമമുളവാക്കും. സംഭവിക്കാൻ പോകുന്നവ ഓർത്തുള്ള ഭയവും ആകുലതയുംകൊണ്ട് ഭൂവാസികൾ അസ്തപ്രജ്ഞരാകും. ആകാശശക്തികൾ ഇളകും. അപ്പോൾ, മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും. ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്സുയർത്തിനിൽക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.



