സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: “ഉപേക്ഷിക്കപ്പെട്ട വയോധികരുടെ കൊച്ചുസഹോദരിമാർക്ക്” നന്ദി പറഞ്ഞ് ലെയോ പതിനാലാമൻ പാപ്പാ. ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ദിവസമായ നവംബർ 16 തിങ്കളാഴ്ച രാവിലെ പെറുവിലെ കയ്യാവോയിലുള്ള (Callao) “ഉപേക്ഷിക്കപ്പെട്ട വയോധികർക്കായുള്ള വയോജനമന്ദിരം” സന്ദർശിച്ച പാപ്പാ, അവിടെയുള്ള സന്ന്യാസിനിമാരെയും ജീവനക്കാരെയും അന്തേവാസികളെയും അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു.
സ്ഥാപകയായ, “ഹോർനെറ്റിന്റെയും ഇബാർസിന്റെയും യേശുവിന്റെ വിശുദ്ധ തെരേസയുടെ” (Saint Teresa of Jesus Jornet e Ibars), “ആത്മാക്കളെ രക്ഷിക്കുന്നതിനായി ശരീരങ്ങളെ പരിപാലിക്കുക” എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, മനുഷ്യന്റെ സമഗ്രമായ വളർച്ചയ്ക്ക് ശരീരത്തിന്റെയും ആത്മാവിന്റെയും സംരക്ഷണം ഒരുപോലെ ആവശ്യമാണെന്ന് പ്രസ്താവിച്ചു. ദുർബലരായവർ അവഗണിക്കപ്പെടുകയും ചൂഷണങ്ങൾക്ക് വിധേയരാകുകയും ചെയ്യുന്ന സാഹചര്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പരിശുദ്ധ പിതാവ്, കുരിശിലെ യേശുവിന്റെ “എനിക്ക് ദാഹിക്കുന്നു” (യോഹ. 19,28) എന്ന വാക്കുകൾ പോലെ, സ്നേഹവും സംരക്ഷണവും ആവശ്യപ്പെട്ട് അനേകം പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും വിലപിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.
വിശ്വാസവും സേവനവും ഒന്നാകണം
ക്രൈസ്തവവിശ്വാസത്തിന്റെ പിൻബലമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും സ്വാർത്ഥതയുടെ മരുഭൂമികൾ ഉണ്ടാകുന്നതെന്നതിനെക്കുറിച്ച് നമ്മുടെ മനഃസാക്ഷിയോട് ചോദ്യമുയർത്തണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഇത്തരം മരുഭൂമികളുടെ എണ്ണം കുറയുകയും, സാഹോദര്യത്തിന്റെ കൂടുതൽ മരുപ്പച്ചകൾ ഉണ്ടാവുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.
പുരോഹിതന്മാർ, സന്ന്യസ്തർ, അൽമായർ, കുടുംബങ്ങൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി എല്ലാവരോടും കാരുണ്യപ്രവർത്തനങ്ങളിൽ സജീവമാകാൻ അഭ്യർത്ഥിച്ച പാപ്പാ, വിശ്വാസം പ്രസംഗിക്കുന്നതോടൊപ്പം അത് പ്രവൃത്തികളിലൂടെ ജീവിതത്തിൽ പ്രകടിപ്പിക്കണമെന്നും, ഏറ്റവും ദുർബലരായവരെ സ്നേഹത്തോടെയും ആദരവോടെയും സ്വീകരിക്കണമെന്നും ഉദ്ബോധിപ്പിച്ചു. കുരിശ് വഹിക്കുന്നതിന് ക്രിസ്തുവിനെ സഹായിച്ച ശിമയോന് എന്ന കിറേനേക്കാരനെപ്പോലെ, ദരിദ്രരിലും പീഡിതരിലും ക്രിസ്തുവിന്റെ വേദനിക്കുന്ന മുഖം ദർശിക്കാനാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തുവുമായുള്ള ബന്ധമാണ് ശക്തിയുടെ ഉറവിടം
കാരുണ്യത്തിന്റെ യഥാർത്ഥ ഉറവിടം ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണെന്ന് വ്യക്തമാക്കിയ പാപ്പാ, കൂദാശകൾ, മതബോധനം, ദിവ്യകാരുണ്യ ആരാധന, സാഹോദര്യപരമായ സേവനം എന്നിവയാണ് ആത്മീയജീവിതത്തെ ശക്തിപ്പെടുത്തുന്ന ഉറവിടങ്ങളെന്ന് ഉദ്ബോധിപ്പിച്ചു. വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ (Martino de Porres) മാതൃക അനുസ്മരിച്ച പരിശുദ്ധ പിതാവ്, ലാളിത്യത്തിലൂടെയും വിനയത്തിലൂടെയും ശരീരങ്ങളെ സുഖപ്പെടുത്തുകയും ആത്മാക്കളെ ശക്തിപ്പെടുത്തുകയും ചെയ്ത വിശുദ്ധന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.
ക്രിസ്തുവിനെപ്പോലെ, കുട്ടികൾ, യുവജനങ്ങൾ, വയോജനങ്ങൾ, ദരിദ്രർ, സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവർ തുടങ്ങിയവരെ സംരക്ഷിക്കാൻ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും, ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. “സുവിശേഷവത്കരണത്തിന്റെ മാതാവ്” എന്ന പേരിൽ വിളിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം ഈ യാത്രയിൽ നിങ്ങളെ നയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.




