Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം വാരം ചൊവ്വ വചനവായന

നവംബർ 17 ചൊവ്വ

ഒന്നാം വായന

വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന്

(ആരെങ്കിലും എൻ്റെ സ്വരം കേട്ട് വാതിൽ തുറന്നുതന്നാൽ, ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും)

ഞാൻ യോഹന്നാൻ, കർത്താവ് എന്നോട് ഇപ്രകാരം പറയുന്നതു കേട്ടു: സാർദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവ ത്തിന്റെ സപ്താത്‌മാക്കളും സപ്‌തതാരങ്ങളുമുള്ളവൻ പറയുന്നു: നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്. ഉണരുക, നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാൽ, എന്റെ ദൈവത്തിന്റെ മുമ്പിൽ നിന്റെ പ്രവൃത്തികൾ പൂർണമായും നിർവഹിക്കപ്പെട്ടതായി ഞാൻ കാണുന്നില്ല. അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മ‌രിച്ച് അതു കാത്തുസൂക്‌ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാൻ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല. എന്നാൽ, വസ്ത്രങ്ങൾ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേർ സാർദീസിൽ നിനക്കുണ്ട്. അവർ ധവളവസ്ത്രധാരികളായി എൻ്റെ കൂടെ നടക്കും. അവർ അതിനു യോഗ്യരാണ്. വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്‌തകത്തിൽനിന്ന് അവന്റെ നാമം ഞാൻ ഒരിക്കലും മായിച്ചുകളയുകയില്ല. എൻെറ പിതാവിന്റെയും അവിടത്തെ ദൂതൻമാരുടെയും സന്നിധിയിൽ അവൻെറ നാമം ഞാൻ ഏറ്റുപറയും. ആത്‌മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ.

ലവൊദീക്യായിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്‌ഷിയും ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും. എന്തെന്നാൽ, ഞാൻ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല എന്നു നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്‌ധനും നഗ്‌നനും ആണെന്ന് നീ അറിയുന്നില്ല. ഞാൻ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാൻ അഗ്നിശുദ്‌ധിവരുത്തിയ സ്വർണം എന്നോടു വാങ്ങുക; നിന്റെ നഗ്നത മറ്റുള്ളവർ കണ്ട് നീ ലജ്ജിക്കാതിരിക്കാൻ ശുഭ്രവസ്ത്രങ്ങൾ എന്നോട് വാങ്ങുക. കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക. ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതിൽ തുറന്നുതന്നാൽ, ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും. ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടത്തെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും. ആത്മാവ് സഭകളോട് അരുൾചെയ്യുന്നതെന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും.

കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്‌ധഗിരിയിൽ ആരു വാസമുറപ്പിക്കും? നിഷ്കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവൻ.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും.

പരദൂഷണം പറയുകയോ സ്നേഹിതനെ ദ്രോഹിക്കുകയോ അയല്ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവൻ ; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവൻ.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും.

നഷ്ടം സഹിച്ചും പ്രതിജ്‌ഞ നിറവേറ്റുകയും കടത്തിനു പലിശ ഈടാക്കുകയോ നിർദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ; ഇങ്ങനെയുള്ളവൻ നിർഭയനായിരിക്കും.

വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും.

അല്ലേലൂയാ!

അല്ലേലൂയാ! (1 യോഹ 4:10). ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്‌തു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നഷ്ട‌പ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്)

അക്കാലത്ത്, യേശു ജറീക്കോയിൽ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. അവൻ ചുങ്കക്കാരിൽ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാൻ അവൻ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാൽ ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാൻവേണ്ടി അവൻ മുമ്പേ ഓടി, ഒരു സിക്കമൂർ മരത്തിൽ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോൾ അവൻ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു. അവൻ തിടുക്കത്തിൽ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോൾ അവരെല്ലാവരും പിറു പിറുത്തു: ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കർത്താവേ, ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ട‌പ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.