Word of God

വി. പത്രോസ്, പൗലോസ് അപ്പസ്തോലന്മാരുടെ ബസലിക്കകളുടെ പ്രതിഷ്ഠ വചനവായന

നവംബർ 18 ബുധൻ

ഒന്നാം വായന

അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(പിന്നെ, ഞങ്ങൾ റോമായിൽ വന്നുചേർന്നു)

അക്കാലത്ത്, മാൾട്ടയിൽ ശീതകാലത്തു നങ്കൂരമടിച്ചിരുന്നതും ദിയോസ്കു‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അലക്സാൺഡ്രിയൻ കപ്പലിൽ കയറി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഞങ്ങൾ സിറാക്കുസിലിറങ്ങി മൂന്നുദിവസം താമസിച്ചു. അവിടെ നിന്നു തീരംചുറ്റി റേജിയും എന്ന സ്‌ഥലത്തു വന്നുചേർന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഒരു തെക്കൻകാറ്റു വീശുകയാൽ രണ്ടാം ദിവസം ഞങ്ങൾ പുത്തെയോളിൽ എത്തി. അവിടെ ഞങ്ങൾ ചില സഹോദരരെ കണ്ടു. ഒരാഴ്‌ച തങ്ങളോടൊപ്പം താമസിക്കാൻ അവർ ഞങ്ങളെ ക്‌ഷണിച്ചു. പിന്നെ, ഞങ്ങൾ റോമായിൽ വന്നുചേർന്നു. അവിടെയുള്ള സഹോദരർ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കാൻ ആപ്പിയൂരവും ത്രിമൺഡപവുംവരെ വന്നു. അവരെക്കണ്ടപ്പോൾ പൗലോസ് ദൈവത്തിനു നന്ദിപറയുകയും ധൈര്യം ആർജിക്കുകയും ചെയ്തു. ഞങ്ങൾ റോമാ പട്ടണത്തിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ ഒരു പടയാളിയുടെ കാവലോടെ ഇഷ്‌ടമുള്ളിടത്തു താമസിക്കാൻ പൗലോസിന് അനുവാദം ലഭിച്ചു.

അവൻ സ്വന്തം ചെലവിൽ ഒരു വീടു വാടകയ്ക്കെടുത്ത് രണ്ടു വർഷം മുഴുവൻ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവൻ സ്വാഗതം ചെയ്തിരുന്നു. അവൻ ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെ ക്കുറിച്ചു നിർബാധം ധൈര്യപൂർവം പഠിപ്പിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ; അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു; അവിടത്തെ കരവും വിശുദ്‌ധഭുജവും വിജയം നേടിയിരിക്കുന്നു.

കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

കർത്താവ് തന്റെ വിജയം വിളംബരംചെയ്തു; അവിടന്ന് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.

കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്‌ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ.

കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

കിന്നരംമീട്ടി കർത്താവിനു സ്‌തുതികളാലപിക്കുവിൻ. വാദ്യ ഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ. കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിന്റെ സന്നിധിയിൽ ആനന്ദം കൊണ്ട് ആർപ്പിടുവിൻ.

കർത്താവ് തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി.

അല്ലേലൂയാ !

അല്ലേലൂയാ! നമുക്കു ദൈവത്തെ സ്തുതിക്കാം; നമുക്ക് അവിടത്തെ പാടിപ്പുകഴ്ത്താം. കർത്താവേ, അനുഗൃഹീതരായ അപ്പസ്തോലൻമാരുടെ ഗണം അങ്ങയെ സ്‌തുതിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക)

അക്കാലത്ത്, ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്കു പോകാൻ യേശു ശിഷ്യൻമാരെ നിർബന്‌ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർഥിക്കാൻ മലയിലേക്കു കയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയിൽനിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽപ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിൻമീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നു പറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു. ഉടനേ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ.

പത്രോസ് അവനോടു പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക. വരു, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നുചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട്അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനേ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അൽപ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.