നവംബർ 16 തിങ്കൾ
ഒന്നാം വായന
വെളിപാടിൻ്റെ പുസ്തകത്തിൽനിന്ന്
(നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക)
ആസന്നഭാവിയിൽ സംഭവിക്കാനിരിക്കുന്നവ തൻ്റെ ദാസൻമാർക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്കിയ വെളിപാട്. അവൻ തന്റെ ദൂതനെ അയച്ച് ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവൻ ദൈവവചനത്തിനും യേശുക്രിസ്തുവിൻെറ വെളിപാടിനും താൻ കണ്ട സകലത്തിനും സാക്ഷ്യം നല്കി. ഈ പ്രവചനത്തിലെ വാക്കുകൾ വായിക്കുന്നവരും കേൾക്കുന്നവരും ഇതിൽ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതർ. എന്തെന്നാൽ, സമയം അടുത്തിരിക്കുന്നു.
യോഹന്നാൻ ഏഷ്യയിലുള്ള ഏഴു സഭകൾക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനിൽനിന്നും അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മൃതരിൽ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കൻമാരുടെ അധിപതിയുമായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും.
എഫേസോസിലുള്ള സഭയുടെ ദൂതന് എഴുതുക: വലത്തു കൈയിൽ ഏഴു നക്ഷത്രങ്ങൾ വഹിച്ചുകൊണ്ട് ഏഴു സ്വർണദീപപീഠങ്ങൾക്കു മധ്യേ നടക്കുന്നവൻ ഇപ്രകാരം പറയുന്നു: നിന്റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂർവകമായ ഉറച്ചുനില്പ്പും ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാൻ മനസ് സിലാക്കുന്നു. അപ്പസ്തോലൻമാരെന്നു നടിക്കുകയും എന്നാൽ, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവർ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു. തീർച്ചയായും, ക്ഷമാപൂർവം പിടിച്ചുനില്ക്കാൻതക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെപ്രതി പീഡകൾ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല. എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാൽ, നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവൃത്തികൾ ചെയ്യുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കാൻ ഞാൻ അനുവദിക്കും.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ ആനന്ദം കർത്താവിൻെറ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കാൻ ഞാൻ അനുവദിക്കും.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വ്യക്ഷംപോലെയാണ് അവൻ; അവന്റെ റ പ്രവൃത്തികൾ സഫലമാകുന്നു.
ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കാൻ ഞാൻ അനുവദിക്കും.
ദുഷ്ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവു നീതിമാൻമാരുടെ മാർഗം അറിയുന്നു. ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കാൻ ഞാൻ അനുവദിക്കും.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 8:12). കർത്താവ് അരുൾചെയ്യുന്നു. ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം)
അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോൾ ഒരു കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട്, എന്താണു സംഭവിക്കുന്നതെന്ന് അവൻ അന്വേഷിച്ചു. നസറായനായ യേശു കടന്നു പോകുന്നു എന്ന് അവർ പറഞ്ഞു. അപ്പോൾ അവൻ വിളിച്ചു പറഞ്ഞു: ദാവീദിൻെറ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! മുമ്പേ പൊയ്ക്കൊണ്ടിരുന്നവർ, നിശ്ശബ്ദനായിരിക്കാൻ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതൽ ഉച്ചത്തിൽ ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ എന്നു നിലവിളിച്ചു കൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാൻ കല്പിച്ചു. അവൻ അടുത്തുവന്നപ്പോൾ യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: കർത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലേ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.




