നവംബർ 15 ഞായർ
ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന്
(നല്ല ഭാര്യ സന്മനസ്സോടെ ജോലിചെയ്യുന്നു)
ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാൻ ആർക്കു കഴിയും? അവൾ രത്നങ്ങളെക്കാൾ അമൂല്യയത്രേ. ഭർത്താവിന്റെ ഹൃദയം അവളിൽ വിശ്വാസമർപ്പിക്കുന്നു; അവന്റെ നേട്ടങ്ങൾ വർധിക്കുകയും ചെയ്യുന്നു. അവൾ ആജീവനാന്തം ഭർത്താവിനു നൻമയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല. അവൾ രോമവും ചണവും ശേഖരിച്ച് ചുറുചുറുക്കോടെ നെയ്തെടുക്കുന്നു. അവൾ ദൺഡും തക്ലിയുമുപയോഗിച്ച് നൂല്ക്കുന്നു. അവൾ ദരിദ്രർക്കു ദാനം ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു. സൗകുമാര്യം വഞ്ചനനിറഞ്ഞതും സൗന്ദര്യം വ്യർഥവുമാണ്; എന്നാൽ, ദൈവഭക്‌തിയുള്ള സ്ത്രീ പ്രശംസയർഹിക്കുന്നു. അവളുടെ അധ്വാനത്തെ വിലമതിക്കുവിൻ; അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവൾക്കു പ്രശംസയായിരിക്കട്ടെ!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. നിൻ്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നൻമ വരും.
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
നിൻെറ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും; നിൻ്റെ മക്കൾ നിൻ്റെ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയും.
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
കർത്താവിന്റെ ഭക്‌തൻ ഇപ്രകാരം അനുഗൃഹീതനാകും. കർത്താവു സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(രാത്രിയിൽ വരുന്ന കള്ളനെപ്പോലെ കർത്താവിൻ്റെ ദിവസം ആഗതമാകും)
സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്ധിച്ചു നിങ്ങൾക്കു ഞാൻ എഴുതേണ്ടതില്ല. കാരണം, രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്നു നിങ്ങൾക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗർഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ, പെട്ടെന്ന് നാശം അവരുടെമേൽ നിപതിക്കും; അതിൽനിന്ന് അവർ രക്‌ഷപ്പെടുകയില്ല. എന്നാൽ, സഹോദരരേ, ആ ദിവസം കള്ളൻ എന്നപോലെ നിങ്ങളെ അപ്രതീക്ഷിതമായി പിടികൂടാൻ ഇടയാകത്തക്കവിധം നിങ്ങൾ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിൻെറയും പുത്രൻമാരാണ്. നമ്മിൽ ആരും തന്നെ രാത്രിയുടെയോ അന്‌ധകാരത്തിൻെറയോ മക്കളല്ല.അതിനാൽ, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണർന്നു സുബോധമുള്ളവരായിരിക്കാം.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 15: 4a, 5b) കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. ആര് എന്നിൽ വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പിക്കും)
(അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരു അന്യാപദേശം അരുൾ ചെയ്തു: ഒരുവൻ യാത്രപുറപ്പെടുന്നതിനുമുമ്പ് ഭൃത്യൻമാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വർഗരാജ്യം. അവൻ ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷം യാത്രപുറപ്പെട്ടു). അഞ്ചു താലന്തു ലഭിച്ചവൻ ഉടനേപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കൂടി സമ്പാദിച്ചു. രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി. എന്നാൽ, ഒരു താലന്തു ലഭിച്ചവൻ പോയി നിലം കുഴിച്ച് യജമാനൻ പണം മറച്ചുവച്ചു. (ഏറെക്കാലത്തിനുശേഷം ആ ഭ്യത്യൻമാരുടെ യജമാനൻ വന്ന് അവരുമായി കണക്കുതീർത്തു. അഞ്ചു താലന്തു കിട്ടിയവൻ വന്ന്, അഞ്ചുകൂടി സമർപ്പിച്ച്,യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‌കിയത്. ഇതാ, ഞാൻ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ, അനേക കാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക). രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‌കിയത്. ഇതാ, ഞാൻ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു. യജമാനൻ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭ്യത്യാ, അല്പ്‌പകാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ, അനേകകാര്യങ്ങൾ നിന്നെ ഞാൻ ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവൻ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, ഞാൻ ഭയപ്പെട്ട് നിൻെറ താലന്ത് മണ്ണിൽ മറച്ചുവച്ചു. ഇതാ, നിന്റെത് എടുത്തുകൊളളുക. യജമാനൻ പറഞ്ഞു: ദുഷ്‌ടനും മടിയനുമായ ഭൃത്യാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തു നിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്‌സിലാക്കിയിരുന്നല്ലോ. എന്റെ നാണയം നീ പണവ്യാപാരികളുടെ പക്കൽ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാൻ വന്ന് എന്റെ പണം പലിശസഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനിൽ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക. ഉള്ളവനുനല്കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും. പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്‌ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.




