നവംബർ 11 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തീത്തോസിന് എഴുതിയ ലേഖനത്തിൽനിന്ന്
(തെറ്റായ മാർഗത്തിലൂടെ നയിക്കപ്പെട്ടവരായ നമുക്ക് ദൈവം തൻ്റെ കാരുണ്യത്താൽ രക്ഷനല്കി)
വാത്സല്യമുള്ളവനേ, ഭരണകർത്താക്കൾക്കും മറ്റധികാരികൾക്കും കീഴ്പ്പെട്ടിരിക്കാനും അനുസരണമുള്ളവരായിരിക്കാനും സത്യസന്ധമായ ഏതു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓർമിപ്പിക്കുക. ആരെയുംപറ്റി തിൻമ പറയാതിരിക്കാനും കലഹങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്ബോധിപ്പിക്കുക. എന്തെന്നാൽ, നാംതന്നെയും ഒരു കാലത്ത് മൂഢൻമാരും അനുസരണമില്ലാത്തവരും തെറ്റായ മാർഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങൾക്കും സുഖേച്ഛകൾക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങൾ കഴിച്ചവരും മനുഷ്യരാൽ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരുമായിരുന്നു. എന്നാൽ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നൻമയും സ്നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോൾ അവിടന്നു നമുക്കു രക്ഷ നല് കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികൾകൊണ്ടല്ല; പിന്നെയോ, അവിടത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവിൽ അവിടന്ന് നിർവഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്നാനത്താലത്രേ. ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി വർഷിച്ചത്. അവിടത്തെ കൃപാവരത്താൽ നാം നീതിമത്കരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയിൽ നാം അവകാശികളാകുന്നതിനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
കർത്താവാണ് എൻെറ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷം നല്കുന്നു.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എൻെറ ശിരസ്സ് തൈലംകൊണ്ട് അഭിഷ കം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
അല്ലേലൂയാ!
അല്ലേലൂയാ! (1 തെസ്സ 5:18). എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?)
അക്കാലത്ത്, ജറുസലേമിലേക്കുള്ള യാത്രയിൽ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതൻമാർക്കു കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖംപ്രാപിച്ചു. അവരിൽ ഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു. അവൻ യേശുവിന്റെ കാല്ക്കൽ സാഷ്ടാംഗംപ്രണമിച്ചു നന്ദിപറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒൻപതു പേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചു വന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.




