Word of God

ലാത്തറൻ മഹാദേവാലയ പ്രതിഷ്‌ഠാതിരുനാൾ

നവംബർ 9 തിങ്കൾ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ദേവാലയത്തിൽനിന്ന് വെള്ളം ഒഴുകുന്നതു കണ്ടു; അത് ഒഴുകുന്നിടത്തെല്ലാം ജീവൻ നിറഞ്ഞുനിന്നു)

അക്കാലത്ത്, ദൈവദൂതൻ എന്നെ ദേവാലയവാതില്ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയിൽ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയിൽ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവൻ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്ക് പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു. അവൻ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കൻ പ്രദേശങ്ങളിലേക്കൊഴുകി അറാബായിൽ ചേരുമ്പോൾ, കെട്ടിക്കിടക്കുന്ന കടലിൽ ചെന്ന് അതിനെ ശുദ്‌ധ ജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങൾ പറ്റം ചേർന്നു ജീവിക്കും. അവിടെ ധാരാളം മത്‌സ്യങ്ങളും ഉണ്ടായിരിക്കും. കാരണം, കടലിലെ വെള്ളം ശുദ്‌ധീകരിക്കുന്നതിനാണ് നദി അങ്ങോട്ടൊഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവൻ നിറഞ്ഞുനില്ക്കും. നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്‌ഷങ്ങളും വളരും. അവയുടെ ഇലകൾ വാടിക്കൊഴിയുകയോ അവ ഫലം നല്‌കാതിരിക്കുകയോ ഇല്ല. അവയ്ക്ക വേണ്ട ജലം വിശുദ്‌ധസ്‌ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തൻഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശമനത്തിനും ഉപകരിക്കുന്നു.

കർത്താവിന്റെ വചനം.

OR

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നിങ്ങൾ ദൈവത്തിൻ്റെ ആലയമാണ്)

സഹോദരരേ, നിങ്ങൾ ദൈവത്തിൻെറ വയലും വീടുമാണ്. എനിക്കു നല്‌കപ്പെട്ട ദൈവകൃപയനുസരിച്ച്, ഒരു വിദഗ്‌ധശില്പിപ്പോലെ, ഞാൻ അടിസ്‌ഥാനമിട്ടു. മറ്റൊരുവൻ അതിൻമേൽ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ് താൻ പണിയുന്നതെന്ന് ഓരോരുത്തരും ഗൗരവപൂർവം ചിന്തിക്കട്ടെ. യേശുക്രിസ്തുവെന്ന അടിസ്‌ഥാനം സ്‌ഥാപിക്കപ്പെട്ടുകഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്‌ഥാപിക്കാൻ ആർക്കും സാധിക്കുകയില്ല.

നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.

ഭൂമി ഇളകിയാലും പർവതങ്ങൾ സമുദ്രമധ്യത്തിൽ അടർന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. ജലം പതഞ്ഞുയർന്നിരമ്പിയാലും അതിന്റെ പ്രകമ്പനംകൊണ്ട് പർവതങ്ങൾ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.

ആ നഗരത്തിൽ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലേ ദൈവം അതിനെ സഹായിക്കും. ജനതകൾ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങൾ പ്രകമ്പനം കൊള്ളുന്നു; അവിടന്ന് ശബ്ദമുയർത്തുമ്പോൾ ഭൂമി ഉരുകിപ്പോകുന്നു.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.

സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം. വരുവിൻ, കർത്താവിന്റെ പ്രവൃത്തികൾ കാണുവിൻ; അവിടന്ന് ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നു കാണുവിൻ.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.

അല്ലേലൂയാ !

അല്ലേലൂയാ! (2 Chr 7 : 16) എൻ്റെ നാമം ഇവിടെ എന്നേക്കും നിലനില്ക്കേണ്ടതിന് ഞാൻ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാൽ, എൻ്റെ ഹൃദയപൂർവകമായ കടാക്ഷം സദാ ഇതിന്മേൽ ഉണ്ടായിരിക്കും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്)

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാൽ യേശു ജറുസലേമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്ക്ക ന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തിൽ അവൻ കണ്ടു. അവൻ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം, ആടുകളോടും കാളകളോടുംകൂടെ, ദേവാലയത്തിൽനിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിക്കുകയും മേശകൾ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്ക്കുന്നവരോട് അവൻ കല്‌പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകുവിൻ. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്‌ഥലമാക്കരുത്. ‘അവിടത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ വിഴുങ്ങിക്കളയും’ എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോൾ അവന്റെ ശിഷ്യൻമാർ അനുസ്മരിച്ചു. യഹൂദർ അവനോടുചോദിച്ചു: ഇതു ചെയ്യാൻ നിനക്ക് അധികാരമുണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാൻ അതു പുനരുദ്‌ധരിക്കും. യഹൂദർ ചോദിച്ചു: ഈ ദേവാലയം പണിയാൻ നാല്‌പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ! എന്നാൽ, അവൻ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ അവന്റെ ശിഷ്യൻമാർ, അവൻ ഇതു പറഞ്ഞിരുന്നുവെന്ന് ഓർമിക്കുകയും അങ്ങനെ, വിശുദ്‌ധലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.