Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം ശനി വചനവായന

നവംബർ 07 ശനി

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും)

സഹോദരരേ, നിങ്ങൾ ഇപ്പോൾ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാൽ, ഞാൻ കർത്താവിൽ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങൾക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാൽ, അതു പ്രകടിപ്പിക്കാൻ അവസരമില്ലായിരുന്നല്ലോ. എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാൻ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്‌തിയോടെ കഴിയാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ന്നനിലയിൽ ജീവിക്കാൻ എനിക്കറിയാം; സമ്യദ്‌ധിയിൽ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് അതേ, സുഭിക്‌ഷത്തിലും ദുർഭിക്‌ഷത്തിലും സമൃദ്‌ധിയിലും ദാരിദ്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും. എങ്കിലും, എൻ്റെ ഞെരുക്കങ്ങളിൽ സൗമനസ്യത്തോടെ നിങ്ങൾ പങ്കുചേർന്നു. ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോനിയാ വിട്ടപ്പോൾ നിങ്ങളൊഴികേ മറ്റൊരു സഭയും എന്നോടു കൊടുക്കൽ വാങ്ങലിൽ പങ്കുചേർന്നില്ലെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞാൻ തെസ്സലോനിക്കായിൽ ആയിരുന്നപ്പോൾപ്പോലും, എൻ്റെ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങൾ സഹായം അയച്ചുതന്നു. ഞാൻ ദാനം ആഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്; പിന്നെയോ, നിങ്ങൾക്കു പ്രതിഫലം വർധിക്കണമ ന്നാണ് എന്റെ ആഗ്രഹം. എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രോദിത്തോസിന്റെയടുത്തുനിന്ന് നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാൻ സ്വീകരിച്ചു. എൻെറ ദൈവം തൻ്റെ മഹത്ത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്‌തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്‌കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

കർത്താവിനെ ഭയപ്പെടുകയും അവിടത്തെ കല്പനകളിൽ ആനന്ദിക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ, അവന്റെ സന്തതി ഭൂമിയിൽ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരി ക്കുകയും ചെയ്യുന്നവനു നൻമ കൈവരും. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്റെ സ്‌മരണ എന്നേക്കും നിലനില്ക്കും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവൻ ഭയപ്പെടുകയില്ല; അവൻ ദരിദ്രർക്ക് ഉദാരമായി ദാനം ചെയ്യുന്നു;അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവൻ അഭിമാനത്തോടെ ശിരസ്‌സുയർത്തി നില്ക്കും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.

അല്ലേലൂയാ!

അല്ലേലൂയാ! (2 കോറി 8:9). യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി തൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അധാർമികസമ്പത്തിൻ്റെ കാര്യത്തിൽ വിശ്വസ്തരായിരിക്കുന്നില്ലെങ്കിൽ യഥാർഥധനം ആരു നിങ്ങളെ ഏല്പിക്കും?)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു. അധാർമികസമ്പത്തുകൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ. അതു നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും. ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്ത‌നായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്ത‌ൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാർമികസമ്പത്തിന്റെ കാര്യത്തിൽ വിശ്വസ്തരായിരിക്കുന്നില്ലെങ്കിൽ, യഥാർഥധനം ആരു നിങ്ങളെ ഏല്പിക്കും? മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ, നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കുതരും? ഒരു ഭൃത്യനു രണ്ടു യജമാനൻമാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്കു കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയർ ഇതെല്ലാം കേട്ടപ്പോൾ അവനെ പുച്ഛിച്ചു. അവൻ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പിൽ നിങ്ങൾ നിങ്ങളത്തന്നെ നീതിമത്കരിക്കുന്നു. എന്നാൽ, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യർക്ക് ഉത് കൃഷ്ടമായത് ദൈവദൃഷ്‌ടിയിൽ നികൃഷ്ടമാണ്.

കർത്താവിന്റെ സുവിശേഷം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.