നവംബർ 2 തിങ്കൾ
ഒന്നാം വായന
ജ്ഞാനത്തിൻ്റെ പുസ്തകത്തിൽനിന്ന്
(“അവിടുന്ന് അവരെ ശോധനംചെയ്തു. ദഹനബലിയായി സ്വീകരിച്ചു”
നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്. ഒരു ഉപദ്രവവും അവരെ സ്പർശിക്കുകയില്ല. അവർ മരിച്ചതായി ഭോഷന്മാർ കരുതി; അവരുടെ മരണം പീഡനമായും നമ്മിൽനിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി: അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയിൽ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവർ. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്പകാലശിക്ഷണത്തിനുശേഷം അവർക്കു വലിയ നന്മ കൈവരും. ഉലയിൽ സ്വർണ്ണമെന്നപോലെ അവിടുന്ന് അവരെ ശോധനംചെയ്തു. ദഹനബലിയായി സ്വീകരിച്ചു. (അവിടുത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും, വയ്ക്കോലിൽ തീപ്പൊരിയെന്നപോലെ അവർ കത്തിപ്പടരും അവർ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കും. കർത്താവ് അവരെ എന്നേക്കും ഭരിക്കും. അവിടുത്തെ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്തർ അവിടുത്തെ സ്നേഹത്തിൽ വസിക്കും. അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരുടെമേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും. വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു).
കർത്താവിന്റെ വചനം.
OR
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (10: 34-43)
(“ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി യേശുവിനെ ദൈവം നിയോഗിച്ചിരിക്കുന്നു”)
അക്കാലത്ത് പത്രോസ് ജനത്തോട് സംസാരിച്ചു തുടങ്ങി: സത്യമായും ദൈവത്തിനു പക്ഷാപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്ര വൃത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയിൽപ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു. സമാധാനത്തിൻ്റെ സദ്വാർത്ത സകലത്തിൻ്റെയും കർത്താവായ യേശുക്രിസ്തുവിലൂടെ വിളംബരം ചെയ്തുകൊണ്ട് തൻ്റെ വചനം അവിടുന്ന് ഇസ്രായേൽ മക്കൾക്ക് നല്കി. (യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ എപ്രകാരം നന്മ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു. യഹൂദന്മാരുടെ ദേശത്തും ജറുസലെമിലും അവൻ ചെയ്ത എല്ലാക്കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അവർ അവനെ മരത്തിൽ തൂക്കിക്കൊന്നു. എന്നാൽ, ദൈവം അവനെ മൂന്നാംദിവസം ഉയിർപ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവർക്കുമല്ല, സാക്ഷികളായി ദൈവം മുൻകൂട്ടി തിരഞ്ഞെടുത്ത ഞങ്ങൾക്കു മാത്രം. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങൾ). ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികർത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവൻ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങൾക്കു കല്പന നല്കി. അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്മാർ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാകുന്നു.
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്; ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിനു കോട്ടയാണ്; ഞാൻ ആരെ പേടിക്കണം?
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാകുന്നു.
ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു. കർത്താവിൻ്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻ തന്നെ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാകുന്നു.
കർത്താവേ, ഞാൻ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്ന് കേൾക്കണമേ! കാരുണ്യപൂർവം എനിക്ക് ഉത്തരമരുളണമേ! കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു എന്ന് എൻ്റെ ഹൃദയം അങ്ങയോട് മന്ത്രിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്ന് മറച്ചുവയ്ക്കരുതേ! എൻ്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എൻ്റെ രക്ഷകനായ ദൈവമേ, എന്നെ തിരസ്കരിക്കരുതേ! എന്നെ കൈവെടിയരുതേ!
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാകുന്നു.
ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിൻ്റെ നന്മ കാണാമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്’)
അക്കാലത്ത് യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എന്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോട് പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്ക് സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം. തോമസ് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്കു വരുന്നില്ല.




