Word of God

ആണ്ടുവട്ടം മുപ്പത്തൊന്നാം വാരം ചൊവ്വ വചനവായന

നവംബർ 03 ചൊവ്വ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(യേശു തന്നെത്തന്നെ താഴ്ത്തി; ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി)

സഹോദരരേ, യേശുക്രിസ്‌തുവിനുണ്ടായിരുന്ന മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല; തന്നത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ അതെ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്‌തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ദൈവമേ, മഹാസഭയിൽ ഞാൻ അങ്ങയെ പുകഴ്ത്തും.

അവിടത്തെ ഭക്തരുടെ മുൻപിൽ ഞാൻ എൻ്റെ നേർച്ചകൾ നിറവേറ്റും. ദരിദ്രർ ഭക്ഷിച്ചു തൃപ്‌തരാകും; കർത്താവിനെ അന്വേഷിക്കുന്നവർ അവിടത്തെ പ്രകീർത്തിക്കും; അവർ എന്നും സന്തുഷ്ടരായി ജീവിക്കും.

ദൈവമേ, മഹാസഭയിൽ ഞാൻ അങ്ങയെ പുകഴ്ത്തും.

ഭൂമിയുടെ അതിർത്തികൾ കർത്താവിനെ അനുസ്മരിക്കുകയും അവിടത്തെ അടുത്തേക്കു തിരിയുകയും ചെയ്യും; എല്ലാ ജനതകളും അവിടത്തെ സന്നിധിയിൽ ആരാധനയർപ്പിക്കും. എന്തെന്നാൽ, രാജത്വം കർത്താവിന്റെതാണ്; അവിടന്ന് എല്ലാ ജനതകളെയും ഭരിക്കുന്നു. ഭൂമിയിലെ അഹങ്കാരികൾ അവിടത്തെ മുൻപിൽ കുമ്പിടും.

ദൈവമേ, മഹാസഭയിൽ ഞാൻ അങ്ങയെ പുകഴ്ത്തും.

പുരുഷാന്തരങ്ങൾ അവിടത്തെ സേവിക്കും; അവർ ഭാവിതല മുറയോടു കർത്താവിനെപ്പറ്റി പറയും. ജനിക്കാനിരിക്കുന്ന തലമുറയോട് കർത്താവാണു മോചനം നേടിത്തന്നത് എന്ന് അവർ ഉദ്ഘോഷിക്കും.

ദൈവമേ, മഹാസഭയിൽ ഞാൻ അങ്ങയെ പുകഴ്ത്തും.


അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 11:28) കർത്താവ് അരുൾചെയ്യുന്നു: അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എൻ്റെ വീടു നിറയുവോളം ആളുകൾ അകത്തേക്കു വരാൻ നിർബന്‌ധിക്കുക)

അക്കാലത്ത്, യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരുവൻ അവനോടു പറഞ്ഞു: ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ. അപ്പോൾ യേശു അവനോടു പറഞ്ഞു: ഒരുവൻ ഒരിക്കൽ ഒരു വലിയ സദ്യ ഒരുക്കി; വളരെപ്പേരെ ക്ഷണിക്കുകയും ചെയ്തു. സദ്യയ്ക്കു സമയമായപ്പോൾ അവൻ ദാസനെ അയച്ച് ക്‌ഷണിക്കപ്പെട്ടവരെ അറിയിച്ചു: വരുവിൻ, എല്ലാം തയ്യാറായിരിക്കുന്നു. എന്നാൽ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവുപറയാൻ തുടങ്ങി, ഒന്നാമൻ പറഞ്ഞു: ഞാൻ ഒരു വയൽ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. മറ്റൊരുവൻ പറഞ്ഞു: ഞാൻ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്‌ഷിച്ചുനോക്കാൻ പോകുന്നു; എനിക്ക് ഒഴിവുതരണം എന്ന് അപേക്‌ഷിക്കുന്നു. മൂന്നാമതൊരുവൻ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാൽ എനിക്കു വരാൻ നിവൃത്തിയില്ല. ആ ദാസൻ തിരിച്ചുവന്ന് യജമാനനെ വിവരം ധരിപ്പിച്ചു. ഗൃഹനാഥൻ കോപിച്ച് ദാസനോടു പറഞ്ഞു: നീ വേഗം പട്ടണത്തിന്റെ തെരുവുകളിലും ഊടുവഴികളിലും ചെന്ന്, ദരിദ്രരെയും വികലാംഗരെയും കുരുടരെയും മുടന്തരെയും ഇവിടെ കൂട്ടിക്കൊണ്ടു വരുക. അനന്തരം ആ ദാസൻ പറഞ്ഞു: യജമാനനേ, നീ കല്പിച്ചതുപോലെ ഞാൻ ചെയ്തു. ഇനിയും സ്ഥലമുണ്ട്. യജമാനൻ ദാസനോടു പറഞ്ഞു: നീ പെരുവഴിയിലും ഇടവഴികളിലും ചെന്ന്, എന്റെ വീടു നിറയുവോളം ആളുകൾ അകത്തേക്കു വരാൻ നിർബന്ധിക്കുക. എന്തെന്നാൽ, ക്ഷണിക്കപ്പെട്ടവരിൽ ഒരുവനും എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.