നവംബർ 1 ഞായർ
ഒന്നാം വായന
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്രവലിയ ജനക്കൂട്ടത്തെ ഞാൻ കണ്ടു)
ഞാൻ യോഹന്നാൻ കണ്ടതായത്: വേറൊരു ദൂതൻ, ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കിൽനിന്ന് ഉയർന്നുവരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാൻ അധികാരം നല്കപ്പെട്ട ആ നാലു ദുതൻമാരോട് അവൻ ഉറച്ചസ്വരത്തിൽ വിളിച്ചു പറഞ്ഞു: ഞങ്ങൾ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുവോളം നിങ്ങൾ കരയോ കടലോ വ്യക്ഷങ്ങളോ നശിപ്പിക്കരുത്. മുദ്രിതരുടെ എണ്ണം ഞാൻ കേട്ടു: ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്പത്തിനാലായിരം. ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ ഇതാ, എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവർ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവർ. അവർ വെള്ളയങ്കിയണിഞ്ഞ് കൈകളിൽ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ. ദൂതൻമാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠൻമാർക്കും നാലു ജീവികൾക്കും ചുറ്റും നിന്നു. അവർ സിംഹാസനത്തിനുമുമ്പിൽ കമിഴ്ന്നു വീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു: ആമേൻ, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേൻ. ശ്രേഷ്ഠൻമാരിലൊരുവൻ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞ ഇവർ ആരാണ്? ഇവർ എവിടെ നിന്നു വരുന്നു? ഞാൻ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോൾ അവൻ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകിവെളുപ്പിച്ചവർ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്ന വരുടെ തലമുറയാകുന്നു ഇത്.
ഭൂമിയും അതിലെ സമസ്തവസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റേതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിൻ്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടന്നാണ്.
കർത്താവേ, അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്ന വരുടെ തലമുറയാകുന്നു ഇത്.
കർത്താവിൻെറ മലയിൽ ആരു കയറും? അവിടത്തെ വിശുദ്ധസ്ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ; മിഥ്യയുടെമേൽ മനസ്സുപതിക്കാത്തവനും.
കർത്താവേ, അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്ന വരുടെ തലമുറയാകുന്നു ഇത്.
അവന്റെ മേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതിനടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
കർത്താവേ, അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്ന വരുടെ തലമുറയാകുന്നു ഇത്.
രണ്ടാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നാം ദൈവത്തെ യഥാതഥം കാണും)
പ്രിയപ്പെട്ടവരേ, കണ്ടാലും, എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിച്ചത്! ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടന്നു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെ ആകും. അവിടന്ന് ആയിരിക്കുന്നതു പോലെ നാം അവിടത്തെ കാണുകയുംചെയ്യും. ഈ പ്രത്യാശയുള്ളവൻ, അവിടന്നു പരിശുദ്ധനായിരിക്കുന്നതുപോലെ, തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലുയാ !
അല്ലേലൂയാ! (Mt. 11 : 28) അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ആഹ്ലാദിച്ചുല്ലസിക്കുവിൻ; എന്തെന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലുതായിരിക്കും)
അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യൻമാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാൻമാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിൻമകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.




