ഒക്ടോബർ 31 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്)
സഹോദരരേ, ആത്മാർഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും. നിങ്ങളുടെ പ്രാർഥനയാലും യേശു ക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാൻ അറിയുന്നു. ആകയാൽ, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും മറിച്ച്, പൂർണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തിൽ – ജീവിതംവഴിയോ മരണംവഴിയോ മഹത്ത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാൻ ജീവിക്കുകയാണെങ്കിൽ, ഫലപ്രദമായി ജോലിചെയ്യാൻ സാധിക്കും. എങ്കിലും, ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതൽ ശ്രേഷ്ഠം. പക്ഷേ, ഞാൻ ശരീരത്തിൽ തുടരുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ ആവശ്യമാണ്. നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാൻ തുടർന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം. നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചുവരവ് യേശുക്രിസ്തുവിൽ ഞാൻ മുലമുള്ള നിങ്ങളുടെ അഭിമാനം വർധിപ്പിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എൻറ ഹൃദയം അങ്ങയെ തേടുന്നു.
എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!
എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
ജനക്കൂട്ടത്തോടൊപ്പം ഞാൻ പോയി; ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയർന്നു; ജനം ആർത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോൾ ഞാൻ ഇതെല്ലാം ഓർക്കുന്നു.
എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 11:29ab). കർത്താവ് അരുൾചെയ്യുന്നു: ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും)
ഒരു സാബത്തിൽ യേശു ഫരിസേയപ്രമാണികളിൽ ഒരുവൻെറ വീട്ടിൽ ഭക്ഷണത്തിനുപോയി. അവർ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ, അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതു കൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോൾ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയൻ വന്ന് നിന്നോട്, സ്നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്ത്വമുണ്ടാകും. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.




