ഒക്ടോബർ 10 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രൻമാരാണ്)
സഹോദരരേ, യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി വിശ്വാസികൾ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു. വിശ്വാസം ആവിർഭവിക്കുന്നതിനുമുമ്പ് നമ്മൾ നിയമത്തിൻ്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു. തന്നിമിത്തം നമ്മൾ വിശ്വാസത്താൽ നീതിമത്കരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു. ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മൾ പാലകന് അധീനരല്ല.
യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രൻമാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാൻവേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് തൻ്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
അവിടത്തേക്കു ഗാനമാലപിക്കുവിൻ; സ്തുതിഗീതങ്ങൾ ആലപിക്കുവിൻ; അവിടത്തെ അദ്ഭുതങ്ങൾ വർണിക്കുവിൻ. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുവിൻ; കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ!
കർത്താവ് തൻ്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും
കർത്താവിനെയും അവിടത്തെ ബലത്തെയും അന്വേഷിക്കുവിൻ; നിരന്തരം അവിടത്തെ സാന്നിധ്യം തേടുവിൻ. അവിടന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ; അവിടത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.
കർത്താവ് തൻ്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും
അവിടത്തെ ദാസനായ അബ്രാഹത്തിൻ്റെ സന്തതികളേ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിൻ്റെ മക്കളേ, ഓർമിക്കുവിൻ. അവിടന്നാണു നമ്മുടെ ദൈവമായ കർത്താവ്; അവിടത്തെ ന്യായവിധികൾ ഭൂമിക്കു മുഴുവൻ ബാധകമാകുന്നു.
കർത്താവ് തൻ്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 11:28). ദൈവവചനം കേട്ട് അതു പാലി ക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിന്നെ വഹിച്ച ഉദരം ഭാഗ്യമുള്ളത്; ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട്, അതുപാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.




