Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം വ്യാഴം വചനവായന

ഒക്ടോബർ 08 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(നിങ്ങൾ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിൻ്റെ അനുഷ്ഠാനത്താലോ അതോ വിശ്വാസത്തിൻ്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?)

ഭോഷൻമാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്‌തു നിങ്ങളുടെ കൺമുമ്പിൽ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ, നിങ്ങളെ ആരാണ് ആഭിചാരം ചെയ്ത‌ത്? ഇതുമാത്രം നിങ്ങളിൽനിന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു: നിങ്ങൾ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്‌ഠാനത്താലോ അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ? ആത്മാവിൽ ആരംഭിച്ചിട്ട് ഇപ്പോൾ ശരീരത്തിൽ അവസാനിപ്പിക്കാൻമാത്രം ഭോഷൻമാരാണോ നിങ്ങൾ? നിങ്ങൾ സഹിച്ചവയത്രയും വ്യർഥമായിരുന്നുവോ തീർത്തും വ്യർഥം? നിങ്ങൾക്ക് ആത്മാവിനെ നല്കുകയും നിങ്ങളുടെ ഇടയിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവൻ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്‌ഠാനം നിമിത്തമോ അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

ആദിമുതൽ തന്റെ വിശുദ്‌ധൻമാരായ പ്രവാചകൻമാരുടെ അധരങ്ങളിലൂടെ അവിടന്ന് അരുൾചെയ്‌തതുപോലെ, തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ നമുക്ക് ശക്‌തനായ ഒരു രക്ഷ‌കനെ ഉയർത്തി.

ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്നവരുടെ കൈയിൽനിന്നും നമ്മെ രക്ഷിക്കാനും നമ്മുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്ത കാരുണ്യം നിവർത്തിക്കാനുമാണ് ഇത്.

ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്‌ത അവിടത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ്‌മരിക്കാനും ശത്രുക്കളുടെ കൈ കളിൽനിന്നു വിമോചിതരായി, നിർഭയം പരിശുദ്‌ധിയിലും നീ തിയിലും എപ്പോഴും അവിടത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്കു നല്കാനുമായാണ് ഇത്.

ഇസ്രായേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് തൻ്റെ ജനത്തെ സന്ദർശിച്ചു.

അല്ലേലൂയാ!

അല്ലേലൂയാ! (Cf. അപ്പ 16:14b). കർത്താവേ, അങ്ങയുടെ പുത്രൻ്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കണമേ. അല്ലേലൂയാ!

സുവിശേഷം

ലുക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും)

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾ ചെയ്തു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്‌പ തരുക. ഒരു സ്നേഹിതൻ യാത്രാ മധ്യേ എൻ്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തു നിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേരിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ, നിർബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‌കും. ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും, അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ ചോദിക്കുന്ന ആർക്കും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതു പിതാവാണ് മകൻ മീൻ ചോദിച്ചാൽ, പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാൽ, പകരം തേളിനെ കൊടുക്കുക? മക്കൾക്കു നല്ല ദാനങ്ങൾ നല്‌കാൻ ദുഷ്‌ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്‌ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.