Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം വ്യാഴം വചനവായന

സെപ്റ്റംബർ 17 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ഇതാണ് ഞങ്ങൾ പ്രസംഗിക്കുന്നതും നിങ്ങൾ വിശ്വസിച്ചതും)

സഹോദരരേ, നിങ്ങൾ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങൾക്കു രക്‌ഷ പ്രദാനംചെയ്തതുമായ സുവിശേഷം ഞാൻ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം. അതനുസരിച്ചു നിങ്ങൾ അചഞ്ചലരായി അതിൽ നിലനിന്നാൽ നിങ്ങളുടെ വിശ്വാസം വ്യർഥമാവുകയില്ല.

എനിക്കു ലഭിച്ചത് സർവപ്രധാനമായി കരുതി ഞാൻ നിങ്ങൾക്ക് ഏല്പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുളളതു പോലെ, ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേർക്കും പ്രത്യക്‌ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്കു പ്രത്യക്‌ഷനായി. അവരിൽ ഏതാനുംപേർ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവൻ യാക്കോബിനും തുടർന്ന് മറ്റെല്ലാ അപ്പസ്തോലൻമാർക്കും കാണപ്പെട്ടു. ഏറ്റവും ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും അവിടന്നു പ്രത്യക്‌ഷനായി. ഞാൻ അപ്പസ്തോലൻമാരിൽ ഏറ്റവും നിസ്‌സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം അപ്പസ്തോലനെന്ന നാമത്തിന് ഞാൻ അയോഗ്യനുമാണ്. ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്. എന്റെമേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച് മറ്റെല്ലാവരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. എന്നാൽ, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ് അധ്വാനിച്ചത്. അതുകൊണ്ട്, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ് ഞങ്ങൾ പ്രസംഗിക്കുന്നതും നിങ്ങൾ വിശ്വസിച്ചതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ. അവിടന്നു നല്ലവനാണ്.

കർത്താവിനു കൃതജ്‌ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു. അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേൽ പറയട്ടെ!

കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ. അവിടന്നു നല്ലവനാണ്.

കർത്താവിന്റെ വലത്തുകൈ മഹത്ത്വമാർജിച്ചിരിക്കുന്നു; കർത്താവിന്റെ വലത്തുകൈ കരുത്തുപ്രകടമാക്കി. ഞാൻ മരിക്കുകയില്ല, ജീവിക്കും; ഞാൻ കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കും.

കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ. അവിടന്നു നല്ലവനാണ്.

അങ്ങാണ് എൻെറ ദൈവം; ഞാൻ അങ്ങേക്കു കൃതജ്‌ഞതയർപ്പിക്കും, അവിടന്നാണ് എൻ്റെ ദൈവം; ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തും.

കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ. അവിടന്നു നല്ലവനാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 11 : 28). അധ്വാനിക്കുന്നവരും ഭാരം വഹി ക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു.

അക്കാലത്ത്, ഫരിസേയരിൽ ഒരുവൻ തന്നോടൊത്തു ഭക്ഷ്ണം കഴിക്കാൻ അവനെ ക്‌ഷണിച്ചു. യേശു അവൻെറ വീട്ടിൽ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോൾ, ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെൺകല്‌ഭരണി നിറയെ സുഗന്‌ധതൈലവുമായി അവിടെ വന്നു. അവൾ അവന്റെ പിന്നിൽ പാദത്തിനരികേ കരഞ്ഞുകൊണ്ടുനിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടുതുടയ്ക്കുകയും ചുംബിക്കുകയും സുഗന്‌ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുൾചെയ്‌താലും എന്ന് അവൻ പറഞ്ഞു.

ഒരു ഉത്തമർണനു രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മറ്റവൻ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാൻ കഴി വില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചു കൊടുത്തു. ആ രണ്ടുപേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക? ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവുചെയ്തോ അവൻ എന്നു ഞാൻ വിചാരിക്കുന്നു. അവൻ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെ നേരേതിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകാൻ നീ എനിക്കു വെള്ളം തന്നില്ല. എന്നാൽ, ഇവൾ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ, ഞാനിവിടെ പ്രവേശിച്ചതുമുതൽ എന്റെ പാദങ്ങൾ ചുംബിക്കുന്നതിൽ നിന്ന് ഇവൾ വിരമിച്ചിട്ടില്ല. നീ എന്റെ തലയിൽ തൈലം പൂശിയില്ല, ഇവളോ എൻെറ പാദങ്ങളിൽ സുഗന്‌ധതൈലം പൂശിയിരിക്കുന്നു. അതിനാൽ, ഞാൻ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവൻ അല്പം സ്നേഹിക്കുന്നു. അവൻ അവളോടു പറഞ്ഞു: നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ പരസ്പരം പറയാൻ തുടങ്ങി: പാപങ്ങൾ ക്‌ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആരാണ്? അവൻ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.