സെപ്റ്റംബർ 11 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(എല്ലാവരെയും രക്ഷിക്കാൻവേണ്ടി ഞാൻ എല്ലാവർക്കും എല്ലാമായി)
സഹോദരരേ, ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം! ഞാൻ സ്വമനസ്സാ ഇതു ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കിൽ മറ്റാരുടെയോ നിയോഗമനുസരിച്ചാണു ചെയ്യുന്നത്. അപ്പോൾ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്കുന്ന അവകാശം പൂർണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം.
ഞാൻ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാൻ എല്ലാവരുടെയും ദാസനായിത്തീർന്നിരിക്കുന്നു. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി. സുവിശേഷത്തിൽ ഭാ ഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാൻ ഇവയെല്ലാം ചെയ്യുന്നു.
മത്സരക്കളത്തിൽ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനാർഹനാകുന്നത് ഒരാൾ മാത്രമാണെന്നു നിങ്ങൾക്ക് അറിഞ്ഞു കൂടേ? ആകയാൽ, സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങൾ ഓടുവിൻ. കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്; നാം അനശ്വരമായതിനുവേണ്ടിയും. ഞാൻ ഓടുന്നതു ലക്ഷ്യമില്ലാതെയല്ല. ഞാൻ മുഷ്ടിപ്രയോഗം നടത്തുന്നത് വായുവിൽ പ്രഹരിക്കുന്നതുപോലെയല്ല. മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ച ഞാൻ തന്നെ തിരസ്കൃതനാകാതിരിക്കുന്നതിന് എന്റെ ശരീരം ഞാൻ കർശനമായി നിയന്ത്രിച്ചു കീഴടക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം
എൻറെ ആത്മാവ് കർത്താവിൻ്റെ അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു. എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു. എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കർത്താവേ, കുരികിൽപ്പക്ഷി ഒരു സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ കണ്ടെത്തുന്നുവല്ലോ.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാൻമാർ അങ്ങയിൽ ശക്തി കണ്ടെത്തിയവർ ഭാഗ്യവാൻമാർ; അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. അവർ കൂടുതൽ കൂടുതൽ ശക്തിയാർജിക്കുന്നു.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം
ദൈവമായ കർത്താവു സൂര്യനും പരിചയുമാണ്. അവിടന്നു ക്യപയും ബഹുമതിയും നല്കുന്നു. പരമാർഥതയോടെ വ്യാപ രിക്കുന്നവർക്ക് ഒരു നൻമയും അവിടന്നു നിഷേധിക്കുകയില്ല.
സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 17 17b) കർത്താവേ അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടത്തെ വചനമാണ് സത്യം അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കുരുടനു കുരുടനെ നയിക്കാൻ സാധിക്കുമോ?)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: കുരുടനു കുരുടനെ നയിക്കാൻ സാധിക്കുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലേ? ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. എന്നാൽ, എല്ലാം പഠിച്ചു കഴിയുമ്പോൾ അവൻ ഗുരുവിനെപ്പോലെ ആകും. നിന്റെ സഹോദരൻ്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിൻ്റെ കണ്ണിലെ കരട് ഞാൻ എടുത്തു കളയട്ടെ എന്നുപറയാൻ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോൾ നിൻെറ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാൻ കഴിയത്തക്കവിധം നിൻെറ കാഴ്ച തെളിയും.




