സെപ്റ്റംബർ 10 വ്യാഴം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(അവരുടെ ദുർബല മനസ്‌സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു)
സഹോദരരേ, അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്നേഹമോ, ആത്മീയോത്കർഷം വരുത്തുന്നു. അറിവുണ്ടെന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല. എന്നാൽ, ദൈവം തന്നെ സ്നേ ഹിക്കുന്നവനെ അംഗീകരിക്കുന്നു. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കിൽ, ലോകത്തിൽ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ – അങ്ങനെ പല ദേവൻമാരും നാഥൻമാരും ഉണ്ടല്ലോ – എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സർവവും സൃഷ്‌ടിച്ചത്, ആർക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കർത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സർവവും ഉളവായത്, ആരിലൂടെയാണോ നാം നിലനില് ക്കുന്നത്, ആ യേശുക്രിസ്തു. എങ്കിലും ഈ അറിവ് എല്ലാവർക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്‌ധപ്പെട്ടു ജീവിച്ച ചിലർ ഭക്ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്സാക്‌ഷി ദുർബലമാകയാൽ അതു മലിനമായിത്തീരുന്നു.നിന്റെ അറിവ് ക്രിസ്‌തു ആർക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിത്തീരുന്നു. ഇപ്രകാരം, സഹോദരർക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുർബലമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു. അതിനാൽ, ഭക്ഷണം എന്റെ സഹോദരനു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കിൽ, അങ്ങനെ സംഭവിക്കാതിരിക്കാൻവേണ്ടി ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
കർത്താവേ, അവിടന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ വിചാരങ്ങൾ അവിടന്ന് അകലെ നിന്നു മനസിലാക്കുന്നു. എന്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എന്റെ മാർഗങ്ങൾ അങ്ങേക്കു നന്നായറിയാം.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അവിടന്നാണ് എന്റെ അന്തരംഗത്തിനു രൂപം നൽകിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്‌ടിച്ചു; അവിടത്തെ സൃഷ്‌ടികൾ അദ് ഭുതകരമാണ്. എനിക്കതു നന്നായി അറിയാം.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
ദൈവമേ, എന്നെ പരിശോധിച്ച് എൻ്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്‌ഷിച്ച് എന്റെ വിചാരങ്ങൾ മനസ്‌സിലാക്കണമേ! വിനാശത്തിൻെറ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്നു നോക്കണമേ! ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അല്ലേലൂയാ!
അല്ലേലൂയാ! (1 യോഹ 4 : 12). നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങളുടെ പിതാവു കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നൻമ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽനിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന ആർക്കും കൊടുക്കുക. നിന്റെ വസ്തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോടു തിരിയെചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ, നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേൻമയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നൻമ ചെയ്യുന്നവർക്കു നിങ്ങൾ നൻമ ചെയ്യുന്നതിൽ എന്തു മേൻമയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നു പ്രതീക്‌ഷിച്ച് വായ്‌പ കൊടുക്കുന്നതിൽ എന്തു മേൻമയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്‌ഷയിൽ പാപികളും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ, തിരിച്ചുകിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ളവർക്കു നൻമചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രൻമാരായിരിക്കുകയും ചെയ്യും. കാരണം, അവിടന്നു നന്‌ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.
നിങ്ങൾ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്‌ഷമിക്കുവിൻ; നിങ്ങളോടും ക്‌ഷമിക്കപ്പെടും. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങൾക്കും അളന്നു കിട്ടും.




