ജൂലൈ 28 ചൊവ്വ
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന്
(ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്മരിക്കണമേ. അതു ലംഘിക്കരുതേ)
എന്റെ കണ്ണുകളിൽനിന്ന് രാപകൽ കണ്ണീരൊഴുകട്ടെ; കണ്ണീർ പ്രവാഹം നിലയ്ക്കാതിരിക്കട്ടെ. എന്തെന്നാൽ, എന്റെ ജനത്തിന് മാരകമായി മുറിവേറ്റിരിക്കുന്നു. അവർ കഠിന മർദനത്തിനിരയായി. നാട്ടിൻപുറത്തു ചെന്നാൽ അവിടെ വാളാൽ വെട്ടിവീഴ്ത്തപ്പെട്ടവർ! നഗരത്തിൽ പ്രവേശിച്ചാൽ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവർ! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്സിലാകുന്നില്ല.
അവിടന്ന് യൂദായെ നിശ്ശേഷം പരിത്യജിച്ചുവോ? ഉള്ളു കൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖം പ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ് പ്രഹരിച്ചത്? ഞങ്ങൾ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാൽ പരിഭ്രാന്തിമാത്രം. കർത്താവേ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കൻമാരുടെ തെറ്റുകളും ഞങ്ങൾ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങൾ പാപം ചെയ്തു. അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്ത്വത്തിന്റെ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്മരിക്കണമേ; അതു ലംഘിക്കരുതേ. ജനതകളുടെ ദേവന്മാർക്കിടയിൽ മഴപെയ്യിക്കാൻ ശക്‌തിയുള്ള ആരെങ്കിലും ഉണ്ടോ? ആകാശത്തിന് മാരിവർഷിക്കാൻ കഴിയുമോ? ഞങ്ങളുടെ ദൈവമായ കർത്താവേ, അതു ചെയ്യുന്നവൻ അങ്ങു മാത്രമാണല്ലോ. അങ്ങിൽ ഞങ്ങൾ പ്രത്യാശവയ്ക്കുന്നു. ഇവയെല്ലാം പ്രവർത്തിക്കുന്നവൻ അവിടന്നാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!
ഞങ്ങളുടെ പൂർവികൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾക്കെതിരായി ഓർക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ തീർത്തും നിലംപറ്റിയിരിക്കുന്നു.
കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!
ഞങ്ങളുടെ രക്‌ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!
കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!
ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയിൽ എത്തട്ടെ! വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ! അപ്പോൾ,അങ്ങയുടെ ജനമായ ഞങ്ങൾ, അങ്ങയുടെ മേച്ചില് പുറങ്ങളിലെ ആടുകൾ, എന്നേക്കും അങ്ങേക്കു കൃതജ്ഞത അർപ്പിക്കും. തലമുറകളോളം ഞങ്ങൾ അങ്ങയുടെ സ്തുതികൾ ആലപിക്കും.
കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ!
അല്ലേലുയാ !
അല്ലേലൂയാ! വിത്ത് ദൈവവചനവും വിതക്കാരൻ ക്രിസ്ത വുമാണ്; അവന്റെയടുത്തു വരുന്നവരെല്ലാം നിത്യമായി നില നില്ക്കും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കളകൾ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ, അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും)
അക്കാലത്ത്, ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് യേശു വീട്ടിലേക്കു വന്നു. ശിഷ്യൻമാർ അവൻ അടുത്തുവന്ന് അപേക്ഷിച്ചു: വയലിലെ കളകളെ സംബന്‌ധിക്കുന്ന ഉപമ ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും! അവൻ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രൻമാരും, കളകൾ ദുഷ്‌ടന്റെ പുത്രൻമാരുമാണ്. അവ വിതച്ചശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്‌ത്തുകാർ ദൈവദൂതൻമാരും. കളകൾ ശേഖരിച്ച് അഗ്നിക്കിരയാക്കുന്നതെങ്ങനെയോ, അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതൻമാരെ അയയ്ക്കുകയും അവർ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപ ഹേതുക്കളും തിൻമ പ്രവർത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി അഗ്നികുൺഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോൾ നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.



