ജൂൺ 09 ചൊവ്വ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(ഏലിയാവഴി കർത്താവ് അരുൾചെയ്തതുപോലെ, കലത്തിലെ മാറി തീർന്നുപോയില്ല)
അക്കാലത്ത് ജോർദാൻ്റെ മറുകരയിൽ മഴ പെയ്യായ്കയാൽ, കുറെ നാളുകൾ കഴിഞ്ഞപ്പോൾ അരുവി വറ്റി. കർത്താവ് ഏലിയായോട് അരുൾചെയ്തു: നീ സീദോനിലെ സറേഫാത്തിൽ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്. ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവൻ അടുത്തുചെന്ന് കുടിക്കാൻ ഒരു പാത്രം വെള്ളം തരുക എന്നുപറഞ്ഞു. അവൾ വെള്ളം കൊണ്ടു വരാൻ പോകുമ്പോൾ അവൻ അവളോടു പറഞ്ഞു: കുറച്ച് അപ്പവും കൊണ്ടുവരുക. അവൾ പറഞ്ഞു: നിൻെറ ദൈവമായ കർത്താവാണേ, എന്റെ കൈയിൽ അപ്പമില്ല. ആകെയുള്ളത് കലത്തിൽ ഒരുപിടി മാവും ഭരണിയിൽ അല്പം എണ്ണയുമാണ്. ഞാൻ രണ്ടു ചുള്ളി വിറക് പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എൻ്റെ മകനും കഴിക്കണം. പിന്നെ ഞങ്ങൾ മരിക്കും. ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്ന് പറഞ്ഞതുപോലെ ചെയ്യുക. എന്നാൽ, ആദ്യം അതിൽ നിന്ന് ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു കൊണ്ടുവരണം; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക. എന്തെന്നാൽ, താൻ ഭൂമിയിൽ മഴ പെയ്യിക്കുന്നതുവരെ കലത്തിലെ മാവുതീർന്നുപോവുകയില്ല; ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. അവൾ ഏലിയാ പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം കഴിച്ചു. ഏലിയാ വഴി കർത്താവ് അരുൾചെയ്തതുപോലെ, കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ വറ്റിയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂർവം എന്റെ പ്രാർഥന കേൾക്കണമേ! മാനവരേ, എത്രനാൾ നിങ്ങൾ എന്റെ അഭിമാനത്തിനു ക്ഷതമേൽപിക്കും? എത്രനാൾ നിങ്ങൾ പൊള്ളവാക്കുകളിൽ രസിച്ച് വ്യാജം അന്വേഷിക്കും?
കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
കർത്താവു നീതിമാൻമാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടന്നു കേൾക്കുന്നു. കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽവച്ചു ധ്യാനിച്ചു മൗനമായിരിക്കുക.
കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
ഉചിതമായ ബലികൾ അർപ്പിക്കുകയും കർത്താവിൽ ആശ്രയിക്കുകയും ചെയ്യുവിൻ. ആര് നമുക്കു നൻമ ചെയ്യും? കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
കർത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5:16). മനുഷ്യർ നിങ്ങളുടെ സൽപ്രവത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. അല്ലേലൂയാ
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ലോകത്തിൻ്റെ പ്രകാശമാണ്)
അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു: നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാൽ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണം മറച്ചുവയ്ക്കുക സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, പീഠത്തിൻമേലാണു വയ്ക്കുക. അപ്പോൾ അത് ഭവനത്തിലുള്ള എല്ലാവർക്കും പ്രകാശം നല്കുന്നു. അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.




